Sunday, 7 June 2015

സോജാ .. രാജകുമാരീ ...

പള്ളി കുളത്തിലെ പടവുകള്‍ക്കരികില്‍ ചെരുപ്പും കുടയും വെച്ച് കുഞ്ഞീത്‌ മൊല്ലാക്ക പടവുകള്‍ ഇറങ്ങി തെളിഞ്ഞ വെള്ളത്തിലേക്കിറങ്ങി .. കടുങ്ങാലി മീനുകള്‍ കാലില്‍ കൊത്തുന്നു .. അത് ഒരു തരം സുഖമുള്ള ഇക്കിളി ആണ്. കുറച്ചു നേരം അങ്ങിനെ നിന്നു ആ ഇക്കിളിയുടെ സുഖം ആസ്വതിച്ചു ..
പള്ളി കുളത്തില്‍ വെള്ളം പറ്റെ താഴ്ന്നിരിക്കുന്നു .. പണ്ട് എത്ര വേനല്‍ ഉണ്ടായാലും പള്ളി കുളത്തില്‍ നല്ലോണം വെള്ളം ഉണ്ടാവും..
ഇപ്പൊ കാലം വല്ലാതെ മാറി .. മനുഷ്യനും ലോകവും ഒക്കെ മാറി .. ഇക്കാലത്ത് ഒക്കെ ഒരു പുതിയ കോലം ആണ് ...കലാവസ്ഥ യും താളം തെറ്റി .. .
ഇക്കൊല്ലത്തെ വേനല്‍ .. സഹിക്കാന്‍ കഴിയുന്നില്ല ....
..
റബ്ബേ .. നീ തന്നെ തുണ .. ഞങ്ങളെ കാത്തു രക്ഷിക്കണേ ... കുഞ്ഞീത്‌ മൊല്ലാക്ക മൌനമായി പ്രാര്‍ഥിച്ചു ...
പിന്നെ കയ്യില്‍ വെള്ളം കോരി എടുത്തു ...
ബിസ്മില്ലാഹി റ ഹമാനി റഹീം .... കയ്യും മുഖവും കാലും ഒക്കെ വിധിപ്രകാരം കഴുകി പടവുകള്‍ കയറി ചെരുപ്പിട്ട് കുടയും എടുത്തു പള്ളിയിലേക്ക് നടന്നു ..
പള്ളിയുടെ വാതില്‍ തുറന്നു അകത്തേക്ക് കയറി... എന്നിട്ട് ബാക്കി ഉള്ള വാതിലുകളും ജനലുകളും തുറന്നിട്ടു .. പള്ളി തൊടിയില്‍ നിന്നും ചൂടുള്ള ഒരു നരച്ച കാറ്റ് പള്ളിക്കുള്ളിലേക്ക് അടിച്ചു...
സുബഹി നിസ്കാരം കഴിഞ്ഞു എല്ലാരും പോയാല്‍ മൊല്ലാക്ക പള്ളി അടക്കും .. പിന്നെ ഉച്ചക്കുള്ള നിസ്കാരത്തിനു വേണ്ടിയേ പള്ളി തുറക്കൂ ...
മൊല്ലാക്ക ചുമരില്‍ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി .. സമയം പതിനൊന്നര .. ബാങ്ക് കൊടുക്കാന്‍ ഇനിയും സമയം ഉണ്ട് ...മൊല്ലാക്ക "രണ്ടു റ ക അത്ത് " സുന്നത്ത് നിസ്കരിച്ചു .. എന്നിട്ട് പുറത്തെ പള്ളിയുടെ ചാരുപടിയില്‍ കാലും നീട്ടി ചാരി ഇരുന്നു . അവിടെ ഇരിക്കുമ്പോള്‍ പള്ളിത്തൊടിയില്‍ നിന്നും അടിക്കുന്ന കാറ്റ് കിട്ടും. ചൂടിനു കുറെ സമാധാനം കിട്ടും ..
കുഞ്ഞീത്‌ മൊല്ലാക്ക പള്ളി തൊടിയിലേക്ക്‌ നോക്കി .. മയിലാഞ്ചി ചെടികളും കാട്ടു പൊന്തകളും കൊണ്ട് ആകെ കാട് മൂടി കിടന്നിരുന്ന പള്ളി ത്തൊടി ആകെ ഉണങ്ങി വരണ്ടു കിടക്കുന്നു. പഴകി ദ്രവിച്ച തും , പുതിയതും ആയ മീസാങ്കല്ലുകള്‍ ആകാശ ത്തേക്ക് ഉയര്‍ന്നു നില്കുന്നു . എത്ര എത്ര മനുഷ്യരാണ് അവിടെ ഉറങ്ങുന്നത് . എത്ര എത്ര ആശകളും മോഹങ്ങളും ആണ് അവിടെ ഉപേക്ഷിക്കപെട്ടിട്ടുള്ളത് .. എത്ര എത്ര രഹസ്യങ്ങള്‍ ആണ് ആണ് കുഴിച്ചു മൂടപെട്ടിട്ടുള്ളത് .
. എല്ലാവരും അവസാനം ....
എന്നിട്ടും മനുഷ്യന്‍റെ അഹങ്കാരവും , ഗര്‍വ്വും, ശത്രുതയും , വിദ്വേഷവും ഒന്നും ഒന്നും കുറയുന്നില്ലല്ലോ ...
കുഞ്ഞീത്‌ മൊല്ലാക്ക ഒരു ദീര്ഗ ശ്വാസം വിട്ടു.. ആ തൊടിയില്‍ രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയില്‍ അവള്‍ ഉറങ്ങുന്നുണ്ട് .. കുഞ്ഞായിഷ ...
കാതിലും കഴുത്തിലും ചിറ്റും ചങ്കെ ലസ്സും കൊരലാരവും അണിഞ്ഞു , കയ്യില്‍ മൈലാഞ്ചി ചോപ്പ് ഇട്ട് ഒരു കെ സ്സ് പാട്ടിന്‍റെ ഇശ ലിനോടൊപ്പം തന്‍റെ ഒപ്പരം ജീവിതം തുടങ്ങിയവള്‍ ..
പണ്ട് .. സുബഹി നിസ്കാരം കഴിഞ്ഞു ഒത്തുപള്ളിയിലെ കുട്ടികള്‍ക്ക് പാഠം ഒക്കെ പറഞ്ഞു കൊടുത്തു , അങ്ങാടി യില്‍ ഒക്കെ ഒന്ന് ചുറ്റി കറങ്ങി പുരേക്ക് കയറി ചെല്ലുമ്പോഴേക്കും പത്ത് മണി കഴിഞ്ഞിരിക്കും . ചെന്ന് കയറുമ്പോള്‍ തന്നെ വെളിച്ചെണ്ണയില്‍ കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു ഉണ്ടാക്കിയ കൂട്ടാ ന്‍റെ മണം മൂക്കിലേക്ക് തുളഞ്ഞു കയറും .. തൊടിയില്‍ നിന്നും കിട്ടുന്ന എല്ലാ പച്ചക്കറിയും കൊത്തി നുറുക്കി ആണ് അത് ഉണ്ടാക്കുന്നത്‌ ... ആ കൂട്ടാനും കഞ്ഞിയും പ്ലേറ്റിലേക്ക് വിളമ്പി കുഞ്ഞായിഷ തന്നെ കാത്തിരിക്കുന്നുണ്ടാവും .. അതും കുടിച്ചു ചാരുകസേരയില്‍ ഇരുക്കുംപോഴേക്കും അവള്‍ നല്ല കിളി അടക്ക ഇടിച്ചു , തളിര്‍ വെറ്റിലയില്‍ നൂറും , ഒരു നുള്ള് പൊകലയും തേച്ചു തരും . അപ്പോഴേക്കും തൊട്ടടു ത്തുള്ള മേശമേല്‍ വെച്ചിരിക്കുന്ന ഗ്രാമ ഫോണ്‍ റിക്കാര്‍ഡ റില്‍ ഒരു റിക്കോര്ഡ് പ്ലേറ്റ് ഇട്ടു പാട്ട് കേള്‍ക്കും ..
സൊ ജാ രാജ കുമാരി .. സോജാ ... സൈഗാള്‍ പാടി തുടങ്ങും ..
മുറുക്കാ ന്‍റെ ലഹരിയില്‍ പാട്ടും കേട്ട് കണ്ണും അടച്ചു കിടക്കുമ്പോ അവള്‍ ചോദിക്കും ...
ങ്ങള്‍ ആരെ കിനാ കാണാ ...
ഒരു രാജകുമാരീനെ ...
ഞാന്‍ അല്ലെ ആ രാജകുമാരി ...
അപ്പോള്‍ അവളുടെ തുടയില്‍ ഒരു പിച്ച് കൊടുക്കും .. അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്ക് പോവും ...
മൊല്ലാക്ക ഒന്ന് ഇളകി ഇരുന്നു .. അത്തറ് മണക്കുന്ന സുഖമുള്ള ഓര്‍മകളില്‍ നിന്നും മൊല്ലാക്ക തിരിച്ചു വന്നു ...
രണ്ടു കൊല്ലായി അവള്‍ ഇവിടെ പള്ളി ക്കാട്ടില്‍ ഉറങ്ങുന്നു .. അവളുടെ ഖബറിന്റെ അടുത്ത് വേറെ ഒരു ഖബര്‍ കുഴിചിട്ടിട്ടുണ്ട് .. മൊല്ലാ ക്കാക്ക് ഉറങ്ങാന്‍ ...
-- ന്‍റെ ഇടത്തെ മുല യില്‍ ഒരു കുരു .. കുറെ ദിവസം ആയി .. ഇപ്പൊ നല്ല തടിപ്പും ചോപ്പും.. കുത്തുന്ന വേദനയും ഉണ്ട് ..
ഒരു ദിവസം പുരെയിലേക്ക് വന്നപ്പോ കുഞായിശുവിന്റെ വാക്കുകള്‍ ..
അതായിരുന്നു തുടക്കം .. പിന്നെ എത്ര എത്ര മരുന്നുകള്‍ .. ഡോക്ടര്‍മാര്‍ .. ലൈറ്റ് അടിച്ച ചികിത്സ.. കാന്‍സര്‍ ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത് .. ഒരുപാട് പെണ്ണുങ്ങള്‍ക്കും ഇപ്പൊ ഇത് ഉണ്ടത്രേ ..
വേദന യുടെ കാലങ്ങള്‍ .. കണ്ണിലെ തിളക്കവും , കുസൃതിയും ഒക്കെ വറ്റി ഉണങ്ങിയ മരച്ചുള്ളിപോലെ ആയി അവള്‍.
ഒരു ദിവസം....
സുബഹി നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വീട്ടിലേക്കു ചെന്നു . അവള്‍ക്കു അസുഖം ആയതില്‍ പിന്നെ ഓത്ത് പള്ളിയിലേക്ക് പഠിപ്പിക്കാന്‍ പോയിട്ടില്ല ... അപ്പോള്‍ അവളുടെ അവസ്ഥ ..
ലക്ഷണം കണ്ടപ്പോള്‍ തന്നെ മനസ്സിലായി .. വേഗം അവളുടെ തല മടിയില്‍ വെച്ച് കാതില്‍ അന്ത്യ കലിമ ചൊല്ലികൊടുത്തു .. അത് ഏറ്റു ചൊല്ലി അവള്‍ കണ്ണുകള്‍ അടച്ചു .. >>
മൊല്ലാക്ക ആകെ ഒന്ന് വിയര്‍ത്തു .. അപ്പോള്‍ തന്നെ അവളുടെ ഖബരിടത്തിലേക്ക് പോകണം എന്ന് തോന്നി .. അവിടെ ചെന്ന് രണ്ടു കയ്യും ഉയര്‍ത്തി പടച്ച റബ്ബിനോടു അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു
മടങ്ങാന്‍ നേരം അവളുടെ ഖബറിലെ ഉണങ്ങിയ ഒരു മയിലാഞ്ചി കൊമ്പ് മോല്ലാക്കാ ന്‍റെ തുണിയില്‍ കൊളുത്തി ...
മൊല്ലാക്ക ആ കമ്പ് പൊട്ടിച്ചു കളഞ്ഞു പിന്തിരിഞ്ഞു നടന്നു ...
അപ്പോള്‍ അയാളുടെ മനസ്സില്‍ സൈഗാള്‍ വീണ്ടും പാടാന്‍ തുടങ്ങി ..
" സോജാ രാജകുമാരീ .. സോജാ ..."

2 comments:

അന്നൂസ് said...

ഹാ... നൊമ്പരപ്പെടുത്തിയല്ലോ...വിരഹം നന്നായി കോറി ഇട്ടിരിക്കുന്നു-ആശംസകള്‍ ചേട്ടാ.

Shahid Ibrahim said...

തുടക്കം കണ്ടപ്പോൾ ചിരിക്കാനുള്ള വകയാണെന്ന് കരുതി.അവസാനം കണ്ണ് നനയിച്ചു