Wednesday 22 December 2010

ശുക്കൂര്‍ സുന്ദരനാ - അവനൊരു ബല്ലാത്ത സംഭവമാ

ശുകൂര്‍ നല്ല സുന്ദരനാ . പുഴുങ്ങിയ കോഴിമുട്ട തോലുപൊളിച്ചത് പോലെയുള്ള മുഖവും അല്പം നീണ്ട കഴുത്തും , എണ്ണകറുപ്പ് മുടിയും ഒക്കെ ഉള്ള , മലബാറുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു " കുണ്ടന് "
രണ്ട് അക്ഷരം പറയാന്‍ തുടങ്ങിയ അന്നുമുതല്‍ ഇന്ന് വരെ " ക" എന്ന അക്ഷരം പറയിപ്പിക്കാന്‍ പെറ്റുമ്മ മുതല്‍ നാട്ടുകാര് വരെ പയറ്റിയിട്ടും ങേഹെ - അത് " ത" എന്നല്ലാതെ അവന്‍റെ വായില്‍ കൂടി പുറത്ത് വന്നിട്ടില്ല . "കാക്ക"ക്ക് "താത്ത" എന്നെ അവന്‍ പറയൂ .. ചുരുക്കത്തില്‍ "ജനിച്ചപ്പോഴേ "കൊഞ്ഞ " വരദാനമായി ഒടെ തമ്പുരാന്‍ അവന് കൊടുത്തു -പിന്നെ ബോണസ്സായി കുറച്ചു കുരുട്ടു വിദ്യകളും ..

മക്കരപ്പറമ്പു ഗവര്‍മെന്‍റ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം . .സ്കൂളിന്‍റെ അടുത്താണ് ഖല്‍ബ സിനിമാ തിയ്യേറ്റര്‍ - മിക്കാവാറും ആഴ്ചയില്‍ ഒരു ദിവസം ഉച്ചക്ക് സ്കൂളിന്‍റെ ജന്‍ല്‍ വഴി ക്ലാസ്സില്‍ നിന്നും സ്കൂട്ടായി "ഖല്‍ബ" യില്‍ പോയി സിനിമ കാണുന്നത് പതിവാക്കിയിരുന്നു ശുകൂര്‍ .

അന്നൊരു ദിവസം ....

ഖല്‍ബയില്‍ സിനിമ " ശര പഞ്ചരം " - സ്കൂളില്‍ നിന്നും സ്കൂട്ടായ ശുകൂര്‍ ഖല്‍ബയില്‍ എത്തി .. ടിക്കറ്റ് എടുക്കുന്നതിന് മൂന്‍പ് ഒരു സിഗരറ്റ് വാങ്ങി .. എന്നിട്ട് ടിക്കറ്റ് എടുത്തു കോട്ടകയില്‍ കയറി .. സിനിമ തുടങ്ങി .. ജയന്‍ കുപ്പായം എല്ലാം കഴിച്ചു "ആറ് കട്ട " ( six pack) മസ്സിലും കാട്ടി കുതിരയെ തടവുന്ന രംഗവും . അത് കണ്ടു നില്‍കുന്ന നടിയുടെ മുഖഭാവങ്ങളും എത്തിയപ്പോ ശുകൂര്‍ സിഗരേട്ട് എടുത്തു കയ്യില്‍ ആദ്യമേ കരുതിയിരുന്ന തീപ്പെട്ടി ഉരച്ചു കത്തിച്ചു സിഗരറ്റ് വലിക്കാന്‍ തുടങ്ങിയതും പിടലിക്ക് പിടുത്തം വീണു ..
ഇതാരപ്പാ എന്ന് തിരിഞ്ഞു നോക്കിയ ശുകൂര്‍ കണ്ടത് പോലീസിനെ ...

പോലീസ് അവനെയും കൊണ്ട് പുറത്തേക്ക് ....

........................................................................................................................................................

ശുകൂറിന്റെ വീടിനടുത്തുള്ള " മുക്രി" ആയ ഉമ്മര്‍ കാക്ക "സുബഹി " ബാങ്ക് കൊടുക്കാന്‍ വേണ്ടി അടുത്തുള്ള നിസ്കാര പള്ളിയിലേക്ക് പോയി - പോകുന്ന പോക്കില്‍ തലേന്ന് പെയ്ത മഴയില്‍ തളം കെട്ടി കിടക്കുന്ന ചളി വെള്ളത്തില്‍ കാല് തെന്നി വീണു കിടപ്പിലായിട്ടു അന്നേക്ക് രണ്ട് ആഴ്ച കഴിഞ്ഞു...

പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരം കവലയിലുള്ള, ഉമ്മര്‍കാക്കാന്‍റെ മകന്‍ നടത്തുന്ന ചായകടയില്‍ പേന്‍റും ഷര്‍ട്ടും കയ്യില്‍ ഒരു ഡയറിയും പിടിച്ചു ഒരാള്‍ വന്നു ചോദിച്ചു....
"കുളച്ചാലില്‍ ഉമ്മറിനെ അറിയുമോ ?"
ആ ചോദിക്കുന്നത് സ്വന്തം തന്ത പിടിയെ ആണല്ലോ എന്ന്‍ മനസ്സിലാകിയ ഉമ്മര്‍കാക്കാന്‍റെ മകന്‍ വെപ്രാളത്തോടെ ചോദിച്ചു .. അല്ല - എന്താ ? ങ്ങള്‍ ആരാ ?
ഞാന്‍ പോലീസാ ...
രബ്ബെ ... എന്തേ ?
മൂപ്പരെ പേരില്‍ ഒരു കേസ് ഉണ്ട് ..ഇത് കേട്ടതും ഉമ്മര്‍കാക്കാന്‍റെ മകന്‍ " ടിം"

പോലീസുകാരന്‍ ആകെ അമ്പര ന്നു ... ചാ യ മക്കാ നിയില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു..
" ങ്ങള് പറഞ്ഞ ആള് ഓന്‍റെ ബാപ്പയാ " മൂപ്പര് കിടപ്പിലായിട്ട് ആഴ്ച മൂന്ന് കഴിഞ്ഞു .. പള്ളിക്ക് പോയപ്പോ വീണതാ ...
അല്ലാ എന്താപ്പോ മൂപ്പറേ പേരിലുള്ള കുറ്റം ..

പോലീസ് കാരന്‍ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്ന്.. എന്നിട്ട് - ഹെയ് ഒന്നും ഇല്ല എന്നും പറഞ്ഞു എണീച്ചു ..

അല്ല .. ങ്ങള് പറയിന്‍..
അത് .. അത് .. സിനിമാ ടാക്കീസില്‍ നിന്നും സിഗരറ്റ് വലിച്ചതാ
ആര് ? ഉമ്മറുകാക്കെ ?
പോലീസുകാരന്‍ ഒന്നും പറയാതെ ചായപീടികയില്‍ നിന്നും ഇറങ്ങിപ്പോയി..

.................................................................................................................................................................
പോലീസ് പിടിച്ചപ്പോ ശുകൂര്‍ കൊടുത്ത അഡ്രെസ്സ് ... അതാ പറഞ്ഞത് ശുകൂര്‍ ഒരു സംഭവമാ