Tuesday 7 August 2012

സുധാകര്‍ജിയുടെ നടത്തം ... കൂടെ ഞാനും... ( ഒരു റിയല്‍ സ്വപ്നം )

സുധാകര്‍ജിയുടെ നടത്തം ... കൂടെ ഞാനും... ( ഒരു റിയല്‍ സ്വപ്നം )

അത്താഴ ത്തിനു എണീക്കാനുള്ള സമയം മൊബൈലില്‍ സെറ്റ്‌ ചെയ്തതിനു ശേഷം ഞാന്‍ രാത്രി ഉറങ്ങാന്‍ കിടന്നു... എപ്പോഴോ ഉറങ്ങിയിട്ടുണ്ടാവണം .... ഉറക്കത്തില്‍ ഞാന്‍ കണ്ട സ്വപ്നം ... അതിലെ ദൃശ്യങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം എന്നപോലെ ഇപ്പോഴും എന്നില്‍ കൂടി കടന്നു പോകുന്നു...

ഒരു മഴ പെയ്തു തോര്‍ന്ന പ്രഭാതം ... ഞാനും സുധാകര്‍ജിയും കൂടി ഒരു പഞ്ചായത്ത് റോഡില്‍കൂടി നടക്കുന്നു... ആകാശം മേഘാവൃതമാണ് .. സൂര്യന്‍റെ രശ്മികള്‍ തീരെ ഇല്ല. പകരം ഒരു തരം നാട്ടു വെളിച്ചം ... മഴ വീണ്ടും പെയ്യാനായി ഘനം തൂങ്ങി നില്‍ക്കുന്നു.. ചുറ്റുമുള്ള പച്ചില ചാര്‍ത്തു ക്കളില്‍ നിന്നും മഴ തുള്ളികള്‍ ഞങ്ങളുടെ മുഖത്ത് വീഴുന്നുണ്ട്..

പഞ്ചായത്ത് റോഡിന്‍റെ ഇരു വശവും ഏകദേശം ഒന്നര അടി പൊക്കത്തില്‍ കരിങ്കല്‍ മതില്‍... അതിനപ്പുറത്തേക്ക് വിശാലമായ തൊടികള്‍.. കവുങ്ങും , തെങ്ങും.. വാഴയും.. പുള്ളി ചേമ്പും പുല്ലും.....  എല്ലാം നിറഞ്ഞ കണ്ണിനു കുളിര്‍മയേകുന്ന ഹരിതാഭമായ തൊടികള്‍ ....

സുധാകര്‍ജി ഒരു ജുബ്ബയും വെളുത്ത മുണ്ടുമാണ് അണിഞ്ഞിരിക്കുന്നത്... ഞങ്ങള്‍ നടത്തം തുടരുകയാണ്... ഞങ്ങള്‍ക്കെതിരെ കുറച്ചു സ്കൂള്‍ കുട്ടികള്‍ കല പില എന്ന് പറഞ്ഞുകൊണ്ട് കടന്നു പോയി.. കുറച്ചു ചെന്നപ്പോള്‍ വലതു വശത്തെ തൊടിയിലെ ഒരു കവുങ്ങില്‍ ഒരു അണ്ണാന്‍ തല കീഴായി നിന്നുകൊണ്ട് ജില്‍ .. ജില്‍.. എന്ന് ചിലക്കുന്നു..

സുധാകര്‍ജിയുടെ നടത്തം സാവധാനം ആണ്.. ഓരോ കാല്‍ വെപ്പും ഭൂമിയെ അറിഞ്ഞു കൊണ്ടുള്ള നടത്തം.. ഒപ്പം പരിസരം എല്ലാം വീക്ഷിച്ചുകൊണ്ടുള്ള ഗമനം ...

ബവാജീ ... താന്കള്‍ എങ്ങിനെ ആണ് നടക്കുന്നത്... സുധാകര്‍ജിയുടെ പെട്ടന്നുള്ള ചോദ്യം  എന്നെ ഒന്നമ്പരപ്പിച്ചു ...

രണ്ടുകാലില്‍ കയ്യും വീശി ... എന്ന് ഞാന്‍ മറുപടി പറഞ്ഞു...

ഹ ഹ .. അതല്ല ഞാന്‍ ഉദ്ദേശിച്ചത്...!

പിന്നെ !

താങ്കള്‍ താങ്കളുടെ നടത്തത്തെ അറിയുന്നുണ്ടോ?  സുധാകര്‍ജി  ചോദിച്ചു..

ഇത് വല്ലാത്തൊരു ചോദ്യം തന്നെ .. എനിക്ക് മനസ്സിലായില്ല... ഞാന്‍ അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി..

അതായത് താങ്കള്‍ നടക്കുമ്പോള്‍ നടക്കുകയാണ് എന്ന ബോധത്തോടു കൂടി യാണോ നടക്കുന്നത്  ?.....

അല്ല ...

എങ്കില്‍ അത് ശരിയല്ല.. നടക്കുമ്പോള്‍ , ഓരോ കാല്‍ വെപ്പും അറിഞ്ഞു കൊണ്ടായിരിക്കണം ...  തുറന്നു പിടിച്ച കണ്ണുകള്‍ കൊണ്ട് പരിസരം വീക്ഷിക്കണം .. മൂക്കുകൊണ്ട് ദീര്‍ ഗ ശ്വാസം എടുത്തു പതുക്കെ നിശ്വസിക്കണം .. പ്രകൃതിയിലെ ഊര്‍ജ്ജം മുഴുവന്‍ അങ്ങിനെ നമ്മുടെ ശരീരത്തിലേക്കും ആത്മാവിലെക്കും വലിച്ചു കയറ്റണം..

ഞാന്‍ കൌതുകത്തോടെ നല്ല ഒരു കേള്‍വിക്കാരന്‍ ആയി...

അദ്ദേഹം തുടര്‍ന്നു...

ദാ .. അങ്ങോട്ട്‌ നോക്കൂ .. താങ്കള്‍ അത് കണ്ടോ... അദ്ദേഹം വിരല്‍ ചൂണ്ടിയ സ്ഥലത്തേക്ക് ഞാന്‍ നോക്കി..
റോഡിന്‍റെ   സൈഡില്‍ പടര്‍ന്നു നില്‍കുന്ന പുല്ലാനി ചെടികളുടെ ഉള്ളില്‍ രണ്ടു പച്ച "ഓന്തുകള്‍ " ഇണ ചേരുന്നു...
ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍   അദ്ദേഹം പറഞ്ഞു.. വേണ്ട .. അവരെ ശല്ല്യ പെടുത്തെണ്ടാ ...
 നോക്കൂ .. ബവാജീ.. ഇങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ട്.. അത് കണ്ടു , അറിഞ്ഞു വേണം നടക്കാന്‍ .. അതായത് നമ്മള്‍ കുഞ്ഞുങ്ങളെപ്പോലെ വേണം നടക്കാന്‍..

ഞങ്ങള്‍ നടത്തം തുടര്‍ന്നു..

പഞ്ചായത്ത് റോഡു അവസാനിക്കാറായി.. അത് ചെന്ന് അവസാനിക്കുന്നത് വിശാലമായ പാടത്തേക്ക് ആണ് ... ഇപ്പോഴും വെയില്‍ ഇല്ല.
പാടത്തേക്ക് ഇറങ്ങുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞു... ഒന്ന് ചുറ്റും നോക്കാന്‍...

പാടത്തിന്റെ ഒരു വശത്ത് വലിയ ഒരു വാഴ തോപ്പ്.. അതിനിടയില്‍ ചേന .. വലിയ നീണ്ട  ഉയര്‍ന്ന തടങ്ങളില്‍ ആണ് വാഴ നട്ടിരിക്കുന്നത് .. ഓരോ തടത്തിനും ഇടയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ചാലുകള്‍ .. വാഴയിലയില്‍ നിന്നും വലിയ മഴ തുള്ളികള്‍ ആ ചാലിലേക്ക് വീഴുന്നു...

പാടത്തിന്റെ മറു സൈഡില്‍ നെല്‍ കൃഷി ...  പച്ച പട്ടു വിരിച്ചപോലെ ..

പാടത്തിന്റെ അറ്റം അവസാനിക്കുന്നിടത്ത് ഒരു കുന്ന്‍.  ആ കുന്നില്‍  രണ്ടോ മൂന്നോ ഓടിട്ട വീടുകള്‍ ... ആ നാട്ടു വെളിച്ചത്തില്‍ അവിടെ നില്‍ക്കുമ്പോള്‍ പ്രകൃതിക്ക് ആകെ ഒരു കാല്പനിക ഭാവം..

പാട വരമ്പിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ചെറുതായി ഒരു കാറ്റ് വീശി.. തണുത്ത , ജല കണങ്ങള്‍ അടങ്ങിയ ആ കാറ്റ് ശരീരത്തില്‍ തട്ടിയപ്പോള്‍ ആകെ കുളില്‍ കോരി..

പാടം മുറിച്ചു കടന്നു ഞങള്‍ ആ കുന്നും ചെരിവിനോടടുത്തെത്തി.. കുന്നില്‍ റബ്ബര്‍ മരങ്ങള്‍ വളരുന്നു... കൂടെ വാഴ .. മറ്റു വൃക്ഷങ്ങള്‍.. പാടത്തിനും  കുന്നിനും അതിരിട്ടുകൊണ്ട്  ഒരു തോട് .. തോടിനു കുറുക ചെറിയ ഒരു മരം വിലങ്ങനെ ഇട്ട പാലം.

തോട്ടിന്‍ കരയില്‍ ഞങ്ങള്‍ നിന്നു. തോട്ടില്‍ പരല്‍ മീനുകള്‍ ഒഴുക്കിനെതിരെ കുതിക്കുന്നു.. തോടിന്റെ കരയില്‍ താള്‍ ചെടികള്‍ വലിയ ഇലകലോട് കൂടി ചെറു കാറ്റില്‍ വിശറി വീശുന്നതുപോലെ ഇളകുന്നു.. ഇടക്ക് തൊട്ടടുത്തുള്ള  മരത്തില്‍ നിന്നും ചാടുന്ന മഴ തുള്ളികള്‍ ആ ഇലകളില്‍ തുള്ളി യായി വീണു വീണ്ടും വീണ്ടും വലുതായി .. ഭാരം  താങ്ങാതെ താളില തല കുമ്പിടു മ്പോള്‍ മഴ തുള്ളികള്‍ തോട്ടിലേക്ക്.. സന്തോഷത്തോടെ പൂര്‍വ്വാധികം ശക്തിയോടെ താളില തല ആട്ടിഇകൊണ്ടിരിക്കുന്നു..

അവിടെ നിന്നും പാലം കടന്നു ഞങ്ങള്‍ ആ കുന്നില്‍ ചെരുവിലേക്ക് കയറി.. അവിടെ മുകളിലേക്ക് മാണ്ണില്‍ വെട്ടി ഉണ്ടാക്കിയ പടവുകള്‍ ഉണ്ട്.. ആ പടവുകള്‍ അവസാനിക്കുന്നത് നേരത്തെ കണ്ട വീടുകളില്‍ ഒരു വീട്ടിലേക്ക് ആണ്.. പടവുകള്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും ..

ര്‍നീം .. ര്‍നീം .. മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി.. അത്താഴതിനുള്ള സമയം ആയി എന്ന അറിയിപ്പ്.. കണ്ണ് തുറന്നു .. സ്വപ്നം ആയിരുന്നു ഇതുവരെ കണ്ടത് എന്ന് വിശ്വസിക്കാനേ തോന്നിയില്ല
കണ്ടു കഴിഞ്ഞ ആ സ്വപ്നത്തിലെ ദൃശ്യങ്ങള്‍ ഏറെ മികവോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു...
ഒരു പുതിയ ഉത്സാഹത്തോടെ,, ആഹ്ലാദതോറെ ഞാന്‍ അത്താഴത്തിനു വേണ്ടി എണീറ്റു ....


5 comments:

നിസാരന്‍ .. said...

സ്വപ്നമാണെന്ന് എനിക്കും തോന്നിയില്ല . നല്ല എഴുത്ത്

sulaiman perumukku said...

രചന സുന്ദരം .... ആശംസകൾ .

നളിനകുമാരി said...

അപ്പോള്‍ അത്താഴത്തിനു മുന്പ് ഉറക്കം ഒരു ദിന ചര്യ ആണോ?
സുധാകര്‍ജി പറഞ്ഞത് ശരിയാ. ദീര്‍ഘമായി ശ്വസിച്ചു ചുറ്റുപാടുകള്‍ വീക്ഷിച്ചുള്ള നടത്തമാണ് ആരോഗ്യത്തിനു നല്ലത്..:)

ഫൈസല്‍ ബാബു said...

നല്ല കഥ ഒഴുക്കോടെ പറഞ്ഞുപോയി .ശൈലി കൊള്ളാം

Unknown said...

സരളമായ ഭാഷ, ഒഴുകിയെത്തുന്നപോലെ വായിച്ചുതീർന്നു. സ്വപ്നമെന്ന് തോന്നാത്തവിധമുള്ളതായിരുന്നു വർണ്ണന. ഇഷ്ടപ്പെട്ടു.