Thursday, 15 September 2016

മഞ്ഞ വെയില്‍ ( ചെറു കഥ )
-----------------------------------------
ഒരിക്കല്‍ അവന്‍ എഴുതിയത് അവള്‍ ഓര്‍ക്കുകയായിരുന്നു ....
പ്രഭാതത്തില്‍ ഒരു കപ്പു കാപ്പി ചുണ്ടോടു ചേര്‍ത്ത് തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോള്‍ ആണ് അവള്‍ക്ക് അവന്‍ കുറിച്ചിട്ട വരികള്‍ ഓര്‍മയിലെക്കെത്തിയത് ...
“ പുലരുമ്പോള്‍ പിന്നില്‍ നിന്നു നിന്‍റെ വലത്തെ തോളില്‍ താടി വെച്ചുകൊണ്ട് ജനലില്‍ കൂടി ഉദയം കാണണം എന്ന സ്വപ്നം കാണാന്‍ വേണ്ടി ഞാന്‍ ഉറങ്ങാന്‍ പോകുന്നു..ശുഭ രാത്രി “
അവള്‍ ഉദയം നോക്കി നിന്നു ... പിന്നെ പിന്നെ വെയില്‍ പരന്നു ..ഇപ്പോള്‍ ആകെ മഞ്ഞ നിറം. പ്രകൃതിക്കും പ്രണയത്തിനും മഞ്ഞ നിറമാണെന്ന് എവിടെയോ വായിച്ചതായി അവള്‍ ഓര്‍മിച്ചെടുത്തു ...
നമുക്കൊന്ന് കാണണ്ടേ ... അപ്രതീക്ഷിതമായി അവന്‍റെ മെസ്സേജു കണ്ടപ്പോള്‍ എന്താണ് മനസ്സില്‍ ഉണ്ടായ വികാരം എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഏറെ മൌനത്തിനു ശേഷം “കാണാം “ എന്ന് മാത്രം പറഞ്ഞു...
പിന്നീട് അതിനെ കുറിച്ച് ഒന്നും പറയാത്തപ്പോള്‍ ഒരുവേള ശങ്കിച്ചു .. ഹരി അത് മറന്നുപോയോ ....
എന്ന് കാണും, എവിടെ വെച്ച് കാണും എന്നുള്ള അവന്റെ ചോദ്യങ്ങള്‍ താന്‍ ആഗ്രഹിചിരുന്നുവോ ? അറിയില്ല . പക്ഷെ ഹരിയെ കാണണം എന്ന ഒരു തീവ്രമായ അഭിലാഷം അവളുടെ ആത്മാവില്‍ അങ്ങിനെ ഒട്ടിപ്പിടിച്ചു കിടന്നു .
ഹായ് .. ഹിമ ... ഞാന്‍ ഇതാ സ്വതന്ത്രനായിരിക്കുന്നു ... എന്‍റെ മുന്നില്‍ ഒരു പാത തെളിയുന്നു ... അതെത്തുക നിന്റെ നഗരത്തിലേക്ക് ആണ് . നിന്‍റെ നഗരത്തെ, നീ നടന്ന വഴികളെ, നിന്‍റെ അമ്മയെ , നീ കളിച്ചു വളര്‍ന്ന നിന്‍റെ വീടിനെ ,നീ കൈകൂപ്പിയ നടകളെ നിന്നെ പോലെ ഞാന്‍ സ്നേഹിക്കുന്നു ...അവയെല്ലാം ഇനി എന്റെതും കൂടി ആണ് .. ഞാന്‍ ഇതാ പുറപ്പെടുകയായി ...
മെസ്സേജു കണ്ടപ്പോള്‍ അവളുടെ ഹൃദയത്തില്‍ നിന്നും ചിത്ര ശലഭങ്ങള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നു ... അവനെ വരവേല്‍ക്കാന്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ച സ്നേഹത്തിന്‍റെ തുളസികതിരുമായി അവളുടെ ചേതന കാത്തിരുന്നു ...
ഹായ് .. ഹരി .. നിനക്ക് എന്‍റെ നഗരം എതാണെന്ന റിയുമോ ... എന്‍റെ വീട്ടിലേക്കുള്ള വഴി അറിയുമോ...
“എനിക്കറിയാം .. എന്‍റെ എല്ലാ വഴികളും നിന്നിലേക്ക്‌ മാത്രമാണ് ...
“ഇതെന്തു ഭ്രാന്താണ് ഹരീ ?... എന്‍റെ നഗരം ഒരുപക്ഷെ നിനക്ക് അറിയുമായിരിക്കും .. പക്ഷെ എന്‍റെ വീട്ടിലേക്കുള്ള വഴി ... അതെങ്ങിനെ അറിയും ?
ഹേയ് .. ഹിമ .. ഞാന്‍ പിന്തുടരും ... നീ പോലും അറിയാത്ത നിന്‍റെ ഗന്ധത്തെ ... അതെന്നെ നിന്നിലെക്കെത്തിക്കും ....
ഹോ .. ഇത് ഭ്രാന്താണ് ഹരീ .. ഒരു കിറുക്കന്‍ ..
അതെ –ഹിമ .. രണ്ടു പേരില്‍ ഒരാളുടെ ഭ്രാന്തു ഇല്ലാതായാല്‍ പ്രണയം മരിക്കും ...
“അരിയും പൂവും ഇടാന്‍ ഇനി ആരെങ്കിലും ബാക്കി ഉണ്ടോ ....”
ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി .. ഞാനുണ്ട് .. ഞാന്‍ അല്ലാതെ മറ്റാര്‍ക്ക് ആണ് അതിനു അവകാശം .. പക്ഷെ മനസ്സില്‍ നിന്നും വാക്കുകള്‍ തൊണ്ട കുഴി യിലെക്കെത്തുന്നതിനുമുന്നെ ചത്തിരുന്നു ...
ഹരീ .. നീ പറഞ്ഞത് പോലെ നീ സ്വതന്ത്രന്‍ ആയിരിക്കുന്നു.. എന്നാല്‍ നിന്‍റെ വഴി എന്നിലെക്കെത്തിയില്ല .. നിന്നിലേക്ക്‌ ആരോടൊക്കെയോ വഴി ചോദിച്ചു ഞാന്‍ എത്തിയിരിക്കുന്നു. നിന്‍റെ ഗന്ധം ശ്വസിക്കാന്‍ ഞാന്‍ ആവുന്നതും നോക്കി. എന്നാല്‍ മരണത്തിന്റെ ഗന്ധം പിന്തുടര്‍ന്നാണല്ലോ ഞാന്‍ നിന്നിലേക്ക്‌ എത്തിയത്.
“എഴുത്ത് ഒരു ഭ്രാന്ത് പോലെ ആയിരുന്നു ... ഇന്നലെ ഏറെ വൈകിയും എഴുതുകയായിരുന്നു ... രാവിലെ നേരത്തെ വിളിക്കണം എന്നും എനിക്ക് നഗരത്തില്‍ ഒരാളെ അന്വേഷിക്കാന്‍ പോകണം എന്നും പറഞ്ഞതായിരുന്നു ...
പക്ഷെ...
നീണ്ടു നിവര്‍ന്നു ഒരു യോഗിയെപോലെ .... സ്വപനം കാണുന്നതുപോലെ കണ്ണുകളടച്ചു ... ഹരീ .. നീ ഇപ്പോള്‍ എന്ത് സ്വപനം ആണ് കാണുന്നത് ...
അവള്‍ ഏറെ നേരം ജനലില്‍ കൂടി പുറത്തേക്ക് നോക്കി നിന്നു. തിരസ്കരിക്കപെട്ടവ ന്‍റെ പാത പോലെ വഴികള്‍ വളഞ്ഞും പുളഞ്ഞും പോകുന്നു . അടരാന്‍ ആവാതെ കണ്ണുനീര്‍ കണ്ണില്‍ തന്നെ തങ്ങി നില്കുന്നു.. അവള്‍ മിഴികള്‍ പൂട്ടി .
ഹരീ ... നിന്നെ ഓര്‍മിക്കുക എന്നാല്‍ പ്രാര്‍ഥിക്കുക എന്നാണു. മറുപടികിട്ടാത്ത പ്രാര്‍ത്ഥന .
-------
(ചില വരികള്‍ക്ക് Aacharya യുടെ സ്ടാടസുകള്‍ക്ക് കടപ്പാട് - അദ്ദേഹത്തിന്‍റെ അറിവോടെയും സമ്മതത്തോടെയും )

No comments: