Tuesday 3 July 2018

ഓത്ത് പള്ളി

ഓത്ത് പള്ളിയിൽ അന്ന് നമ്മൾ പോയിരുന്ന കാലം….”
ചാര് കസേരയില്‍ കണ്ണടച്ച് കിടക്കുമ്പോള്‍ വി.ടി. മുരളിയുടെ ശബ്ദ മാധുര്യം കാതില്‍ ...
-------
"ഉറക്കെ *ഓതിക്കാണി..."
അബ്ദുള്ള മൊല്ലാക്ക വടി മേശമേല്‍ രണ്ടുവട്ടം അടിച്ചു .ക്ലാസിലുണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായി ...
"അഊദു ബില്ലാഹി മിന ശൈത്വാനി റജീം ....
ബിസ്മില്ലാഹി റഹ്മാനി റഹീം""
ഒരേ ഈണത്തില്‍ ആണ്കുട്ടികളും പെണ്‍കുട്ടികളും ഖുറാന്‍ പാരായണം തുടങ്ങി ...
തലയില്‍ ഒരു വട്ടകെട്ടും വെള്ളി താടിയും പഴകി തുന്നിയ കുപ്പായവും, കാൽമുട്ടിന് തൊട്ടു താഴെ വെച്ച് ഉടുത്ത മുണ്ടുമായി
മെലിഞ്ഞു ഉണങ്ങിയ മൊല്ലാക്കയുടെ കഴുത്തിലെ തൊണ്ട മുഴക്കു സാമാന്യത്തിലധികം വലിപ്പം ഉണ്ടായിരുന്നു . സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അത് മുകളിലേക്കും കീഴ്പോട്ടും ഉരുളുന്നത് കാണാം ...
തറവാട് വക യുള്ള സ്കൂളില്‍ രാവിലെ 6 മണി മുതല്‍ 9 മണിവരെ നടക്കുന്ന ഓത്തു പള്ളിയിലെ മൊല്ലാക്ക ആണ് അദ്ദേഹം ...തറവാടിനോട് തൊട്ടു ചാരി ആണ് പുല്ല് മേഞ്ഞ സ്കൂള്‍.
ഉപ്പപ്പാന്‍റെ ഉപ്പ തുടങ്ങിയതാണ് സ്കൂളും ഓത്തുപള്ളിയും .അദ്ദേഹം മരിച്ചതിനു ശേഷം ഉപ്പപ്പയാണ് ഓത്തുപള്ളി നടത്തിയിരുന്നത് ..
കുട്ടികളുടെ ഓത്ത് ശ്രദ്ധിക്കുന്നതോടൊപ്പം കയ്യിലെ *തസ്ബീഹ് മാലയില്‍ മണികള്‍ ഓരോന്നായി മറിഞ്ഞു കൊണ്ടിരുന്നു .മോല്ലാക്കാ ന്‍റെ
ചങ്കിലെ മുഴ മുകളിലേക്കും താഴേക്കും ഉരുണ്ടു കളിക്കുന്നതും നോക്കി കുട്ടികള്‍ ഉറക്കെഓതി കൊണ്ടിരുന്നു
അമ്മായി ഓത്ത്പള്ളിയുടെ വാതില്ക്കല്‍ വന്നു തല നീട്ടി . മൊല്ലാക്ക തസ്ബീഹ് ചൊല്ലല്‍ നിറുത്തി ,..
അമ്മായിയുടെ വരവ് ഒരു സൂചന ആണ്. മൊല്ലാക്കാക്ക് ചായ കുടിക്കാന്‍ ഉള്ള സമയം . ഉപ്പപ്പാ ന്‍റെ കൂടെ ആണ് ചായ. പപ്പടം പൊരിച്ചതും കട്ടന്‍ ചായയും ..
മൊല്ലാക്ക വടി ഒന്നും കൂടി മേശമേല്‍ അടിച്ചു ...
"എല്ലാരും പുറത്തു *പാത്താന്‍ പൊയ്ക്കോളീ .." പാത്തി * മനോരിച്ചു ,*വുളും എടുത്തു വന്നോളീ ...
--ന്‍റെ കുട്ടിക്ക് പപ്പടം മാണോ ....
പാത്താന്‍ പോകാതെ ഉപ്പപ്പാ ന്‍റെ അടുത്തേക്ക് ചെന്നപ്പോള്‍ കൂടെ ഇരുന്നു ചായയും പപ്പടവും തിന്നുന്ന മൊല്ലാക്ക ചോദിച്ചു ..
തല ആട്ടിയപ്പോ ഒരു പപ്പടം തന്നു . അത് കടിച്ചു പൊട്ടിച്ചു തിന്നു . കയ്യില്‍ പറ്റിയ പൊരിച്ച പപ്പടത്തിന്റെയും എണ്ണയുടെയും മണം...കൈ തുടക്കാതെ മണത്തും കൊണ്ട് തന്നെ ഓത്തുപള്ളി യിലേക്ക്പോ യി...
ഇന്ന് *ബറാത്ത് രാവ് ആണ് ...വൈകുന്നേരം എല്ലാരുംപൊരെന്നു മൂന്നു വട്ടം യാസീന്‍ ഓതാന്‍. മൊല്ലാക്ക പറഞ്ഞു ..
.....
“അസ്സലാത്തു അലന്നബി വസ്സലാമു അല റസൂൽ
അശ്ശഫീഹിൽ അബ്തഹീ വൽഹബ്ബെബിൽ യാറബീ…”
വൈകുന്നേരം തറവാട്ടില്‍ *മൌലീദ് തുടങ്ങി. എല്ലാ കൊല്ലവും ബറാത്ത് രാവിനു മൌലീദു ഉണ്ടാവും . മൊല്ലാക്കയുടെ നേതൃത്വത്തില്‍ ആണ് മൌലീദ് ...
അത് കഴിഞ്ഞാല്‍ തേങ്ങാ ചോറും , ഇറച്ചിയും ,പപ്പടം പൊരിച്ചതും വിളമ്പും . വലിയ വട്ട പാത്രത്തില്‍ ചോറ് വിളമ്പി അതിന്‍റെ മേലെ ഇറച്ചി കൂട്ടാനും ഒഴിക്കും. അതിനു ചുറ്റും വട്ടത്തില്‍ രുന്നു എല്ലാരും വാരി തിന്നും ...
മൊല്ലാക്കാ ന്‍റെ കുട്ടി ബാ ... മൊല്ലാക്ക വിളിച്ചു. അടുത്ത് ചെന്നിരുന്നു .
...ന്നാ പപ്പടം. ഒരു വലിയ പപ്പടം എടുത്തു തന്നു... അതും തിന്നു അവിടെ നിന്ന് എണീറ്റ്‌കൈ മണത്തുനോക്കി ... ഹാ .. നല്ല മണം ....
......
“ അസ്സലാമു അലൈക്കും എന്തുണ്ട് മോനേ! ബിസേസങ്ങള്…?”
വായ്‌ നിറയെ ചിരിയുമായി , കാലന്‍ കുടയും കയ്യില്‍ ഏന്തി പഴകി തുന്നിയ കുപ്പായവും, കാല്മുെട്ടിന് തൊട്ടു താഴെ വെച്ച് ഉടുത്ത മുണ്ടുമായി മുൻപിൽ മൊല്ലാക്ക.
വ..അലൈക്കും അസ്സലാം..
നല്ല വിശേഷം....
അനക്കെത്ര ലീവ് ഉണ്ട്...
ഞാൻ ഇനി പോണില്ല..
പോക്കറ്റിൽ നിന്ന് കുറച്ചു പൈസ എടുത്ത് മൊല്ലാക്കായുടെ കയ്യിൽ കൊടുത്തു..
-ന്‍റെ കുട്ടീനെ പടച്ചോൻ കാക്കട്ടെ....
ശ്വാസം എടുക്കാൻ പാടുപെട്ടു കൊണ്ട് മൊല്ലാക്ക പറഞ്ഞു..തൊണ്ടയിലെ മുഴ ഉരുണ്ടു കളിച്ചു...
കുടയും ചൂടി പ്രാഞ്ചി പ്രാഞ്ചി മൊല്ലാക്ക പോകുന്നത് നോക്കി നിന്നു
............
തൂ വെള്ള മുണ്ട് പുതച്ചു നീണ്ടു നിവര്‍ന്നു കിടക്കുന്നു മൊല്ലാക്ക .ചുറ്റും ആരൊക്കെയോ ഖുറാന്‍ ഓതുന്നു ..
ആരോ മുഖത്തെ വെള്ള വസ്ത്രം നീക്കി ... ചെറു പുഞ്ചിരിയോടെ മൊല്ലാക്ക ഉറങ്ങുന്നു... സൂക്ഷിച്ചു നോക്കി .. കഴുത്തിലെ വലിയ മുഴ ഇപ്പൊ കാണുന്നില്ല ...
മൊല്ലാക്കയെ ഒന്ന് തൊടണം എന്ന് തോന്നി .. കവിളത്ത് ഒന്ന് തൊട്ടു .. പിന്നെ കയ്യ് പിന്‍വലിച്ചു പുറത്തേക്ക് നടന്നു ..
ആരും കാണാതെ കയ്യ് മണത്തുനോക്കി ...
പൊരിച്ച പപ്പടത്തിന്‍റെയും വെളിച്ചെണ്ണ യുടെയും മണം ..
-----
*ഓത്ത്.... പാരായണം
* തസ്ബീഹ്--മന്ത്രം ഉരുവിടുക
*പാത്തുക ...മൂത്രം ഒഴിക്കുക
* മനോരിക്ക .. കഴുകുക
*വുളു ---അംഗ ശുദ്ധി
* ബ റാ ത്ത് ---ഒരു വിശേഷപെട്ട ദിവസം
* മൌലീദ് --പ്രവാചക സ്തുതി

Monday 25 June 2018

പെരുന്നാൾ



മേലാസകലം എണണ തേച്ചു പുറത്ത് നിറുത്തിയിരിക്കുകയാണ് ഞങ്ങളെ, . ഞാനും അനിയന്‍ കുഞ്ഞാവയും  എളേപ്പായുടെ  മകളും

“ഒച്ച ഇടാതെ പോയിം അവിടുന്ന്”

ഉപ്പപ്പ ഉച്ച എടുത്തു...

പുറത്ത് നിന്നും പൂമുഖത്തെ ജനവാതിലിലൂടെ അകത്തേക്ക് എത്തിനോക്കി ...

കഞ്ഞിമുക്കിയ വെളുത്ത മല്ലു തുണിയിലും ഇറക്കം കുറഞ്ഞ കുപ്പായത്തിലും കട്ടിലില്‍ ചാരി കിടന്നു അപ്പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു ഉപ്പപ്പ.,,

ഒന്നുപ്പാ ... ഞങ്ങള്‍ ഉപ്പപ്പയെ വിളിക്കുന്നത്‌ അതാണ്‌ .
ഉപ്പപ്പ തിരിഞ്ഞു നോക്കി .. പൂ നിലാവുപോലെ മുഖത്ത് പുഞ്ചിരി ... ചുണ്ടുകള്‍ അപ്പോഴും തസ്ബീ ഹ് ഉരുവിടുന്നു ..

കണ്ണുകൊണ്ട് ആഗ്യം  കാണിച്ചപ്പോ അടുത്തേക്ക് ചെന്നു..

അമ്മായി അപ്പോള്‍ ഒരു പാത്രത്തില്‍ പൊരിച്ച പപ്പടവും കട്ടന്‍ ചായയും കൊണ്ട് വന്നു കട്ടിലിന്റെ അടുത്ത് ഉള്ള മേശയില്‍ വെച്ചു..

ഉപ്പുപ്പാ ന്‍റെ രാവിലത്തെ ഭക്ഷണം ആണ്..
ഇന്ന് ചെറിയ പെരുന്നാള്‍ ആയതു കൊണ്ടാവും വലിയ പപ്പടം .

മക്കര പറമ്പില്‍ നിന്നും വന്നിരുന്ന പപ്പടക്കാരന്‍ കാക്ക തലയില്‍ കൊട്ടയും ഏന്തി കൈകള്‍വീശി വീശി സ്കൂള്‍ മുറ്റത്തുകൂടെ വീട്ടിലേക്ക് വന്നിരുന്നു ..
കൈകള്‍ കൊണ്ട് പിടിക്കാതെ എങ്ങനെയാ പപ്പടകുട്ട തലയില്‍ ഇങ്ങനെ ഇരിക്കുന്നത് ആവോ !!

ന്നാ .. പപ്പടം .. ഉപ്പൂപ്പ ഒരു വലിയ പപ്പടം എടുത്തു തന്നു ..

“ഈ ചെറുക്കന്‍ എണണ മുഴുവനും മേത്ത് ആക്കും.
അന്‍റെ  മ്മാനോട്  കുളിപ്പിച്ച് തരാന്‍ പറയ്‌ "

അമ്മായി അകത്തേക്ക് പോയപ്പോള്‍ ഉപ്പൂ പ്പാനെ തോണ്ടി ...

ആ തോണ്ട ലിന്‍റെ അര്ത്ഥം ഉപ്പൂപ്പാക്ക് അറിയാം . തലയിണ കീഴിലേക്ക് കൈകള്‍ നീണ്ടു . ഒരു ഒറ്റ രൂപയുടെ നാണയം കയ്യിലേക്ക് വെച്ച് തന്നു .
ആരും കാണാതെ അത് കൊണ്ട് പോയി ഉമ്മ തന്ന ഒരു രൂപയുടെ കൂടെ പുസ്തകത്തിനുള്ളില്‍ കൊണ്ട് വെച്ച്.

ഇനി അതുകൊണ്ട് പൊട്ടുന്ന തോക്കും കടലാസ് തിരയും മാങ്ങണം ..

അടുക്കളയില്‍ തേങ്ങാ ചോറിന്‍റെയുംയും, പോത്തിറച്ചിയു ടെയും മണം...

അള്ളാഹു അക്ബറു ല്ലാഹു അക്ബര്‍ ....
പള്ളിയില്‍ നിന്നും തക്ബീര്‍ ...

ബാവാ ..ഉമ്മയുടെ വിളി.. അനിയനെ കുളിപ്പിച്ച് കഴിഞ്ഞു ..

ഇനി എന്‍റെ ഊഴം ആണ് . തലയിലൂടെ വെള്ളം ഒഴിച്ച് പുതിയ വാസന സോപ്പ് കൊണ്ട് പതപ്പിച്ചു ചെകിരികൊണ്ട് ഉരച്ചു ഒരു കുളിപ്പിക്കല്‍ ..

തല തുവര്ത്തി  കഴിഞ്ഞപ്പോ ഉടനെ ഒരു ഓട്ടം..
പുതിയ ട്രൌസറും കുപ്പായും ഇട്ടു ...അമ്മായി രഹസ്യമായി സൂക്ഷിച്ചുവെച്ച അത്തറിന്‍ കുപ്പിയില്‍ നിന്നും അത്തര്‍ എടുത്തു കുപ്പായത്തില്‍ തേച്ചു ..

പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ച പൈസ എടുത്ത് പോക്കറ്റില്‍ ഇട്ടു .

ഇനി ഉച്ചക്ക് ചോറ് തിന്നു കഴിഞ്ഞാല്‍ ഉമ്മയും ഞാനും അനിയനും ഉമ്മയുടെ വീട്ടിലേക്കു പോവും ... .അപ്പൊ തോക്കും തിരയും വാങ്ങാം ന്നാ ഉമ്മ പറഞ്ഞത് ...
റൌണ്ട് തിര വാങ്ങണം .. എന്നിട്ട് അത് ഇങ്ങനെ പൊട്ടിക്കണം ...
ട്ടൊ ..ട്ടൊ ..ട്ടൊ ..
**  **  ***
ഉപ്പാ ... ങ്ങള്‍ എന്താ സ്വപ്നം കാണാ ...
സിറ്റ് ഔട്ടില്‍ കസേരയില്‍ ഇരുന്നു മഴ നോക്കി ഇരിക്കുന്ന എന്നോട് ചെറിയ മകള്‍ ചോദിച്ചു

എനിക്ക് കയ്യില്‍ മയിലാഞ്ചി ഇട്ടു തരോ ..

ഇത്താത്ത മാരുടെ കല്ല്യാണം കഴിഞ്ഞപ്പോ ചെറിയ വള്ക്ക്   മയിലാഞ്ചി  ഇട്ടുകൊടുക്കാന്‍ ആളില്ലാതെ ആയി...

എനിക്ക് ശെരിക്ക് ഇടാന്‍ അറിയൂല ...

ഇങ്ങള്ക്ക് കഴിയുണ മാതിരി ഇട്ടാ മതി ..
.
റെഡി മൈഡ് മയിലാഞ്ചി കോണ്‍ തന്നിട്ട് അവള്‍ പറഞ്ഞു ..
അവള്‍ കൈ നിവര്ത്തി  പിടിച്ചു മുന്നില്‍ നിന്നു..
*****
പള്ളി തൊടിയില്‍ ഒന്നുപ്പയുടെയും ഉപ്പയുടെയും ഉമ്മയുടെയും ഖബറുകളുടെ മീസാന്‍ കല്ലുകള്‍ക്കരികില്‍  മയിലാഞ്ചി ചെടികള്‍ ഈ മഴയത്ത് തളിര്‍ത്തു പൂത്തു നില്‍കുന്നു ....
.................................................................

ബാവ രാമപുരം
Bava Ramapuram