Saturday, 24 September 2016

ഒറ്റ ചെമ്പകം ( ചെറു കഥ )
------------------------------------------------------------------------------
പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു അച്ചന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്നും എടുത്തു വീട്ടിലേക്ക് എടുത്തപ്പോള്‍ മുരളിയുടെ കൈകള്‍ വിറച്ചു ... അകത്തളത്തില്‍ കിടത്തി ചുറ്റും അരി വിതറി തലക്കല്‍ നാളികേരത്തില്‍ നെയ്‌ പകര്‍ന്നു തിരികത്തിച്ചു വെക്കുമ്പോള്‍ അച്ഛന്റെ ശാന്തമായ മുഖത്തേക്ക് ഒന്ന് പാളി നോക്കി ...
“മുരളീ ... ചോറ് പാത്രം എടുക്കാന്‍ മറക്കല്ലേ “....
മുരളിയുടെ കണ്ണില്‍ നീര്‍ പൊടിഞ്ഞു ... ചുറ്റിനും ഒന്ന് നോക്കിയപ്പോള്‍ സുതാര്യമായ മങ്ങിയ കണ്ണാടി ചില്ലിലൂടെ എന്നപോലെ സന്ധ്യയെ കണ്ടു ...
അവള്‍ ചുമരും ചാരി നില്കുകയായിരുന്നു...

“മുരളീ .... കുട്ടന്റെ കയ്യ് പിടിച്ചോണം ട്ടോ.. അവനെ ക്ലാസില്‍ ആക്കിയിട്ടു നീ നിന്‍റെ ക്ളാസ്സിലേക്ക് പോയാല്‍ മതി “...

മുരളി, കുട്ടന്‍ എവിടെ എന്ന് നോക്കി ...
കുറച്ചപ്പുറത്ത്‌ ജനാലയുടെ അഴി പിടിച്ചു പുറത്തേക്ക് നോക്കി നില്‍കുകയാണ്‌ അവന്‍ . അവനെ ചെന്ന് ഒന്ന് തൊടാന്‍ മുരളിക്ക് ആഗ്രഹം തോന്നി ..
വേണ്ട...അവന്‍ എങ്ങനെ ആവും റി ആക്ട് ചെയ്യുക എന്നറിയില്ല ...
ഉമ്മറത്തെ ക്ക് ചെന്നപ്പോള്‍ അവിടെ ചാര് കസേര ഒഴിഞ്ഞു കിടക്കുന്നു ...

“മുരളീ .. എന്‍റെ കണ്ണടയുടെ ചില്ല് പൊട്ടിയിരിക്കുന്നു .. നീ വരമ്പോള്‍ അതൊന്നു മാറ്റികൊണ്ടുവരണം . പത്രം ഒന്നും വായിക്കാന്‍ പറ്റുന്നില്ല “...

“ഇന്ന് മേടിക്കാം “..

“മുരളീ... മുറ്റത്തെ ചെമ്പകത്തില്‍ പൂവ് വിരിഞ്ഞു എന്ന് നോക്കിയോ” ..
.
“നോക്കി അച്ഛാ .. ഒന്നും വിരിഞ്ഞിട്ടില്ല”

അവിടെയും ഇവിടെയും ആളുകള്‍ കൂടി നില്കുന്നു. മുറ്റത്ത് ടാര്‍പോളിന്‍ കൊണ്ട് ഒരു പന്തല്‍ ഉയരുന്നു .. കസേരകള്‍ നിരത്തുന്നു ...
എല്ലാവരെയും അറിയിച്ചോ .. ഇനി ആരെ എങ്കിലും അറിയിക്കനുണ്ടോ ...
ചെവിയില്‍ ഒരു ശബ്ദം ചോദിക്കുന്നു ...
“ആരെ അറിയിക്കാന്‍ .. ഈ തൊടിയിലെ മാവും തെങ്ങും പൂക്കളും ചെടികളും എല്ലാം അറിഞ്ഞില്ലേ... ഞാനും കുട്ടനും സിന്ധുവും അറിഞ്ഞില്ലേ.. നിങ്ങള്‍ നാട്ടുകാര്‍ അറിഞ്ഞില്ലേ ... ഇനി ആരെ “..
“അല്ല... അവരെ അറിയിക്കേണ്ടേ?” ....
“വേണ്ട .. അവര്‍ എന്നൊന്നില്ല ... മുപ്പതു വര്‍ഷം മുന്‍പുവരെ അവര്‍ ഉണ്ടായിരുന്നു” ...

“ദേവൂ .. കുട്ടികളെ നോക്ക് ... മുരളീ ..കുട്ടനെ വികൃതി കാണിക്കല്ലേ “..അച്ഛന്‍ വരുമ്പോ ....
എനിക്ക് കളര്‍ പെന്‍സില്‍ മതി..
കുട്ടന് എന്താ വേണ്ടത് ? എനിക്ക് എനിക്ക് ഒരു പൂമ്പാറ്റ നെ മതി ...
അച്ഛന്‍ വന്നിട്ട് പിടിച്ചു തരാട്ടോ ..."""

ഞാന്‍ പോകുന്നു ... എന്നെ ഇനി അന്വേഷിക്കരുത് ... ഒറ്റക്കല്ല ... കൂടെ അയാളും ഉണ്ട് ... ഒരു തുണ്ട് കടലാസ്സില്‍ .. താഴെ വരിയില്‍ എന്ന് ദേവു’’
എന്‍റെ ദേവൂ...ഒറ്റ പ്രാവശ്യം അച്ഛന്‍ ഒന്ന് അലറി കരഞ്ഞു ...

ആ ദിവസത്തിനു ശേഷം മുപ്പതു വര്‍ഷം ....

പിന്നെ അച്ഛനില്‍നിന്നും അമ്മ യുടെ സ്ഥാനത്തേക്ക് ഒരു വേഷപകര്‍ച്ച കുളിപ്പിച്ചും, കളിപ്പിച്ചും , ഊട്ടിയും ,ഉറക്കിയും ....

കാലത്തിനു ചിറകുണ്ട് എത്ര പെട്ടന്നു ആണ് അത് ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലെക്കും, ,ഭാവിയിലേക്കും പറക്കുന്നത് ..

“അച്ഛാ .. ഇവള്‍ സന്ധ്യ ... ഞങ്ങളെ അനുഗ്രഹിക്കണം” ...

അമ്പലത്തിലേക്ക് കൂടെ വന്നു രണ്ടു തുളസി മാല എടുത്തു തന്നു
'മുരളീ .. ധ്യാനിച്ചു അവളുടെ കഴുത്തിലേക്കു അണിയിക്കൂ..'
--- മുരളീ ..കുട്ടനും കൂടി ഒരു കൂട്ട് വേണ്ടേ?'' ....
അവനോടു ചോദിക്ക് അച്ഛാ ... കൂട്ടുകാരി ഉണ്ടെങ്കില്‍ പറയാന്‍ ..
-----അച്ഛനും ഒരു കൂട്ട് വേണ്ടേ?''' ...
പോടാ അവിടുന്ന് .. ഞാനിപ്പോ സുഖായി കഴിയുന്നത്‌ നിനക്ക് പിടിക്കുന്നില്ല ല്ലേ ..

ഒഴിച്ച് കൂടാന്‍ ആവാത്ത ദിനചര്യ .ചാരുകസേരയില്‍ അമര്‍ന്നിരുന്നു അതിരാവിലെ പത്രം നോക്കുന്ന അച്ഛന്‍ ....
“അച്ഛനെന്തിനാ എപ്പോഴും ആദ്യം ചരമ കോളം നോക്കുന്നെ “...
“ഏയ്‌ .. ഒന്നും ഇല്ല “
“മരിച്ചിട്ടില്ല .... കൂടെ ഉള്ള ആള്‍ മരിച്ചുത്രേ ... അവര്‍ ഇപ്പൊ വയസ്സായി ആകെ അവശതയില്‍ ആണ്” ...

----മുരളീ .. ആ ഗ്രാമഫോണ്‍ ഒന്ന് ഓണ്‍ ആക്ക് .. പാട്ടൊന്നു കേള്‍ക്കട്ടെ ..
മുറിവേറ്റ ഹൃദയങ്ങള്‍ക്ക്‌ ഉള്ള ഒറ്റമൂലി ...

മുരളിഏട്ടാ .. അച്ഛന്‍ ..അച്ഛന്‍ ... തുരങ്കത്തില്‍ നിന്നും എന്നപോലെ സിന്ധു വിന്‍റെ കരച്ചില്‍
തുടകള്‍ മാന്തി പൊളിച്ചു .. നാവു നീട്ടി .. കണ്ണ് തുറിച്ചു ...ഒറ്റ കയറില്‍ ...

മിസ്ടര്‍ മുരളി ... വിഷമിക്കരുത് ... ടെസ്റ്റുകളില്‍ നിന്നും മനസ്സിലായത് ശ്വാസകോശത്തില്‍ ...
എസ് ഡോക്ടര്‍ ... റിസള്‍ട്ട് ഞാന്‍ കണ്ടു ..
carcinoma in lungs..
ശ്വാസകോശത്തില്‍ ചെറിയ കാന്‍സര്‍ ബാധ. തുടക്കം ആണ് . നമുക്ക് ചികിത്സിച്ചു ഭേധമാക്കം ...
“അച്ഛനോട് പറയാം” ...
ധീരമായി പോരാടി ജീവിതത്തില്‍ വിജയിച്ച അച്ഛന് ഇതിനെയും തോല്പിക്കാന്‍ കഴിയും .
-----അച്ഛാ .. അച്ഛന്‍ എവിടെ ആണ് തോറ്റത് .... ഒരിക്കലും അച്ഛന്‍ തോല്കില്ലെന്നു കരുതിയ ഞങ്ങളെ അച്ഛന്‍ തോല്‍പ്പിച്ച് കളഞ്ഞല്ലോ ...
ഏതു പാട്ടിനും കൃത്യമായി അച്ഛന്‍ താളം പിടിചിരുന്നല്ലോ ...പിന്നെന്തേ ഇപ്പോള്‍ ..ഏതു പാട്ടിനാണ് താളം പിഴച്ചത് ...
ഒറ്റ കയറില്‍ തൂങ്ങി ആടാന്‍ ആയിരുന്നോ പത്രത്തിലെ ചരമ കോളങ്ങള്‍ മാത്രം അച്ഛന്‍ നോക്കിയിരുന്നത് ...

“എന്നാല്‍ എടുക്കാം “... വീണ്ടും ഒരു ശബ്ദം കാതില്‍...

മണ്‍കുടത്തില്‍ വെള്ളം എടുത്തു ഈറന്‍ അണിഞ്ഞു മുന്നില്‍ ..പിറകെ കുട്ടനും..അവന്റെ മുഖം ഇപ്പോഴും നോക്കാന്‍ ഭയം ...
വലം വെച്ച് തിരിഞ്ഞു കുടം ഉടച്ചു തീ കൊളുത്തി ...

“മുരളീ .. നമുക്കൊരു ഫ്ലാറ്റും കൂടി വാങ്ങിയാലോ .കുട്ടന് വേണ്ടി ..
“വേണ്ട..അച്ഛാ ... എല്ലാരും ഒരുമിച്ചു ഇവിടെ .. ഇങ്ങനെ മതി...

“ഏട്ടാ .... കുട്ടന്‍റെ കണ്ണീര്‍ നെഞ്ചില്‍ വീണപ്പോള്‍ ചുട്ടുപൊള്ളുന്നു ...

“മുരളീ .... കുട്ടന്റെ കയ്യ് പിടിച്ചോണം ട്ടോ..അവന്‍ വീഴാതെ നോക്കണേ’’..

കുട്ടന്‍റെ കൈ പിടിച്ചു കത്തിയമരുന്ന ചിതയിലേക്ക് ഒരു വട്ടം കൂടി നോക്കി പിന്നെ പതുക്കെ പതുക്കെ വീട്ടിലേക്ക്....

ഉമ്മറത്ത് എത്തിയപ്പോ ചാരുകസേരയില്‍ അച്ഛന്‍ .... തുറന്നു നോക്കാത്ത പത്രവും കണ്ണടയും അടുത്ത ടീ പോയില് ...

--- “മുരളീ .. മുറ്റത്തെ ചെമ്പകം പൂവിട്ടോ ..

മുരളി ചെമ്പക മരത്തിലേക്ക് നോക്കിയപ്പോള്‍ ചെമ്പക ചെടിയില്‍ ഒരു പൂ മാത്രം പൂത്തു നില്കുന്നു ... അതിന്‍റെ സുഗന്ധം ആകെ അവിടെ പരക്കുന്നു ... കുട്ടന്‍റെ കൈ വിട്ടു മുരളി ആ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു .

3 comments:

Punaluran(പുനലൂരാൻ) said...

വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞു ..കൊള്ളാം അനുഭവം ആണോ കഥ ആണോ എന്ന സംശയം ബാക്കി ..

സുധി അറയ്ക്കൽ said...

നല്ല സങ്കടം തോന്നി.അടുത്ത കാലത്ത വായിച്ചതിൽ ഏറ്റവും വിഷമിപ്പിച്ച്‌ കഥ .

സുല്‍ |Sul said...

ManOharam...