Wednesday, 7 September 2016

പൂച്ചകുട്ടി-ചെറു കഥ
--------------------------------------------------------------------
വളരെ തിരക്കുപിടിച്ച ഒരു ദിവസത്തിന്‍റെ ഒടുവില്‍ സന്ധ്യ കഴിയാന്‍ കുറച്ചു സമയം ബാക്കി ആയപ്പോഴാണ് വീട്ടില്‍ എത്തിയത് . നേര്‍ത്ത മഴയുടെ വെള്ളി നൂലുകള്‍ ആകാശത്തില്‍ നിന്നും വരുന്നുണ്ട് .കര്‍ക്കിടക മാസത്തില്‍ പെയ്യേണ്ട മഴയൊന്നും പെയ്തിട്ടില്ല . വീട്ടുകാരിയോട് ഒരു ചായക്ക് പറഞ്ഞു മുകളിലെ ബാല്‍ ക്കെണിയില്‍ ഒരു കസേരയില്‍ ഇരുന്നു പുറത്തേക്ക് നോക്കി ഇരുന്നു . അവിടെ ഇരുന്നാല്‍ തൊട്ടപ്പുറത്ത് ഉള്ള സര്‍പ്പ ക്കാവ് കാണാം . കാവിലെ വലിയ മരത്തില്‍ വവ്വാലുകള്‍ തൂങ്ങികിടപ്പുണ്ടാവും .മഴ പെട്ടെന്ന് നിന്ന് സന്ധ്യാവെയില്‍ പരന്നു . സ്വര്‍ണ്ണ കളറില്‍ ഉള്ള വെളിച്ചം .. ഈര്‍പ്പം തങ്ങി നില്‍കുന്ന അന്തരീക്ഷത്തില്‍ അത് ദൂരെ ഉള്ള വൃക്ഷ തലപ്പുകളിലും , തെങ്ങിന്‍ തലപ്പുകളിലും തട്ടി തിളങ്ങുന്നത് എത്രമാനോഹരമാണ് .
ദെ.. നിങ്ങള്‍ എവിടെ.. എന്തെടുക്കുവാ .. ഇതാ ചായ ..
വീട്ടു കാരി ആണ് . അവിടെ നിന്നും എണീറ്റ്‌ അവളുടെ കയ്യില്‍ നിന്നും ചൂടുചായ മേടിച്ചു വീണ്ടും കസേരയില്‍ വന്നിരുന്നു...
"പിന്നേ.. മോള്‍ക്ക് ഇന്ന് ഒരു പ്രൊജക്റ്റ്‌ ഉണ്ട്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് , അത് ചെയ്യാന്‍ നിങ്ങളും കൂടെ ഒന്ന് സഹായിക്ക്.."
ഹോ-.. കുറച്ചു നേരം ഒന്നും ചെയ്യാതെ പുറത്തെ കാഴ്ചകള്‍ കണ്ടു അങ്ങിനെ ഇരിക്കാം എന്ന് കരുതിയതാ ...
"ഉപ്പച്ച്യെ ... മോള്‍ കുറെ എ 4 പേപ്പറുകളും പെന്‍സിലും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും കത്രികയും പശയും ഒക്കെ ആയി വന്നു .. ഇനി അവള്‍ പറയുമ്പോലെ ഒക്കെ വെട്ടി ഒട്ടിക്കണം .."
പേപ്പറില്‍ മാര്‍ജിന്‍ ഇടാന്‍ ഒരുങ്ങുമ്പോള്‍ ആണ് താഴെ വീട്ടിലെ മുറ്റത്ത് രണ്ടു പൂച്ച കുട്ടികള്‍ കളിക്കുന്നത് കണ്ടത് . രണ്ടു കറുത്ത പൂച്ച കുട്ടികള്‍.
അവര്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ തമ്മില്‍ കെട്ടി മറിഞ്ഞു , പിന്നെ കുറച്ചു ഓടി , പിന്നെ യും കെട്ടിമറിഞ്ഞ് ...നല്ല കളി ..
കുട്ടികള്‍ .. അവ മനുഷ്യരുടെത്യാലും , മൃഗങ്ങളുടെതായാലും , മറ്റു ജീവ ജാലങ്ങളുടെത് ആയാലും , ബാല്യത്തില്‍ അവര്‍ക്ക് ഒക്കെ നൈസര്‍ഗികമായി ഉള്ള താണ് .കളി . കുട്ടികള്‍ കളിക്കണം .. കളിച്ചു വളരണം . ഓരോ കളിയിലും പലതും പഠിക്കാനുണ്ട് .. ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ട പാഠങ്ങള്‍ ..
"ഉപ്പാ .. ങ്ങള്‍ എന്താ വരക്കാത്തെ ...അപ്പോഴാണ് സ്കെയിലും പെന്‍സിലും കയ്യില്‍ പിടിച്ചു ഞാന്‍ പൂച്ചകുട്ടികളുടെ കളി കാണുകയായിരുന്നല്ലോ എന്നോര്‍ത്തത് ..
നോക്ക്.. രണ്ടു പൂച്ചകുട്ടികള്‍ .. അവര്‍ കളിക്കുകയാണ്
"ഈ ഉപ്പച്ചിക്കെന്താ ... അവര്‍ കളിച്ചോട്ടെ .. ങ്ങള്‍ ഞാന്‍ പറഞ്ഞത് ചെയ്തു തരീം .."
പേപ്പറില്‍ മാര്‍ജിന്‍ ഇടാന്‍ സ്കെയില്‍ എടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു .." മോള്‍ കളിയ്ക്കാന്‍ പോയില്ലേ .."
"ഹും. കളി .. എത്രയാ വരക്കാനും , എഴുതാനും.."
മ്യാവൂ.. മ്യാവൂ എന്ന് നിര്‍ത്താതെ ഉള്ള ശബ്ദം കേട്ടപ്പോള്‍ ഞാന്‍ വീണ്ടും പൂച്ച കുട്ടികളെ നോക്കി .. അപ്പോള്‍ അടുത്തുള്ള മുരിങ്ങ മരത്തിന്‍റെ ഉയരം ഉള്ള ഒരു കൊമ്പില്‍ ഒരു പൂച്ചകുട്ടി അള്ളി പിടിച്ചിരിക്കുന്നു. മറ്റേ പൂച്ചകുട്ടി താഴെ മരത്തിലേക്ക് രണ്ടുകാലും ഉയര്‍ത്തി വെച്ച് മേല്പോട്ട് നോക്കി നില്കുന്നു. രണ്ടു പൂച്ചകുട്ടികളും കരയുന്നുണ്ട് . പാവം മുകളിലെ പൂച്ചകുട്ടിക്കു താഴേക്ക്‌ ഇറങ്ങാന്‍ വയ്യെന്ന് തോന്നുന്നു. തഴെക്ക് ചാടാന്‍ അത് ഇടയ്ക്കു ശ്രമിക്കുന്നുണ്ട് ..
എന്‍റെ മനസ്സു അസ്വസ്ഥമാകാന്‍ തുടങ്ങി .. ഇനി അതിനു ചാടാന്‍ കഴിയില്ലേ ..അഥവാ ചാടിയാല്‍ തന്നെ അതിനു എന്തെങ്കിലും പറ്റുമോ ...
“ഉപ്പാ .. ങ്ങള്‍ എന്താ സ്വപനം കാണാണോ... ഇതൊന്നു വരച്ചു തരീ ...”
മോളെ.. ആ പൂച്ചകുട്ടിക്കു മരത്തിന്മേല്‍ നിന്നും ഇറങ്ങാന്‍ വയ്യ .. നോക്ക് അത് താഴേക്ക് നോക്കുന്നു .. കരയുന്നും ഉണ്ട്.
“അത് എങ്ങിനെ എങ്കിലും ചാടിക്കൊള്ളും .. നിങ്ങള്‍ ഇത് ഒന്ന് ശെരിയാക്കി തരീ.. ദേവികയുടെ പ്രോജെക്ടിനെക്കാള്‍ നന്നാവണം എന്റേത്.”
ഞാന്‍ വീണ്ടും വരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ .. വരയെല്ലാം കൃത്യമായ അളവില്‍ ആവുന്നില്ല. ശ്രദ്ധ ഇടയ്ക്കു മുരിങ്ങ മരത്തിലേക്ക് പോയ്കൊണ്ടിരുന്നു .. പൂച്ചകുട്ടി ഇപ്പോള്‍ കുറെ കൂടി ശ്രമിക്കുന്നുണ്ട് .. ഞെങ്ങി ഞെരുങ്ങി അതിന്റെ തല കീഴ്പോട്ടെക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു .. താഴെ ഉള്ള പൂച്ചകുട്ടി മുരിങ്ങമരത്തില്‍ മുന്കൈകൊണ്ട് മാന്തുകയും കരയുകയും ചെയ്യുന്നു...
“ഈ ഉപ്പച്ചിക്ക് ഒരു മാര്‍ജിന്‍ വരക്കാനും കൂടി അറിയില്ല.. ഞാന്‍ വര ച്ചോളാം”
മോള്‍ ഞാന്‍ വരച്ചിരുന്ന പേപ്പറും പെന്‍സിലും സ്കെയിലും , ഒക്കെ എടുത്ത് കൊണ്ട് നിലത്തിരുന്നു .. ഞാന്‍ പൂച്ചകുട്ടികളെ തന്നെ നോക്കി ..
അപ്പോള്‍ വളരെ പ്രയാസപെട്ടു മുകളില്‍ നിന്നും ആ കറുത്ത പൂച്ചകുട്ടി മരത്തിലൂടെ തല കീഴ്പോട്ടാക്കി നിലത്തേക്കു ഊര്‍ന്നിറങ്ങി. പിന്നെ രണ്ടും കൂടി തൊട്ടപ്പുറത്തെ തൊടിയിലേക്ക്‌ ഓടിപ്പോയി..