Wednesday 22 December 2010

ശുക്കൂര്‍ സുന്ദരനാ - അവനൊരു ബല്ലാത്ത സംഭവമാ

ശുകൂര്‍ നല്ല സുന്ദരനാ . പുഴുങ്ങിയ കോഴിമുട്ട തോലുപൊളിച്ചത് പോലെയുള്ള മുഖവും അല്പം നീണ്ട കഴുത്തും , എണ്ണകറുപ്പ് മുടിയും ഒക്കെ ഉള്ള , മലബാറുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു " കുണ്ടന് "
രണ്ട് അക്ഷരം പറയാന്‍ തുടങ്ങിയ അന്നുമുതല്‍ ഇന്ന് വരെ " ക" എന്ന അക്ഷരം പറയിപ്പിക്കാന്‍ പെറ്റുമ്മ മുതല്‍ നാട്ടുകാര് വരെ പയറ്റിയിട്ടും ങേഹെ - അത് " ത" എന്നല്ലാതെ അവന്‍റെ വായില്‍ കൂടി പുറത്ത് വന്നിട്ടില്ല . "കാക്ക"ക്ക് "താത്ത" എന്നെ അവന്‍ പറയൂ .. ചുരുക്കത്തില്‍ "ജനിച്ചപ്പോഴേ "കൊഞ്ഞ " വരദാനമായി ഒടെ തമ്പുരാന്‍ അവന് കൊടുത്തു -പിന്നെ ബോണസ്സായി കുറച്ചു കുരുട്ടു വിദ്യകളും ..

മക്കരപ്പറമ്പു ഗവര്‍മെന്‍റ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം . .സ്കൂളിന്‍റെ അടുത്താണ് ഖല്‍ബ സിനിമാ തിയ്യേറ്റര്‍ - മിക്കാവാറും ആഴ്ചയില്‍ ഒരു ദിവസം ഉച്ചക്ക് സ്കൂളിന്‍റെ ജന്‍ല്‍ വഴി ക്ലാസ്സില്‍ നിന്നും സ്കൂട്ടായി "ഖല്‍ബ" യില്‍ പോയി സിനിമ കാണുന്നത് പതിവാക്കിയിരുന്നു ശുകൂര്‍ .

അന്നൊരു ദിവസം ....

ഖല്‍ബയില്‍ സിനിമ " ശര പഞ്ചരം " - സ്കൂളില്‍ നിന്നും സ്കൂട്ടായ ശുകൂര്‍ ഖല്‍ബയില്‍ എത്തി .. ടിക്കറ്റ് എടുക്കുന്നതിന് മൂന്‍പ് ഒരു സിഗരറ്റ് വാങ്ങി .. എന്നിട്ട് ടിക്കറ്റ് എടുത്തു കോട്ടകയില്‍ കയറി .. സിനിമ തുടങ്ങി .. ജയന്‍ കുപ്പായം എല്ലാം കഴിച്ചു "ആറ് കട്ട " ( six pack) മസ്സിലും കാട്ടി കുതിരയെ തടവുന്ന രംഗവും . അത് കണ്ടു നില്‍കുന്ന നടിയുടെ മുഖഭാവങ്ങളും എത്തിയപ്പോ ശുകൂര്‍ സിഗരേട്ട് എടുത്തു കയ്യില്‍ ആദ്യമേ കരുതിയിരുന്ന തീപ്പെട്ടി ഉരച്ചു കത്തിച്ചു സിഗരറ്റ് വലിക്കാന്‍ തുടങ്ങിയതും പിടലിക്ക് പിടുത്തം വീണു ..
ഇതാരപ്പാ എന്ന് തിരിഞ്ഞു നോക്കിയ ശുകൂര്‍ കണ്ടത് പോലീസിനെ ...

പോലീസ് അവനെയും കൊണ്ട് പുറത്തേക്ക് ....

........................................................................................................................................................

ശുകൂറിന്റെ വീടിനടുത്തുള്ള " മുക്രി" ആയ ഉമ്മര്‍ കാക്ക "സുബഹി " ബാങ്ക് കൊടുക്കാന്‍ വേണ്ടി അടുത്തുള്ള നിസ്കാര പള്ളിയിലേക്ക് പോയി - പോകുന്ന പോക്കില്‍ തലേന്ന് പെയ്ത മഴയില്‍ തളം കെട്ടി കിടക്കുന്ന ചളി വെള്ളത്തില്‍ കാല് തെന്നി വീണു കിടപ്പിലായിട്ടു അന്നേക്ക് രണ്ട് ആഴ്ച കഴിഞ്ഞു...

പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വൈകുന്നേരം കവലയിലുള്ള, ഉമ്മര്‍കാക്കാന്‍റെ മകന്‍ നടത്തുന്ന ചായകടയില്‍ പേന്‍റും ഷര്‍ട്ടും കയ്യില്‍ ഒരു ഡയറിയും പിടിച്ചു ഒരാള്‍ വന്നു ചോദിച്ചു....
"കുളച്ചാലില്‍ ഉമ്മറിനെ അറിയുമോ ?"
ആ ചോദിക്കുന്നത് സ്വന്തം തന്ത പിടിയെ ആണല്ലോ എന്ന്‍ മനസ്സിലാകിയ ഉമ്മര്‍കാക്കാന്‍റെ മകന്‍ വെപ്രാളത്തോടെ ചോദിച്ചു .. അല്ല - എന്താ ? ങ്ങള്‍ ആരാ ?
ഞാന്‍ പോലീസാ ...
രബ്ബെ ... എന്തേ ?
മൂപ്പരെ പേരില്‍ ഒരു കേസ് ഉണ്ട് ..ഇത് കേട്ടതും ഉമ്മര്‍കാക്കാന്‍റെ മകന്‍ " ടിം"

പോലീസുകാരന്‍ ആകെ അമ്പര ന്നു ... ചാ യ മക്കാ നിയില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു..
" ങ്ങള് പറഞ്ഞ ആള് ഓന്‍റെ ബാപ്പയാ " മൂപ്പര് കിടപ്പിലായിട്ട് ആഴ്ച മൂന്ന് കഴിഞ്ഞു .. പള്ളിക്ക് പോയപ്പോ വീണതാ ...
അല്ലാ എന്താപ്പോ മൂപ്പറേ പേരിലുള്ള കുറ്റം ..

പോലീസ് കാരന്‍ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്ന്.. എന്നിട്ട് - ഹെയ് ഒന്നും ഇല്ല എന്നും പറഞ്ഞു എണീച്ചു ..

അല്ല .. ങ്ങള് പറയിന്‍..
അത് .. അത് .. സിനിമാ ടാക്കീസില്‍ നിന്നും സിഗരറ്റ് വലിച്ചതാ
ആര് ? ഉമ്മറുകാക്കെ ?
പോലീസുകാരന്‍ ഒന്നും പറയാതെ ചായപീടികയില്‍ നിന്നും ഇറങ്ങിപ്പോയി..

.................................................................................................................................................................
പോലീസ് പിടിച്ചപ്പോ ശുകൂര്‍ കൊടുത്ത അഡ്രെസ്സ് ... അതാ പറഞ്ഞത് ശുകൂര്‍ ഒരു സംഭവമാ

Saturday 26 June 2010

അഞ്ചാം ക്ലാസ്സ്

എല്‍-പി സ്കൂളിലെ വിദ്യ അഭ്യാസം കഴിഞ്ഞു യു-പി സ്കൂളില്‍ എത്തിയപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും ലോക്കല്‍ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്താല്‍ സഖാക്കള്‍ക്ക് ഉണ്ടാവുന്ന ഒരു തരം ആവേശം ഉണ്ടല്ലോ , ആ ആവേശം ആയിരുന്നു എനിക്ക് .

ഞാന്‍ ചേര്‍ന്നത് പനങ്ങാങ്ങര ജി.യു.പി. സ്കൂളില്‍ ആയിരുന്നു. എന്‍റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ട്. അതിരാവിലെ തന്നെ എണീച്ചു തലയില്‍ എണ്ണ തേച്ച് കുളിച്ച് ഇലാസ്റ്റിക് റബ്ബര്‍ കൊണ്ട് പുസ്ഥ്കവും ചോറ് പാത്രവും വരിഞ്ഞു കെട്ടി , നിക്കറും , കുപ്പായവും ഇട്ട് ഒരു പോക്ക് ആണ് സ്കൂളിലേക്ക് ..

പണ്ട് മരയടി ( കാള പൂട്ട് ) മത്സരം നടത്തിയിരുന്ന സ്ഥലത്ത് ആണ് സ്കൂള്‍ . സ്കൂളിന്‍റെ മുന്‍വശം വിശാലമായ ഗ്രൌണ്ട്. മഴക്കാലത്ത് സ്കൂള്‍ മുറ്റം നിറച്ച് മഴ വെള്ളം കെട്ടിനില്ക്കും.

എന്‍റെ ക്ലാസ് ടീച്ചര്‍ എന്‍റെ ബാപ്പായുടെ തന്നെ കുടുംബത്തിലുള്ള "പാത്തുട്ടി ടീച്ചര്‍ " ആയിരുന്നു.

ടീച്ചര്‍ക്ക് ഒരു പ്രത്യേകത ഉണ്ട് .

ടീച്ചര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ടീച്ചറുടെ ദൃഷ്ടി യുടെ ടൈറക്ഷന്‍ നമ്മുടെ മുഖ്ത്തേക്ക് അല്ലാതെ ഒരു 45 ഡിഗ്രിയില്‍ അപ്പുറത്തേക്കോ, ഇപ്പുറത്തേക്കോ ആണെങ്കില്‍ ഉറപ്പിചോലണമ് അത് നമ്മുടെ മുഖത്തേക്ക് ആണെന്ന് .

( ടീച്ചറുടെ കണ്ണുകള്‍ക്ക് ഒരു ചെറിയ മാനുഫാക്ചര്‍ ദിഫ്ഫെക്ട് ഉണ്ട് ).

ടീച്ചറുടെ 45 ഡിഗ്രിയിലുള്ള ഈ നോട്ടം പലപ്പോഴും ഞങ്ങള്‍ക്ക് ചോക്ക് കൊണ്ടുള്ള ഉന്നം പിഴക്കാത്ത ഏറ് കിട്ടാന്‍ കാരണം ആയിട്ടുണ്ട് .

പുതിയ സ്കൂളിലും എന്‍റെ കൂട്ടുകാരന്‍ അലവിതന്നെ ആയിരുന്നു.

ഒരു ദിവസം മൂന്നാം പിരിയെഡിന് ബെല്‍ അടിച്ചിട്ടും ക്ലാസ്സില്‍ ടീച്ചര്‍ വന്നില്ല. കുട്ടികള്‍ എല്ലാം ചെറുതായി ഓരോരോ ഏര്‍പ്പാടില്‍ മുഴുകി ഇരിക്കുക ആണ്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അലവി അടക്കമുള്ള എന്‍റെ ബെഞ്ചിലെ കുട്ടികള്‍ പൂജ്യം വെട്ടി കളി ആണ് പതിവ്. ഞാന്‍ പൂജ്യം എല്ലാം കടലാസ്സില്‍ വരച്ചു കളി തുടങ്ങാന്‍ തയ്യാറായി.

ആവേശത്തോടെ ഈ കളിയില്‍ പങ്കെടുക്കാറുള്ള അലവി അന്ന് ആകെ ഒരു മൌനം .

എന്തു പറ്റി എന്ന എന്‍റെ ചോദ്യത്തിന് മറുപടി നാല്‍കാതെ അവന്‍ ആകെ ഇരുന്നു ഞെരി പിരി കൊള്ളുന്നു.

ക്ലാസ്സില്‍ ബഹളം കൂടി വന്നപ്പോള്‍ തൊട്ട അടുത്ത ക്ലാസിലെ മാഷ് വന്നു പറഞ്ഞു.

സൈലന്‍സ് ...
ഒരു മഴ പെയ്തു തോര്‍ന്നതുപോലെ ക്ലാസ്സ് നിശ്ശബ്ദമായി..

മാഷ് ക്ലാസിലെ പഠി പ്പിസ്റ്റായ വത്സലകുമാരിയോട് പറഞ്ഞു ... ഇനി ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ അവരുടെ പേര് എഴുതി എനിക്ക് തരണം.

അങ്ങിനെ വത്സലകുമാരിയുടെ ഹിറ്റ് ലിസ്റ്റില്‍ എങ്ങാനും കയറിയാല്‍ , ഇട്ടിരിക്കുന്ന ട്രവ്സറിന്‍റെ താഴെ ഗോപികുറി വരച്ചതുപോലെ ഉള്ള പാടുകള്‍ ഉറപ്പ് എന്നുള്ളതുകൊണ്ട് തന്നെ ഞാന്‍ ശ്വാസം വിടുന്നതുപോലും പതുക്കെ ആക്കി ബെഞ്ചില്‍ തല വെച്ച് കണ്ണടച്ചു കിയടന്നു.
"കുറച്ചു കഴിഞ്ഞപ്പോള്‍ മ്യൂ എന്നൊരു ശബ്ദവും മൂക്കിന്‍റെ മര്‍മ്മം വരെ അടിച്ചുപോകുന്ന തരത്തിലുള്ള ഒരു മണവും" .

ആ ശബ്ദത്തിന്‍റേ ഫ്രീക്വന്‍സിയും , desibel ഉം അത്രയ്ക്ക് വലുതല്ലെങ്കിലും കനത്ത നിശ്ശബ്ദതയില്‍ ഇരിക്കുന്ന ക്ലാസ്സില്‍ അതിന്‍റെ എഫെക്ട് വലുതായിരുന്നു.

പെട്ടെന്ന് ഹിറ്റ് ലിസ്റ്റുമായി ഇരിക്കുന്ന വത്സരകുമാരിയുടെ കീ കീ എന്നുള്ള ചിരിക്കൊപ്പം ക്ലാസ്സ് മുഴുവന്‍ ചേര്‍ന്നു .

ഞങ്ങളുടെ കര്‍ണ്ണപുടത്തെയും നാസാരന്ദ്രങ്ങളെയും രസിപ്പിച്ച ആ വിദ്ദ്വാന്‍ ആര് എന്ന് എല്ലാവരും തിരയുന്നതിനിടയില്‍ അലവി എണീച്ചു ക്ലാസ്സില്‍ നിന്നും ഓരോട്ടം.

ഓടുന്ന അലവിയുടെ വെള്ള മുണ്ടിന്ടെ മൂട്ടില്‍ ആകെ ഒരു മഞ്ഞ നിറം .. അത് ആ ശബ്ദത്തിന്‍റെയും ,മണത്തിന്റെയും ആഫ്റ്റര്‍ എഫെക്ട് ആയിരുന്നു.

ശേഷം : അലവി അന്ന് നിറുത്തി സ്കൂള്‍ എന്ന പരിപാടി. ഇപ്പോള്‍ നാട്ടില്‍ വാര്‍ക്ക പണിയുമായി കഴിയുന്നു..

Tuesday 18 May 2010

ഉമ്മര്‍ കാക്കയും പിന്നെ പോത്തും

രാവിലെ പാല് കൊണ്ടുവരുന്ന ഉമ്മര്‍ കാക്കാ ക്ക് പകരം മകള്‍ പാല് കൊണ്ട് വന്നപ്പോള്‍ ഞാന്‍ അവളോട്‌ ചോതിച്ചു..

എന്തേ- ന്ന് ജ്ജ് പാല്‍ കൊണ്ടന്നത്?

ഒന്നൂല്ല ! പ്പാക്ക് സുഖല്ല!-

എന്ത് പറ്റി?

അവള്‍ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചുകൊണ്ട് നിന്നു. അപ്പോഴേക്കും ഉമ്മ കാലിയാക്കിയ പാല്‍പാത്രം അവള്‍ക്കു കൊടുത്തിരുന്നു. അതും വാങ്ങി അവള്‍ ഒറ്റ ഓട്ടം.

ഞാന്‍ ആലോചിച്ചു ! ഇന്നലെ വൈകുന്നേരവും ഉമ്മര്‍ കാക്കയെ കണ്ടതാണല്ലോ. അപ്പോള്‍ ഒരു പ്രശ്നവും ഇല്ല. ഏതായാലും അവിടെ ഒന്ന് പോവുക തന്നെ. ഉമ്മാനോട് വിവരം പറഞ്ഞു ഞാന്‍ ഇടവഴിയിലൂടെ പാടത്ത്തെക്കിറങ്ങി. പാടത്ത്തിന്ടെ അക്കരെ ആണ് ഉമ്മര്‍ കാക്കാന്ടെ വീട് . വെട്ടില്‍ ചെന്ന് കയറിയപ്പോള്‍ മൂപ്പരുണ്ട് കസേരയില്‍ മലര്‍ന്നു കിടക്കുന്നു. രണ്ടു കൈത്തണ്ടയിലും നെഞ്ചി ലും  ആകെ കത്തികൊണ്ട് കീറിയത്‌ പോലെ മുറിവ്‌ .

അല്ല! ഇതെന്തു പറ്റി ?

ഹാ - അതിന്‍റെ കൂട്ടം ഒന്നും പറയണ്ട ....

ഇന്നലെ രാത്രി ഞാന്‍ കവുങ്ങില്‍ (അടക്കാ മരം ) ഒന്ന് കേറി- അല്ല കയറേണ്ടി വന്നു.

രാത്രിയോ? കവുങ്ങിന്മേലോ? ഒന്ന് തെളിച്ചു പറ ! അതിനെങ്ങിനെ ഈ മുറിവ്‌ !

അത്- ജ്ജ് ആയാലും ആ നേരത്ത്‌ കയറിപോകും-

എനിക്കൊന്നും മനസ്സിലായില്ല- അപ്പോഴേക്കും അടുത്ത് തന്നെ താമസിക്കുന്ന അബ്ദുള്ള കാക്ക എത്തി.

ഞാന്‍ അബ്ദുള്ള കാക്കാനെ നോക്കി. അയാള്‍ ചിരിച്ചുകൊണ്ട് നില്കുന്നു..

എന്താ ങ്ങള്‍ ചിരിക്കുന്നത്?

അബ്ദുള്ള കാക്കയും  ഉമ്മര്‍ കാക്കയും ഒരേ പ്രായക്കാരും ബന്ധുക്കളും ആണ് .

"ഓന്‍ -കവുങ്ങിമ്മേ കയറിയത്‌ എങ്ങനെ എന്ന് നിനക്കറിയോ ? ചെരിപ്പ്‌ ഇട്ടിട്ട്."

ചെരിപ്പ്‌ ഇട്ടിട്ടോ? ന്താ ങ്ങള്‍ പറയുന്നത്? ആരെങ്കിലും ചെരിപ്പിട്ട് മരത്തില്‍ കയറുമോ?

എന്‍റെ  ചോദ്യത്തിന് ഉത്തരമായി ഉമ്മര്‍ കാക്ക വീണ്ടും പറഞ്ഞു.

അത്- ജ്ജ് ആയാലും ആ നേരത്ത്‌ കയറിപോകും-.

ഫ്ലാഷ്‌ ബാക്ക് :-
പള്ളി കമ്മറ്റി സിക്രട്ടറിയുടെ ഉമ്മ മരിച്ചതിന്‍റെ  അടിയന്തിരം ആണ് ഇന്ന്.

മഹാല്ലിലുള്ള എല്ലാവര്ക്കും ക്ഷണം ഉണ്ട്.

അടിയന്തിരത്തിന് ബിരിയാണി വെക്കാന്‍ ഒരു പോത്ത് വേണം. അങ്ങിനെ ഉമ്മര്‍ കാക്കാന്‍റെ  കയ്യിലുള്ള നല്ല ഒന്നാം തരം പോത്ത് സിക്രട്ടറി വാങ്ങി. ഉമ്മര്‍ കാക്ക നല്ല തീറ്റിയും കൊടുത്ത്‌ ഓമനിച്ചു വളര്‍ത്തുന്ന പോത്താണ് അത്. വില്‍ക്കാന്‍ അയാള്‍ക്ക്‌ മനസ്സ്‌ ഉണ്ടായ്ട്ടല്ല. പിന്നെ പള്ളി സിക്രട്ടറി ചോദിക്കുന്പോ എങ്ങിനെ തരില്ല എന്നും പറയും !

പോത്താണെങ്കില്‍ നല്ല തൊലി മിനുപ്പുള്ള , കണ്ടാല്‍ ആരും ഒന്ന് നോക്കി പോകുന്ന , ഒരു ക്വിന്ടലില് അധികം ഇറച്ചിയുള്ള സാധനം. മൂക്ക് കയറിന്മ്മേല്‍ രണ്ടു പേര്‍ പിടിക്കണം. ഉമ്മര്‍ കക്കനോട് മാത്രമേ അതിനു ഇണക്കം ഉള്ളൂ . മറ്റാരെ കണ്ടാലും അവന്‍ അമറുകയും കുത്രുകയും ചെയ്യും.

രാത്രിയില്‍ ആ പോത്തിനെ അറുക്കാന്‍ വേണ്ടി , അറവുകാരും, പിന്നെ സഹായികളും ,കാഴ്ചക്കാരും , പെട്രോള്‍ മാക്സ് കത്തിച്ചു പിടിച്ച്,  കമുകിന്‍ തോട്ടത്തില്‍ കെട്ടിയിരിക്കുന്ന പോത്തിന്‍റെ അടുത്തേക്ക്‌ നീങ്ങി.

അപകടം മണത്ത പോത്ത് നിന്ന നില്‍പ്പില്‍ നിന്നും കുതരാനും അമറാനും തുടങ്ങി.

ആര്‍ക്കും അതിന്ടെ അടുത്തെക്ക്‌ അടുക്കാന്‍ പേടി. എന്ത് ചെയ്യണം എന്നാലോചിച്ചു നിന്നവരില്‍ ഒരാള്‍ പറഞ്ഞു. നമുക്ക്‌ ഉമ്മെറിനെ കൊണ്ട് വരാം. അവനെ കണ്ടാല്‍ പോത്ത് അടങ്ങികൊള്ളും.

അങ്ങിനെ ആ അര്‍ധ്ധ രാത്രിയില്‍ ഉമ്മര്‍ പോത്തിന്‍റെ  അടുത്തെക്ക്‌ ആനയിക്കപെട്ടു.

കയ്യില്‍ ഒരു പിടി വൈക്കോലുമയി പോത്തിന്‍റെ  അടുത്തേ ക്ക്‌ ചെന്ന് ഉമ്മര്‍ പറഞ്ഞു..

ഡാ. ഇത് ഞാനാടാ -ഉമ്മര്‍ .. അടങ്ങേടാ. ന്ന ..ന്നാ ..

പോത്ത് ഒരു നിമിഷം അനങാതെ നിന്നു. ഉമ്മര്‍ കാക്ക പോത്തിന്‍റെ  അടുത്തേക്ക്‌ ചെന്ന് അതിന്‍റെ  കൊമ്പില്‍ പിടിച്ചു..

ഒരു നിമിഷം. പോത്ത് നിന്ന നില്‍പ്പില്‍ നിന്നും ഒരു അമറലും പിന്നെ ഒരു ചാട്ടവും, കെട്ടിയ കയര്‍ പൊട്ടിച്ചു ഒരു കുതിക്കലും...

 പെട്രോള്‍ മാക്സ് തട്ടിമറിഞ്ഞു . ആളുകള്‍ ചിതറി ഓടി. പോത്ത് പാടത്തേക്ക് ചാടി. പിന്നെ ഉടനെ തന്നെ പെട്രോള്‍ മാക്സ് കത്തിച്ച് ആളുകള്‍ നോക്കുന്പോള്‍ ഉമ്മര്‍ കക്കാനെ കാണാനില്ല.

ഉമ്മറേ.. ആരോ നീട്ടി വിളിച്ചു....

ഞാന്‍ ഇവിടെ ഉണ്ട്.. ശബ്ദം ആകാശത്ത് നിന്നും ആയിരുന്നു.. ആളുകള്‍ മുകളിലേക്ക് പെട്രോള്‍ മാക്സ് ഉയര്‍ത്തി പിടിച്ച് നോക്കിയപ്പോള്‍ അടുത്തുള്ള കവുങ്ങി ന്‍റെ  മുകളില്‍ ഉണ്ട് ഉമ്മര്‍ കാക്ക  മരം കെട്ടി പിടിച്ച് ഇരിക്കുന്നു.
അയാളുടെ കാലില്‍ അപ്പോഴും ഹവായി ചെരുപ്പും ഉണ്ട്.

അല്ല. ജ്ജ് എങ്ങിനെ അവിടെ എത്തി.?

ങ്ങക്ക്‌ അറിയില്ലേ ! പോത്ത് മാനം നോക്കിയാ മനുഷ്യന്‍ മരം നോക്കണം എന്ന്. ല്ലെങ്കില്‍ ഓന്‍ ന്ടെ മജ്ജത്ത് എടുത്ത്തീരുന്നു !.

അപ്പോള്‍ ആരോ ചോദിച്ചു.. കമുകില്‍ കയറിയപ്പോള്‍ അന്‍റെ ചെരിപ്പ്‌ ഒന്ന് അഴിച്ചു വെചൂടായിരുന്നോ?

അതിനെവിടെ നേരം. ഉമ്മര്‍ കാക്ക ചോതിച്ചു...

കമുകില്‍ നിന്നും ഒരു വിധേന ഇറങ്ങിയ ഉമ്മര്‍ കാക്കാന്ടെ കൈ തന്ടയും , മാറിടവും, തുടയും ആകെ ചിരകി പൊളിഞ്ഞു രക്തം കിനിയുന്നുണ്ടായിരുന്നു..

ശേഷം :-- ആ പോത്തിനെ ഒരുപാട് സമയത്തിന് ശേഷം വെടിവെച്ച് വീഴ്ത്തി ആണ് അറുത്തത് ,,,,