Tuesday, 26 May 2015

ആ യാത്രയില്‍ ...............( ഒരു അനുഭവ കഥ )


ആന്ധ്രയിലെ "വാറങ്കല്‍" എന്ന ജങ്ക്ഷനില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ്സ്‌ തീവണ്ടി എത്തിയപ്പോള്‍ വൈകീട്ട് ആറുമണി ആയിരുന്നു. കൂടെ ഉണ്ടായിരുന്ന കുറെ യാത്രക്കാര്‍ അവിടെ ഇറങ്ങി . ഞാന്‍ ഇരിക്കുന്ന കൂപ്പയില്‍ ഞാന്‍ മാത്രം ആയി. S3 എന്ന റിസര്‍വേഷന്‍ കോച്ചില്‍ അധികം ആളുകള്‍ ഇല്ല . ഞാന്‍ ജനവാതില്‍ തുറന്നു .. ചൂടുള്ള ഒരു വരണ്ട കാറ്റ് മുഖത്തേക്ക് അടിച്ചു ..
എനിക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ രാമഗുണ്ടം എന്നാ സ്ഥലം ആണ് . അവിടെ നേഷണല്‍ തെര്‍മല്‍ പവര്‍ കോര്‍ പ്പറേഷ ന്‍റെ വര്‍ക്ക്‌ സൈറ്റില്‍ ആണ് ജോലി ...
പിറ്റേന്ന് പുലര്‍ച്ചെ വണ്ടി രാമഗുണ്ടം എന്നാ സ്ഥലത്ത് എത്തൂ .. അതുവരെ ആരും കൂടെ ഇല്ലാതെ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമോ എന്നാ ആശങ്കയില്‍ ഇരിക്കുമ്പോഴാണ് വലിയ ഒരു തോല്‍ പെട്ടിയും, ഒരു കടലാസ്സു പെട്ടിയും , ഒരു തുണി സഞ്ചിയും ഒക്കെ ആയി ഒരു മധ്യ വയസ്കന്‍ എന്‍റെ എതിര്‍ സീറ്റില്‍ വന്നു ഇരുന്നത് ..
വന്ന പാടെ കയ്യിലുള്ള തോല്പെട്ടിയും , കടലാസ്സു പെട്ടിയും സീറ്റിനടിയി ലേക്ക് ഭദ്രമായി വെക്കുകയും , തുണിസഞ്ചി ഇരിക്കുന്ന സീറ്റിന്‍റെ അരുകിലേക്ക് വെക്കുകയും ചെയ്തു . ഒരു അയഞ്ഞ ഷര്‍ട്ടും കാക്കി പാന്‍റും ആണ് വേഷം . ഇരുണ്ടു തടിച്ച മനുഷ്യന്‍ .
കുറച്ചു നേരം കഴിഞ്ഞു വണ്ടി ചലിക്കാന്‍ തുടങ്ങി .. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല എങ്കിലും മുഖത്തോട് മുഖം ഇടയ്ക്കു നോക്കും. ഒടുവില്‍ ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ തിരിച്ചും ഹലോ എന്ന് പറഞ്ഞു .. പിന്നെ തുണി സഞ്ചിയില്‍ നിന്നും ഒരു ഇംഗ്ലീഷ് മാഗസിന്‍ എടുത്തു തുറക്കുന്നത് കണ്ടപ്പോള്‍ ആള്‍ക്ക് ഇംഗ്ലീഷ് അറിയാമായിരിക്കും എന്നാ ഊഹത്തില്‍ ഞാന്‍ പരിചയപെടാന്‍ വേണ്ടി ആളുടെ പേര് ചോദിച്ചു ..
പിന്നീട് പരസ്പരം പരിചയപെട്ടു ....
അദ്ദേഹം തിമ്മപ്പ .. റെയില്‍വേ യില്‍ ജോലി ആണ് . രാമഗുണ്ടം എത്തുന്നതിനു മുന്‍പ്‌ ഉള്ള "പദ്ദപള്ളി "എന്ന സ്ഥലത്ത് ആണ് വീട്. വാറങ്കല്‍ ജങ്ക്ഷനില്‍ .. റെയില്‍വേ പാര്‍സല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു ... ഒരു ആഴ്ച ത്തെ അവധിക്കു വീട്ടിലേക്കു പോകുന്നു.
വീട്ടില്‍ ഭാര്യയും , അമ്മയും . ഭാര്യ ഗര്‍ഭിണി ആണ് . ഇന്നോ നാളെയോ പ്രസവിക്കും . ഭാര്യയുടെ പ്രസവത്തിനു വേണ്ടി ആണ് പോകുന്നത് . വളരെ വൈകി ആയിരുന്നു വിവാഹം. അതുപോലെ അഞ്ചു വരഷങ്ങള്‍ക്ക് ശേഷം ആണ് ഭാര്യ ഗര്‍ഭിണി ആയത് ... അദ്ദേഹം വിശേഷങ്ങള്‍ പങ്കു വെച്ചു ..
ഒരു അച്ഛന്‍ ആവാന്‍ പോകുന്നതിന്‍റെ ആവേശവും ഒപ്പം പരവശവും ഞാന്‍ അയാളുടെ കണ്ണുകളില്‍ കണ്ടു . ഇടയ്ക്ക് തുണി സഞ്ചിയില്‍ നിന്നും കുറച്ചു അരി മുറുക്ക് എടുത്തു എനിക്ക് തന്നു . സന്തോഷത്തോടെ ഞാന്‍ അത് വാങ്ങി തിന്നു.
ട്രെയിന്‍ നല്ല വേഗതയില്‍ ഓടികൊണ്ടിരുന്നു .. ഇടയ്ക്കു ഒന്ന് രണ്ടു ചെറിയ സ്റ്റേഷനുകള്‍ പിന്നിട്ടു. സമയം ഏകദേശം പത്ത് മണി ആയിക്കാണും .. അയാള്‍ ആകാംക്ഷയോടെ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നു .. ഞാന്‍ വിചാരിച്ചു ഈ ഇരുട്ടത്ത്‌ എന്തിനാണ് അയാള്‍ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നത് .. ജനലില്‍ കൂടി നോക്കുമ്പോള്‍ ദൂരെ ചെറിയ പൊട്ടുപോലെ ചില വീടുകളുടെ മുന്‍പില്‍ കത്തുന്ന ബള്‍ബുകള്‍ പിന്നോട്ട് പോവുന്നത് കാണാം എന്നല്ലാതെ പുറത്ത് കട്ട പിടിച്ച ഇരുട്ടാണ് കാണുന്നത് ..
പെട്ടന്ന് അയാള്‍ ദൂരേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു .. കണ്ടോ ആ ബള്‍ബ്‌ കത്തുന്നത് എന്‍റെ വീട്ടിലാണ് . അവര്‍ ഉറങ്ങിയിട്ടില്ല . അവര്‍ക്കറിയാം ഞാന്‍ ഇന്ന് വരും എന്ന് .. അവള്‍ പ്രസവിച്ചോ ആവോ ...
അപ്പോള്‍ ഞാന്‍ ചോദിച്ചു അപ്പൊ അടുത്ത സ്റ്റേഷന്‍ പദ്ദപ്പിള്ളി ആണല്ലേ
അതെ. പദ്ദപ്പള്ളി സ്റ്റേഷന്‍ .. അവിടെ ഇറങ്ങണം .. എന്നിട്ട് 28 കിലോമീറ്റര്‍ റോഡുമാര്‍ഗം പിറകോട്ടു സഞ്ചരിക്കണം .. എന്നാലേ വീട്ടിലെത്തൂ ...
ട്രെയിനിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. പുറത്തുള്ള ഇരുട്ടിലേക്ക് വൈദ്യുത വിളക്കിന്‍റെ വെളിച്ചങ്ങള്‍ തെളിയാന്‍ തുടങ്ങി .. മഞ്ഞ ബോര്‍ഡില്‍ ഇന്ഗ്ലീഷിലും തെലുങ്കിലും ഹിന്ദിയിലും പദ്ദപ്പിള്ളി എന്ന് സ്റേഷ ന്‍റെ പേര് തെളിഞ്ഞു.. വണ്ടി നിന്ന് അയാള്‍ തുകല്‍ പെട്ടിയും കടലാസു പെട്ടിയും എടുത്ത്‌ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി ..
അപ്പോള്‍ കാപ്പി കാപ്പി എന്ന് പറഞ്ഞു വന്ന ഒരുവന്‍റെ കയ്യില്‍ നിന്നും ഞാന്‍ കാപ്പി വാങ്ങി കുടിച്ചു വാതില്‍ക്കല്‍ നിന്നു .. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ തിരിച്ചു സീറ്റിലേക്ക് മടങ്ങി .
അപ്പോഴാണ് ഞാന്‍ അത് കണ്ടത്.. അയാളുടെ തുണി സഞ്ചി സീറ്റില്‍ ഇരിക്കുന്നു. ഉടന്‍ ചാടി എഴുന്നേറ്റു അതെടുത്തു . അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടിരുന്നു . എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുറെ നേരം ആ തുണി സഞ്ചി കയ്യില്‍ പിടിച്ചിരുന്നു . പിന്നെ അത് പതുക്കെ തുറന്നു നോക്കി . അതില്‍ നേരത്തെ കണ്ട മാഗസിന്‍ .. കുറച്ചു അരി മുറുക്ക് .. പിന്നെ ഒരു പാവകുട്ടി .. കുറച്ചു കറുത്ത ചരട് ..
തനിക്ക്‌ പിറക്കാന്‍ പോവുന്ന കുഞ്ഞിനു വേണ്ടി അയല്‍ വാങ്ങിയതാവും ആ പാവ കുട്ടി . കുഞ്ഞി ന്‍റെ കയ്യിലോ , അരയിലോ കെട്ടാന്‍ വേണ്ടി ആവും ആ കറുത്ത ചരട് ..
ഞാന്‍ ആലോചിച്ചു .. വളരെ പ്രയാസപെട്ടു അയാള്‍ വീട്ടില്‍ എത്തി ഈ തുണി സഞ്ചി നോക്കില്ലേ .. അത് ട്രെയിനില്‍ മറന്നു വെച്ചിരിക്കുന്നു എന്ന് മനസ്സിലാകുമ്പോള്‍ അയാള്‍ ചിലപ്പോള്‍ കരയില്ലേ.. പിറക്കാന്‍ പോകുന്ന അല്ലെങ്കില്‍ പിറന്നു വീണ കുഞ്ഞിനു വേണ്ടി അയാള്‍ വാങ്ങിയ ആ പാവകുട്ടി ഇല്ല എന്ന് അറിയുമ്പോള്‍ ...
ഞാന്‍ ആ തുണി സഞ്ചി എന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കണ്ണടച്ചു ഇരുന്നു . അപ്പോള്‍ എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു അത് ആ തുണി സഞ്ചി യിലേക്ക് ഇറ്റ് വീണു ...

No comments: