Wednesday, 25 February 2015

നാഗ രാജാവ്

നാഗ രാജാവ് ( ചെറുകഥ )
--------------------------------------------------------------------------------------------
നാഗ തറയില്‍ സന്ധ്യക്ക് വിളക്ക് വെക്കുമ്പോള്‍ ആണ് അവള്‍ അത് കണ്ടത്.. തിളങ്ങുന്ന രണ്ടു കണ്ണുകള്‍ .. അറ്റം പിളര്‍ന്ന നാക്ക് നീട്ടി അവളെ തന്നെ നോക്കി നില്‍കുന്നു .ആദ്യം ഒന്ന് പേടിച്ചു എങ്കിലും , അമ്മമ്മ പറഞ്ഞത് അവള്‍ ഓര്‍ത്തു ..
സന്ധ്യക്ക് വിളക്ക് വെക്കുമ്പോ നാഗരാജാവിനെ കണ്ടാല്‍ സൌഭാഗ്യം വന്നു ചേരും ..
. ഇത്രയും കാലം വിളക്ക് വെക്കുമ്പോള്‍ അവള്‍ കണ്ടിട്ടില്ലായിരുന്നു . എപ്പോഴും ആഗ്രഹിക്കും ഒന്ന് കാണാന്‍ ..
എന്ത് സൌഭാഗ്യം ആണ് തനിക്ക് ഇനി വരാന്‍ പോകുന്നത് ...
ചൊവ്വാ ദോഷത്തിന്‍റെ പേരില്‍ വിവാഹങ്ങള്‍ മുടങ്ങി അച്ഛന്റേയും അമ്മയുടെയും , ഏട്ടന്റെയും എല്ലാവരുടെയും ഉള്ളില്‍ എപ്പോഴും ഒരു തീക്കനലായി ജീവിക്കുന്ന തനിക്ക്‌ ഇനി എന്ത് സൌഭാഗ്യം വരാന്‍ ..
എടീ .. ഈ പെണ്ണ് എവിടെ പോയി .. അമ്മമ്മയുടെ വിളി കേട്ടപ്പോള്‍ അവള്‍ ഒന്നും കൂടി നാഗ രാജാവിനെ നോക്കി .. അപ്പോള്‍ അത് കാവിനുള്ളിലേക്ക് ഇഴഞ്ഞു പോവുകയായിരുന്നു ..
നാഗത്തെ കണ്ടത് അമ്മമ്മയോടു പറയണോ എന്ന് അവള്‍ ഒരു വട്ടം ആലോചിച്ചു .. പിന്നെ വേണ്ട എന്ന് വെച്ചു ..
ഉമ്മറത്ത് എത്തിയപ്പോള്‍ അച്ഛനും അമ്മയും ഏട്ടനും കൂടി എന്തൊക്കെയോ ചര്‍ച്ച ചെയ്യുകയാണ് .. അവള്‍ അവരെ കടന്നു വീട്ടിനുള്ളിലേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍ അച്ഛന്‍ വിളിച്ചു
മോളെ.. അച്ചൂ .. നാളെ ഒരു കൂട്ടര്‍ നിന്നെ കാണാന്‍ വരുന്നുണ്ട്.
അവര്‍ക്ക്‌ ജാതകം ഒന്നും പ്രശനം അല്ല .. നല്ല ഭൂസ്വത്ത് ഉണ്ട് ..
പക്ഷെ ..
അവള്‍ അച്ഛനെ ഒന്ന് തറപ്പിച്ചു നോക്കി ..
അവളുടെ നോട്ടത്തില്‍ നിന്നും മാറി അച്ഛന്‍ തൊടിയിലേക്ക് നോക്കി പറഞ്ഞു .. ആള്‍ക്ക് കുറച്ചു വയസ്സുണ്ട് .. ഭാര്യ മരിച്ചതാ ... മക്കള്‍ എല്ലാം വിവാഹം കഴിഞ്ഞു പോയിരിക്കുന്നു .. എന്നാലും നല്ല ഭൂ സ്വത്ത് ഉണ്ട് ..
മോള്‍ക്ക്‌ രാജകുമാരിയായി വാഴാം ..
അവളൊന്നും മിണ്ടിയില്ല..
അടുത്ത ദിവസം ചെക്കനും കൂട്ടരും അവളെ കാണാന്‍ വന്നു .. ആളെ കണ്ടപ്പോള്‍ തന്നെ അവള്‍ ഞെട്ടി .. അച്ഛനേക്കാളും പ്രായം ഉള്ള ഒരാള്‍..
..
അച്ഛനും അമ്മയ്ക്കും ഏട്ടനും ഒക്കെ എങ്ങിനെ തോന്നി ..
താന്‍ അവര്‍ക്ക് ഒരു ഭാരം ആയോ ....അവള്‍ക്ക്‌ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല..
അവള്‍ അമ്മമ്മയോടു സങ്കടം പറഞ്ഞു ..
സാരല്ല്യ .. മോള്‍ക്ക്‌ നല്ലതേ വരൂ .. അത് കേട്ടപ്പോള്‍ വിളക്ക് വെക്കാന്‍ പോയപ്പോള്‍ നാഗരാജാവിനെ കണ്ട വിവരം അമ്മയോട് പറഞ്ഞു ..
അമ്മമ്മ അത് കേട്ടപ്പോള്‍ കണ്ണടച്ച് കൈ കൂപ്പി എന്തോ പ്രാര്‍ഥിച്ചു ..
കണ്ടോ മോളെ..
നിനക്ക് ഭാഗ്യം വരുന്നു.. ഈ കല്യാണം ഒന്ന് കഴിയട്ടെ ... നീ രാജ കുമാരി ആയിരിക്കും ...
അടുത്ത ദിവസം അവള്‍ സന്ധ്യക്ക് നാഗത്തറയില്‍ വിളക്ക് കൊളുത്താന്‍ പോയപ്പോള്‍ നാഗ രാജാവിനെ നോക്കി.. പക്ഷെ കണ്ടില്ല ..
വിളക്ക് കൊളുത്തി തിരഞ്ഞു പോരുമ്പോള്‍ .. ഒരു ശീല്കാരം ..
കാല്‍ പാദത്തില്‍ ഒരു തണുപ്പ് .. പിന്നെ ...രണ്ട് പല്ലുകള്‍ ആഴ്ന്നിറങ്ങുന്ന ഒരു സുഖമുള്ള വേദന ..
അവള്‍ ആകെ ഒന്നുലഞ്ഞു പോയി.. പിന്നെ തളര്‍ന്നു പതുക്കെ കുഴഞ്ഞു വീണു ..
ഉറക്കത്തി ന്‍റെയും ഉണര്‍വ്വി ന്‍റെയും ഒരു അതിര്‍ വരമ്പിലൂടെ അവള്‍ ..
അപ്പോള്‍ അവള്‍ ഒരു സ്വപ്നം കണ്ടു ...
എട്ടു കുതിരകളെ പൂട്ടിയ ഒരു വെള്ളി തേരില്‍ ഒരു രാജകുമാരന്‍ അവളുടെ അടുത്തേക്ക് വന്നു.. അവളെ കൈകളില്‍ കോരി എടുത്തു ആ രഥത്തില്‍ കിടത്തി അകലെ വാനത്തിലേക്ക് , മേഘ പാളികളിലൂടെ .. ദൂരെ .. ദൂരെ .. ഒരു വെണ്ണക്കല്‍ കൊട്ടാരത്തിലേക്ക്...

1 comment:

സുധി അറയ്ക്കൽ said...

കഥ കുറച്ചു കൂടെ വലുതാക്കാമായിരുന്നു.
പ്രതീക്ഷിച്ച അന്ത്യം.
എന്നാലും നന്നായിരുന്നു.
ആശംസകൾ!!!!!!!!