Sunday 16 November 2014

അകലങ്ങളിലേക്ക് .. ( ചെറുകഥ )


അയാള്‍ റെയില്‍ പാളത്തിലൂടെ നടന്നു സ്റേഷനില്‍ എത്തി . സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. വണ്ടി വരാറായിട്ടില്ല .അതൊരു ചെറിയ സ്റ്റേഷന്‍ ആണ്.. ഒരു ചെറിയ കെട്ടിടവും ഒരു ശൌച്യാലയവും . ഷീറ്റിട്ട പ്ലാറ്റ്‌ ഫോര്‍മും പിന്നെ നാലോ അഞ്ചോ ചാരുപടികളും. കുടിവെള്ളത്തിനു വേണ്ട രണ്ടു ടാപ്പുകളും ഉള്ള ഒരു സ്റ്റേഷന്‍ . പണ്ട് ഇത്രയും സൌകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല .ഒരു ഷീറ്റ് മേഞ്ഞ ചെറിയ ഒരു ഷെഡ്‌.മാത്രം . ദിവസം ആകെ രണ്ടു നേരം മാത്രം ഒരു പാസഞ്ചര്‍ ട്രെയിന്‍ . ബ്രിട്ടീഷുകാര്‍ ആണ് ആ സ്റ്റേഷന്‍ ഉണ്ടാക്കിയത്.. ദൂരെ ഉള്ള കാടുകളില്‍ നിന്ന് മരങ്ങളും മറ്റു കാട്ടു ഉത്പന്നങ്ങളും കൊണ്ട് പോവാന്‍ വേണ്ടി ഉണ്ടാക്കിയ റെയില്‍ പാത ..
ഇപ്പൊ ദിവസവും നാലോ അഞ്ചോ തവണ ട്രെയിന്‍ പോവുന്നുണ്ട്. ട്രെയിനുകളുടെ സമയ വിവര പട്ടിക തൂക്കിയ ഒരു ബോര്‍ഡ്‌ പ്രധാന കെട്ടിടത്തിന്‍റെ ചുമരില്‍ പതിച്ചിട്ടുണ്ട്.. അവിടെ ഇവിടെ ആയി രണ്ടോ മൂന്നോ പേര്‍ ചാര് ബെഞ്ച് കളില്‍ ഇരിക്കുന്നുണ്ട്
അയാള്‍ ടാപ്പില്‍ നിന്നും കുറെ വെള്ളം കുടിച്ചു.. എന്നിട്ട് ഒഴിഞ്ഞു കിടന്ന ഒരു ചാര് ബെഞ്ചില്‍ ഇരുന്നു..
ഇനി എന്ത് ? അതൊരു പ്രഹേളികയായി അയാളുടെ ചിന്താ മണ്ഡലത്തില്‍ കിടന്നു കറങ്ങാന്‍ തുടങ്ങി...
ഇവിടെ അവസാനിപ്പിച്ചാലോ .. പെട്ടന്ന് അങ്ങനെ ചിന്തിക്കാന്‍ തുടങ്ങി .. അതെ .. അതാണ്‌ നല്ലത് .. സ്വന്തം അസ്ഥിത്വം പോലും തിരിച്ചറിയാത്ത വന് അതാണ്‌ നല്ലത്..
സ്റ്റേഷനിലേക്ക് വീണ്ടും ആളുകള്‍ വരാന്‍ തുടങ്ങി..
ട്രെയിന്‍ വരാന്‍ അപ്പോള്‍ ഇനി അധിക സമയം ഉണ്ടാവില്ല. അയാള്‍ അയാളുടെ മരണം എങ്ങനെ ആയിരിക്കും എന്ന് മനസ്സില്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കി...
ട്രെയിന്‍ അടുത്ത് വരുന്നതോടെ ബെഞ്ചില്‍ നിന്നും എണീറ്റ് കണ്ണ് ചിമ്മി ഒറ്റ ചാട്ടം .. എല്ലുകള്‍ ഒടിയുന്ന ഒരു ശബ്ദം .. പിന്നെ തണുത്ത ഇരുണ്ട ഗുഹക്കുള്ളിലൂടെ ഒറ്റയ്ക്ക് പോകുന്നതുപോലെ ...
അയാള്‍ തല കുടഞ്ഞു ...
അയാളുടെ തൊട്ടടുത്ത്‌ ഒരു മാന്യന്‍ ഇരിക്കുന്നു..
അയാള്‍ മൊബൈലില്‍ ആരോടോ സംസാരിക്കുകയാണ് .. ഭാര്യയോടാവാം .. മക്കളോട് ആവാം .. അമ്മയോടാവാം ..
അയാള്‍ ഓര്‍ത്തു അമ്മ .. ഈ സ്റ്റേഷനില്‍ നിന്ന് ഒരുപാടു കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ താന്‍ വണ്ടി കയറുമ്പോള്‍ ഓര്‍ത്തത് അമ്മയെ ആണ്.. അന്ന് ഒരു ഏഴാം ക്ലാസുകാര ന്‍റെ ഒളിച്ചോട്ടം ആരംഭിക്കുകയായിരുന്നു ..
കുരുത്തം കെട്ടവനേ .. നീ ഒരു കാലത്തും ഗുണം പിടിക്കില്ല .. എന്ന അമ്മയുടെ ശാപവചനം ഇപ്പോഴും തന്നെ പിന്തുടരുന്നുണ്ടോ എന്നയാള്‍ക്ക് തോന്നി ..
ഇന്ന് രാവിലെ ഈ സ്റ്റേഷനില്‍ വന്നിറങ്ങിയത് ജീവിച്ചിരിക്കുന്നു എങ്കില്‍ വീണ്ടും അമ്മയെ കാണാന്‍ ആണ് .. എപ്പോഴാണ് തനിക്ക്‌ ആ ആഗ്രഹം ഉണ്ടായത് ?
ഈ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങി ഇപ്പോള്‍ ഇവിടെ തന്നെ യാത്ര അവസാനിപ്പിക്കുമ്പോള്‍ ഇടയില്‍ കൊഴിഞ്ഞു വീണത്‌ എത്ര കാലം .. എന്തെല്ലാം കര്‍മ്മ കാണ്ഡങ്ങള്‍ .. പല സ്ഥലത്തും പല പേരില്‍ .. ചായ്‌ വാല.. കൂലിവാല.. ടോബി വാലാ.. മാസ്ടെര്‍ ..മദ്രാസ്സീ .. സത്യത്തില്‍ തന്‍റെ പേര്‍ എന്താണ്!!!..
അവസാനം ബോംബെയിലെ ഒരു ഗല്ലിയില്‍ ഒരു ഹോട്ടലില്‍ ജോലി .. അവിടെ എല്ലാവരും തന്നെ വിളിച്ചത് മദ്രാസ്സീ .. എന്ന്.
തേരി മാം കീ ..... .. കൂടെ ഉള്ളവ ന്‍റെ അസഭ്യം അസഹനീയ മായപ്പോള്‍ അവന്‍റെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.. മൂക്കില്‍ നിന്നും രക്തം വന്നു അവന്‍ നിലവിളിച്ചു . ഹോട്ടലുടമയും അവന്‍റെ ഭാഗം പറഞ്ഞപ്പോള്‍ .. പിന്നെ അവിടെ നിന്നില്ല ..
മനസ്സില്‍ അവന്‍റെ അസഭ്യം വീണ്ടും മുഴങ്ങി .. നിന്‍റെ അമ്മയുടെ....
അപ്പോഴാണ്‌ അമ്മ യെ കുറിച്ച് വീണ്ടും ഓര്‍ത്തത്‌..
അമ്മ ..ഒന്ന് കാണാന്‍ കൊതി തോന്നി.. പിന്നെ യാത്രയായിരുന്നു ..
ഒടുവില്‍ ഈ സ്റ്റേഷനില്‍ വന്നിറങ്ങി..
പണ്ടത്തെ ഏഴാം ക്ലാസുകാരന്‍ പിന്നിലാക്കി പോയ നാടല്ല ഇപ്പോഴുള്ളത് . ഇപ്പോഴത്തെ സ്റ്റേഷന് എതിര്‍ വശത്തായി വലിയ ഗോടൌന്‍ .. അതിലേക്കു നീണ്ടു പോകുന്ന വേറൊരു റയില്‍ പാത ..
സ്റ്റേഷനില്‍ കാലു കുത്തിയപ്പോള്‍ മേലാകെ രോമാഞ്ചം കൊണ്ടു. കയ്യില്‍ ഒരു തോള്‍ സഞ്ചി മാത്രം .. അതില്‍ പഴയ മുഷിഞ്ഞ തുണികള്‍ .. ആദ്യം ഒന്ന്‍ അമ്പരന്നെങ്കിലും ദിക്ക് മനസ്സിലാക്കി റെയില്‍ പാളത്തിലൂടെ വീട്ടിലേക്ക് നടന്നു..
പണ്ട് പാള ത്തിനു ഇരു വശവും നെല്‍ കൃഷിയുണ്ടായിരുന്നു .. സമൃദ്ധമായ നെല്പാടം .. ഇന്ന് അവിടെ ഇവിടെ ആയി കുറച്ചു നെല്ല് കാണുന്നുണ്ട് .. ചില സ്ഥലത്ത് വലിയ വാര്‍ക്ക കെട്ടിടങ്ങള്‍.. ഗ്രാമങ്ങളും ഇപ്പൊ കെട്ടിട വനങ്ങള്‍ ആയി കൊണ്ടിരിക്കുകയാണ് ..
നടന്നു നടന്നു അയാള്‍ ഒരു വളവില്‍ എത്തി .. വളവു തിരിഞ്ഞു റെയില്‍ അനന്തമായി മുന്നോട്ട് നീണ്ടു പോകുന്നു.. വളവില്‍ വലതു വശത്തേക്ക് ഉള്ള ഇറക്കം ഇറങ്ങിയാല്‍ ആദ്യത്തെ വീട് .. ഓല മേഞ്ഞ വീട്..
അയാള്‍ ഇറക്കം ഇറങ്ങി .. പക്ഷെ ഓല മേഞ്ഞ വീട് കണ്ടില്ല .. ആ സ്ഥാനത് ഇരു നിലകളോട് കൂടിയ ഒരു മാളിക ..
അപ്പൊ തന്‍റെ വീട്. അയാല്‍ ആ മാളിക വീടിന്‍റെ ഗെയിറ്റിന്‍റെ അടുത്തേക്ക് ചെന്നു.. ഗെയിറ്റില്‍ .” മേലെ പുരയില്‍” എന്നെഴുതിയിരിക്കുന്നു .. അതെ. അത് തന്‍റെ വീട്ടു പേരാണ്. തന്‍റെ അസ്ഥിത്വം അവിടെ അടയാള പെടുത്തിയിരിക്കുന്നതായി അയാള്‍ക്ക് തോന്നി..
മെല്ലെ ഗേറ്റ് കടന്നു ഇഷിടിക കട്ടകള്‍ പതിച്ച മുറ്റത്തേക്ക് കയറി. ഉമ്മറത്ത്‌ ആരെയും കണ്ടില്ല.
കുറച്ചു കഴിഞ്ഞപ്പോ ഒരു ചെറിയ സുന്ദരി ആയ പെണ്‍കുട്ടി അകത്തു നിന്നും വന്നു .. അയാളെ കണ്ട ഉടനെ അവള്‍ അകത്തേക്ക് നോക്കി ..
--- അമ്മെ ഒരു പിച്ചക്കാരന്‍ വന്നിരിക്കുന്നു ...
അയാള്‍ ഒന്ന് ഞെട്ടി.. പിച്ചക്കാരന്‍ .. ഈ കാലമത്രയും അലഞ്ഞു തിരിഞ്ഞു നടന്നിട്ടും ഈ പേരില്‍ താന്‍ വിളിക്കപെട്ടിട്ടില്ല.. ഇപ്പോള്‍ സ്വന്തം വീട്ടു മുറ്റത്ത് ...
അകത്തു നിന്നും ഒരു സ്ത്രീ വന്നുനോക്കി പോയി .. പിന്നെ കുറച്ചു ചില്ലറ തുട്ടുകള്‍ അയാള്‍ക്ക്‌ കൊണ്ട് വന്നു കൊടുത്തു ..
യാന്ത്രികമായി അത് വാങ്ങിയ അയാള്‍ എന്തോ ചോദിക്കാന്‍ തുനിഞ്ഞ ഉടനെ സ്ത്രീയും കുഞ്ഞും അകത്തേക്ക് പോയി വാതില്‍ അടച്ചു..
എന്ത് ചെയ്യണം എന്നറിയാതെ കുറെ സമയം അവിടെ തന്നെ നിന്ന അയാള്‍ തിരച്ചു നടന്നു ...
സ്റ്റേഷനില്‍ ബെല്ല് മുഴഞ്ഞി.. അയാള്‍ ഭൂതകാലത്തിന്‍റെ കൂടാരത്തില്‍ നിന്നും പുറത്തേക്ക് വന്നു.. സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു പാടു ആളുകള്‍ .. തന്‍റെ അടുത്ത്‌ ഇരിന്നിരുന്ന ആള്‍ എണീച്ചു വണ്ടിയുടെ വരവും പ്രതീക്ഷിച്ചു നോക്കി നില്‍കുന്നു.. ഒരു ക്രീം കളര്‍ ഷര്‍ട്ടും അതെ കരയോടു കൂടിയ മുണ്ടും .ആണ് അയാളുടെ വേഷം.. ഏതെന്കിലും ഉദ്യോഗസ്ഥന്‍ ആവാം .. അല്ലെങ്കില്‍ ബിസിനസ്സ് കാരന്‍..
പല തരാം ആളുകള്‍ .. സ്ത്രീകള്‍.. പുരുഷന്മാര്‍.. കുട്ടികള്‍ .. എല്ലാവരും യാത്രക്ക് ഒരുങ്ങുകയാണ്.. പല ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍..
അയാള്‍ ആലോചിച്ചു.. താനും യാത്രക്ക് ഒരുങ്ങുകയാണ് .. ഇനി ഒരിക്കലും മടങ്ങി വരാത്ത യാത്ര..
വണ്ടിയുടെ ചൂളം വിളി കേട്ടു .. എല്ലാവരും തയ്യാറായി .. അയാള്‍ ചാര് കസേരയില്‍ നിന്നും എണീറ്റു ..വണ്ടി അടുത്തെത്താന്‍ തുടങ്ങി .. പെട്ടന്ന് അയാള്‍ കണ്ടു ഒരു ക്രീം കളര്‍ ഷര്‍ട്ട് വണ്ടിയുടെ മുന്നിലേക്ക്‌ ..
ഒരു ആര്ര്‍പ്പ് കേട്ടു .. അയാള്‍ ആകെ പരവശന്‍ ആയി ബെഞ്ചി ലേക്ക് തന്നെ ഇരുന്നു.. ആളുകള്‍ ഓടി കൂടി.. അയാള്‍ക്ക് ബോധം നഷ്ടപെടുന്നപോലെ..
കുറെ കഴിഞ്ഞപ്പോള്‍ ആംബുലന്‍സും .. പോലീസ് വണ്ടികളും വന്നു..ചോരയില്‍ കുളിച്ച മൃതദേഹം കൊണ്ട് പോയി.. ഒരുപാടു സമയത്തിനു ശേഷം ട്രെയിന്‍ ചലിച്ചു തുടങ്ങി..
അധികം തിരക്കില്ലാത്ത ഒരു കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞ ഒരു സീറ്റില്‍ ചാരി കിടന്നു അയാള്‍ തന്‍റെ അടുത്ത യാത്ര ആരംഭിക്കുകയായിരുന്നു ....