Thursday, 19 November 2015

പ്രദക്ഷിണ വഴികള്‍ (ചെറു കഥ )

സ്റ്റോക്ക്‌ ലിസ്റ്റിലെ അവസാനത്തെ ഐറ്റവും കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്തു കഴിഞ്ഞു ഒരു നിശ്വാസം വിട്ടുകൊണ്ട് ഗായത്രി വാച്ചിലേക്ക് നോക്കി .. സമയം പന്ത്രണ്ടര .. വിശപ്പ്‌ കുറേശ്ശെ ആയി തുടങ്ങിയിരിക്കുന്നു .. ലഞ്ചു ബ്രേക്കിന് അരമണി ക്കൂര്‍  കൂടി ബാക്കി ഉണ്ട് ... അവള്‍ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്തു .. ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട് . അതാരോക്കെ എന്ന് ഒന്ന് നോക്കി യപ്പോള്‍ ഒരു പേരില്‍ കണ്ണുകള്‍ ഉടക്കി ...

"മധു കരുവാത്ത്" ...

ആ പേര് വായിചപ്പോള്‍ തന്നെ അവള്‍ ഒന്ന് വിറച്ചു .. കയ്യ് വിയര്‍ത്തു ..കുറച്ചു നേരം ആ പേരിലേക്ക് തന്നെ നോക്കി ഇരുന്നു. പിന്നെ പ്രൊഫൈല്‍ നോക്കി ..

ഫോട്ടോ ഉണ്ട് .. കുറച്ചു കഷണ്ടി ആയ ഒരു ഫോട്ടോ .. പെട്ടന്ന് മനസ്സിലാകില്ല .. പക്ഷെ ആ കണ്ണുകള്‍ .. ഹൃദയത്തിനും  അപ്പുറത്തേക്ക് ചൂഴ്ന്നിറങ്ങുന്ന ആ കണ്ണുകള്‍ ..

അവള്‍ ഫ്രെണ്ട് റിക്വസ്റ്റു ആക്സെപ്റ്റ് ചെയ്തു..

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ശേഷം ഇന്‍ബോക്സില്‍ .. ഒരു മെസ്സേജ് ..

ഹായ് .. ഗായികുട്ടീ .....

ഈശ്വരാ.. അവള്‍ക്ക് കരച്ചില്‍ വന്നു ..

ഗായികുട്ടി എന്ന അതെ വിളി ... കാതില്‍ ഇമ്പമായി വന്നു ഹൃദയത്തില്‍ നിറഞ്ഞു നിന്നിരുന്ന വിളി ..

""എന്താടോ .. താന്‍ സ്വപനം കാണുവാണോ .. എന്താ മിണ്ടാത്തെ""... അടുത്ത മെസ്സേജ് ...

ഒന്നും മിണ്ടാന്‍ ആവുമായിരുന്നില്ല അവള്‍ക്ക് .. ടൈപ്പ് ചെയ്യാന്‍ കൈകള്‍ക്ക് ശക്തി ചോര്‍ന്നത്‌ പോലെ തോന്നി ...

ഇരുപത്തി രണ്ടു വര്ഷം  മുന്പ് കണ്ടതാ ...കണക്കുകള്‍കൂട്ടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അവള്‍ക്ക്....

'ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല "എന്ന് അമ്പലത്തിലെ നടയില്‍ നിന്ന് സത്യം ചെയ്തു പോയ ആ ദിവസം മുതല്‍ ...

ഓര്‍മകള്‍ക്ക് ഒരിക്കലും മങ്ങല്‍ ഏറ്റിട്ടില്ല ....

സത്യം ചെയ്തതല്ല .. ചെയ്യിച്ചതാണ് ... അതും തല്ലി ചതച്ചു ജീവ ച്ചവം ആക്കി ...

ഒരു കൊടുംകാറ്റു പോലെ തന്‍റെ മുന്നിലേക്ക്‌ ഓടി വന്നു കിതച്ചുകൊണ്ട് അമ്മ ചോദിച്ചു ...

നീയും അവനും തമ്മില്‍ എന്താടീ ബന്ധം ? ആരെകുറിച്ചാണ് അമ്മയുടെ ചോദ്യം എന്ന് അറിയാം .. എന്നാലും ചോദിച്ചു ..

ആര് ?

നിനക്കറിയില്ലേ .. അവന്‍ .. ആ തെണ്ടി ...

കീഴ് ജാതിക്കാരന്‍ ആയ മധുവിനോടുള്ള പുച്ചവും വെറുപ്പും അമ്മയുടെ വാക്കുകളില്‍ .

ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന തലമുടിയില്‍ കുത്തിപിടിച്ച്‌ അമ്മ ചീറി..
കോളേജില്‍ പറഞ്ഞയച്ചത് പ്രേമിക്കനല്ല .. പഠിക്കാന്‍ ആണ് .. എന്നിട്ട് അവള്‍ പ്രേമിച്ചതോ ...

എന്താടീ മിണ്ടാത്തെ .. ? നിനക്ക് അവനെ ഇഷ്ടം ആണോ ? ..

ഉം ...

ആ മൂളല്‍ .. അത് കേട്ട ഉടനെ അമ്മക്ക് ഭ്രാന്ത് ആയതുപോലെ ..

എടീ.. .. മുടിക്ക് ചുറ്റിപിടിച്ചു തല ചുമരില്‍ ഇടിച്ചു .. വലിച്ചു കൊണ്ടുപോയി റൂമില്‍ കട്ടിലിലേക്ക് തള്ളി .. വാതില്‍ പുറത്തേക്കു കുറ്റിയിട്ടു അമ്മ പോയി ...

പിന്നെ വിശപ്പിന്‍റെ , പീഡന ത്തിന്‍റെ ദിനങ്ങള്‍ ... ഒരമ്മക്ക് ഇത്ര ക്രൂര ആവാന്‍ കഴിയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍..

ഇവര്‍ തന്‍റെ അമ്മ അല്ലാ എന്ന് തോന്നിപോയ കാര്യങ്ങള്‍ ...

വല്ലാതെ വിശന്നു ചുരുണ്ട് കൂടി കിടന്നപ്പോള്‍ ഒരു കിണ്ണ ത്തില്‍ ചോറ് കൊണ്ടുവന്നു തന്നു .. വാരി വലിച്ചു തിന്നുമ്പോള്‍ വായില്‍ അരുചി തോന്നി.. സംശയത്തോടെ അമ്മയെ നോക്കിയപ്പോള്‍ ...

വിഷം ആണെടീ .. നീ ചാവ് എന്ന് പറഞ്ഞ അമ്മ. കുടിക്കാന്‍ ഉപ്പുവെള്ളം കലക്കി തന്നവര്‍ ..

തമിഴ് നാട്ടില്‍ ജോലിക്ക് പോയിരുന്ന അച്ഛന്‍ വന്നപ്പോള്‍ ആണ് ആ റൂമില്‍ നിന്നും മോചനം കിട്ടിയത് . അച്ഛന്‍ എല്ലാ വിവരവും ചോദിച്ചു മനസ്സിലാക്കി .. തന്നെ ചേര്‍ത്ത് നിറുത്തി പറഞ്ഞു ..

സാരല്ല്യാട്ടോ .. അച്ഛന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കുറെ കരഞ്ഞു ..

അന്ന് വൈകീട്ട് അമ്മ പറഞ്ഞു .. അമ്പലത്തില്‍ പോണം എന്ന് ..
തനിക്കും തോന്നി.. ..മനസ്സിനു സമധാനം കിട്ടാന്‍ .... ഇത്രയും ദിവസം ഒരു റൂമില്‍ ആകെ അവശ നിലയില്‍..
..

വൈകീട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പലത്തില്‍ .. നടയില്‍ ചെന്ന് കണ്ണടച്ച് തൊഴുതു ... പ്രദക്ഷിണം വെക്കാന്‍ തുടങ്ങുമ്പോള്‍ >>

കുറച്ചു മാറി .. മധു .. കൂടെ രണ്ടു മൂന്നു പേര്‍ ..

അച്ഛന്‍ കൈകൊണ്ടു ആഗ്യം കാണിച്ചപ്പോള്‍ അവര്‍ മധുവിനെ നടയിലേക്കു കൊണ്ട് വന്നു ..

മധു തന്നെ നോക്കിയതെ ഇല്ല .. താന്‍ മധുവിനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി..

മുഖം എല്ലാം വീര്‍ത്തു ആകെ അവശ നിലയില്‍ ആണ് . നന്നായി അടി കിട്ടിയ നിലയില്‍..

തന്‍റെ ശരീരം ആകെ തളരു ന്നതു പോലെ തോന്നി ...

പൂജാരിയുടെ മുന്നില്‍ .. മധുവിനോട് പറയാന്‍ അച്ഛന്‍ കല്പിക്കുന്നത് കേട്ടു

"ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല
ഇത് സത്യം , സത്യം, സത്യം ..""

അത്രയും കേട്ടതെ ഓര്‍മയുള്ളൂ .. പിന്നെ ബോധം വരുമ്പോള്‍ വീട്ടില്‍ പഴയ റൂമില്‍ തന്നെ ആണ്...

കാലം എത്ര വേഗമാണ് കഴിഞ്ഞു പോയത് ...

വിവാഹം.. ഭര്‍ത്താവ്. പ്രസവം. മകള്‍..ജോലി ..


ഗായത്രി മോണിട്ടറിലെ ക്ക് നോക്കി .അതിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേ ഓഫ്‌    ആണ് .. മൌസ് ഒന്ന് ഇളക്കിയപ്പോള്‍ മോണിട്ടര്‍ തെളിഞ്ഞു വന്നു ..

ഇന്‍ബോക്സില്‍ മധുവിന്‍റെ മെസ്സേജ് ..

"എന്താ .. എന്നെ അറിയില്ലേ.. മറന്നു പോയോ" ...

എന്താണ് പറയേണ്ടത് എന്നറിയാതെ കുഴങ്ങി...

അവള്‍ തളര്‍ച്ചയോടെ മെസ്സേജു ടൈപ് ചയ്തു...

"മധുവേട്ടാ... മറന്നിട്ടില്ല .. മറക്കുകയും ഇല്ല.."

"മാപ്പ് .. എല്ലാറ്റിനും മാപ്പ് "

മനസ്സില്‍ അപ്പോഴും അമ്പല നടയില്‍ വെച്ച് കണ്ട മധുവിന്‍റെ രൂപം ഒരു നീറ്റലായി അങ്ങിനെ നിന്നു ...കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍ തുടച്ചു കൊണ്ട് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു സീറ്റിലേക്ക് ചാരി കിടന്നു ...

അപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്തു .. ഭര്‍ത്താവാണ് ...
ഫോണ്‍ ഓണ്‍ ആക്കി .ചെവിയില്‍ ചേര്‍ത്തു ..

"അതേ .. ഓഫീസില്‍ നിന്നും ഇറങ്ങിക്കോ.. ബസ്സുകള്‍ പണി മുടക്കിലാ .. എന്തോ പെട്ടെന്ന് ഉണ്ടായ സംഘര്‍ഷം.. ഞാന്‍ അതിലെ വരാം ...നമുക്ക് ഒരുമിച്ചു വീട്ടിലേക്കു പോവാം "...

ബോസിനോട് പറഞ്ഞു .ബാഗും കുടയും എടുത്തു .... വിശപ്പ് ചത്തിരുന്നു ..ചോറുപാത്രം അതേപടി എടുത്തു നിരത്തിലേക്ക് ഇറങ്ങി.. ആളുകള്‍ തലങ്ങും വിലങ്ങും പായുന്നു..

ഭര്‍ത്താവിനെ കാത്തു നിരത്തുവക്കില്‍ നില്‍കുമ്പോള്‍ മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധയായ ഒരു സ്ത്രീ മുന്നില്‍ വന്നു കൈ നീട്ടി..

ഒരു നിമിഷം ആലോചിച്ചു .. പിന്നെ ബേഗില്‍ നിന്നും  ചോറ്റ് പാത്രം എടുത്തു ചോറ് അവര്‍ക്ക് നീട്ടി..

അവര്‍ സന്തോഷത്തോടെ അത് വാങ്ങി..മുഷിഞ്ഞ ചേല തുമ്പിലേക്ക് കൊട്ടി  തിരിച്ചു പാത്രം മേടിച്ചു ബാഗില്‍ ഇട്ടപ്പോഴെക്കും ഭര്‍ത്താവ് വന്നു..

ഭര്‍ത്താവിന്‍റെ കൂടെ സ്കൂട്ടറില്‍ കയറി .. വണ്ടി മുന്നോട്ട് നീങ്ങി യപ്പോള്‍ ആ വൃദ്ധയായ സ്ത്രീയെ തിരിഞ്ഞു നോക്കി .. അവര്‍ അപ്പോഴും തൊഴു കയ്യോടെ നില്കുകയായിരുന്നു ...


Sunday, 1 November 2015

ഈച്ച ( ചെറുകഥ )




മഴയുടെ ഈര്‍പ്പം തങ്ങി നില്‍കുന്ന പ്രഭാതത്തില്‍ ഷഫീക് നടക്കാന്‍ ഇറങ്ങി . . ചെറിയ കുളിരില്‍ ഇടയ്ക്കു മഴ വെള്ളം കെട്ടി നില്‍കുന്ന റോഡിലൂടെ ഉള്ള ആ പ്രഭാത സവാരി ഒരു ഉന്മേഷം തന്നെ ആണ് .. പാടത്തിനു നടുവിലൂടെ ഒന്നരകിലോമീറ്റര്‍ നീളമുള്ള ആ റോഡ്‌ ഉണ്ടായിട്ടു അധികം കാലം ആയിട്ടില്ല ... മുന്പ് അമ്പലത്തിന്‍റെ സൈഡിലൂടെ പാട ത്തിന്‍റെ അരികിലൂടെ ഉള്ള നടവരമ്പി ലൂടെ ആയിരുന്നു നടത്തം  ...

ഷഫീക് ഗള്‍ഫില്‍ ആയിരുന്നു .. ഇപ്പോള്‍ അവധിക്ക് വന്നതാണ് ...ഗള്‍ഫില്‍ പോകുന്നതിനു മുന്നേഎന്നും  രാവിലെ നടക്കാന്‍ പോകുന്നത് ഒരു ശീലം ആയിരുന്നു ... ഗള്‍ഫിലും അവസരം കിട്ടുമ്പോള്‍ ഒക്കെ നടക്കാന്‍ പോവാറുണ്ട് ...

ഷഫീക് നടന്നു നടന്നു റോഡിന്‍റെ അറ്റത്തു എത്തി .. റോഡു ചെന്ന് മുട്ടുന്നത് മെയിന്‍ റോ ഡിലേക്ക് ആണ് അവിടെ ഒരു കവല ഉണ്ട് . ആ കവലയില്‍ നിന്നും അമ്പലത്തി ലേക്ക് ഒരു നടപ്പാത ഉണ്ട് . അമ്പലം വളരെ പ്രസിദ്ധമാണ് .. അമ്പലത്തിലേക്കുള്ള നടപ്പാത തുടങ്ങുന്നിടത്താണ് ഗോപാലന്നായരുടെ ചായകട . കവലയില്‍ അതിരാവിലെ ആദ്യം തുറക്കുന്ന പീടിക നായരുടെതാണ് ..രാവിലെ അമ്പലത്തിലേക്ക് വരുന്നവരും, പാടത്ത് വെള്ളം തിരിക്കാന്‍ വരുന്നവരും ഒക്കെ തരക്കേടില്ലാത്ത കച്ചവടം നടക്കുന്ന പീടികയാണ്‌  . ഷഫീക് ചായ പീടികയിലേക്ക്‌ ചെന്ന് ബെഞ്ചില്‍ ഇരുന്നു .. പീടികയില്‍ അപ്പൊ ആരും ഇല്ല

നായരെ ഒരു ചായ ....

നായര്‍ ദോശ കല്ലില്‍ ദോശ ചുടുകയാണ് ... ദോശ കല്ലില്‍ മൊരിയുമ്പോള്‍ ഉണ്ടാകുന്ന കൊതിപ്പിക്കുന്ന ഒരു മണം ഉണ്ട്.

ആരാത് .. ഷഫീ ക്കോ .. ജ്ജ് എപ്പളെ വന്നതു ? .. എന്ന് ചോദിച്ചുകൊണ്ട് നായര്‍ ചായ ഗ്ലാസ് കഴുകാന്‍ തുടങ്ങി..

ഞാന് ഇന്നലെ ....

അല്ല അനക്ക് ചായക്ക് പഞ്ചസാര എങ്ങിനെയാ ...

സാധാരണ മധുരം .. പടച്ചോന്‍ സഹായിച്ചിട്ടു ഇപ്പൊ ഒരു കുഴപ്പവും ഇല്ല നായരെ ...

അല്ല ഇപ്പൊ മിക്ക ആള്‍ക്കാര്‍ക്കും ഷുഗറ .. അതും പറഞ്ഞു കൊണ്ട് നായര്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി....

ചായ ഉണ്ടാക്കി ഷഫീക്കി ന്‍റെ മുന്നില്‍ വെച്ച് നായര്‍ വീണ്ടും ദോശ കല്ലിലേക്ക് തിരിഞ്ഞു .. ഷഫീക്ക് ചായ ഒരു കവിള്‍ കുടിച്ചു ..എന്നിട്ട് മനസ്സില്‍ ഓര്‍ത്തു.. എന്താ രുചി .. നാടന്‍ ചായയുടെ രുചി അത് ഒന്ന് വേറെ തന്നെയാണ് .. അങ്ങിനെ ആസ്വദിച്ചു ചായ കുടിച്ചും കൊണ്ടിരിക്കുമ്പോള്‍ ആണ് നായരെ .. എന്ന ഒരു അലര്‍ച്ചയോടെ ഒരാള്‍ ഓടി പീടികയിലേക്ക്‌ വന്നത് ..

വന്ന ആളെ ഷഫീക്കിന് പരിചയം ഇല്ല. .. അതെങ്ങനെയാ .. പത്തിരുപതു കൊല്ലായി പ്രവാസി ആയിട്ട് .. പുതിയ തലമുറയിലെ ഒരാളെയും പെട്ടന്ന് തിരിച്ചറിയില്ല ..

എന്താ .. എന്താ .. നായര്‍ വളരെ ഉധ്വോഗത്തോടെ ചോദിച്ചു ..

വന്ന ആള് ആകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഒരു തോര്‍ത്ത് മുണ്ടാണ് വേഷം .. കയ്യില്‍ ഒരു ലുങ്കി ചുരുട്ടി കൂട്ടി പിടിച്ചിരിക്കുന്നു . ഷഫീക് ആലോചിച്ചു .. പുറത്ത് മഴ പെയ്യുന്നില്ലല്ലോ . പിന്നെ എങ്ങനെ ഇയാള്‍ ആകെ നനഞു ...

അതെ.. അവിടെ അമ്പലകുളത്തില്‍ ഒരാള്‍ .. ഒരാള്‍ ..അയാള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ...

ആരാ .. ഷഫീക്കും നായരും ഒരുമിച്ചാണ് ചോദിച്ചത് ..
അറിയില്ല.. കമിഴ്ന്നാണ് കിടക്കുന്നത് .. ഞാന്‍ കുളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ എന്‍റെ നേരെ മുന്‍പില്‍ ...

അയാള്‍ നിന്ന് വിറക്കാന്‍ തുടങ്ങി ...

എന്‍റെ ഭഗവാനെ  .. ചതിച്ചോ എന്ന ഒരു നിലവിളിയോടെ നായര്‍ അമ്പലത്തിലേക്ക് ഓടി .. പിറകെ ഷഫീക്കും ഒപ്പം അയാളും .. അമ്പല നടക്കു മുന്നിലെ ചെറിയ  മുറ്റത്ത് എത്തിയപ്പോള്‍ ആണ് ഷഫീക്കിന് പെട്ടന്ന് ഓര്‍മ വന്നത്.. തനിക്ക് അതുവരെ മാത്രമേ  പ്രവേശനം ഉള്ളൂ .. ഷഫീക് അവിടെ നിന്നു .. നായരും കൂടെ വന്ന ആളും അമ്പലത്തിലേക്ക് കയറിപോയി..
എന്ത് ചെയ്യണം എന്നറിയാതെ ഷഫീക്ക് അവിടെ തന്നെ നിന്നു ..

ആരാദ് .. എന്ന ഒരു വിളി കേട്ടപ്പോ ഷഫീക് തിരിഞ്ഞു നോക്കി .. പരിചയം ഇല്ലാത്ത രണ്ടു പേര് ..
എന്താ പറയേണ്ടത് എന്നറിയാതെ ഷഫീക് ഒന്ന് പരുങ്ങി ..
ഇത് ഞാനാ .. ഷഫീക് ... കിതപ്പോടെ ഷഫീക് പറഞ്ഞു

ഷഫീക് എന്ന പേര് കേട്ടപ്പോള്‍ വന്നവര്‍ ഒന്ന് ഞെട്ടിയോ എന്ന് തോന്നി .. എന്തോ ഒരു അത്ഭുത വസ്തുവിനെ കണ്ടത് പോലെ .. അവര്‍ പരസ്പരം നോക്കി ...

ഏതു ഷഫീക് ? തനിക്കെന്താ ഈ സമയത്ത് ഇവിടെ കാര്യം ...

പെട്ടന്നാണ് ഷഫീക്കിന് കാര്യം പിടികിട്ടിയത് .. അസമയത് ഒരു മുസ്ലിം അമ്പലമുറ്റത്ത്‌ .. വ്യാഖ്യാനങ്ങള്‍ പലതും ഉണ്ടാവാം. പഴയ നാട് അല്ല .. ഒരു പാടു മാറിയിരിക്കുന്നു .. മറ്റെല്ലാ മേഖലയിലും നാട്ടില്‍ പുരോഗതി വന്നിരിക്കുന്നു.. എന്നാല്‍ മനുഷ്യന്റെ ചിന്തകള്‍ക്ക്   മാത്രം  ...

അത് .. അവിടെ അമ്പലകുളത്തില്‍ ആരോ മുങ്ങി .. ആ വാചകം  പൂര്‍ത്തിയാക്കും മുന്നേ നായരും മറ്റേ ആളും കൂടി ഓടി ഇറങ്ങി വന്നു ...

ആരാ അവിടെ .. ഒന്ന് ഓടി വരിക... നായര്‍ തിരിച്ചു വീണ്ടും അമ്പലത്തിലേക്ക് ഓടി പോയി ..

ഷഫീക്കി ന്‍റെ അടുത്ത് നിന്നിരുന്ന രണ്ടു പേരും ഒരു തീഷ്ണമായ നോട്ടം ഷഫീക്കിനെ നോക്കിയിട്ട് നായരുടെ പിന്നാലെ അമ്പലത്തിലേക്ക് ഓടി ...

ഷഫീക് ആകെ അസ്വസ്ഥനായി .. ആരായിരിക്കും .. എന്താണ് സംഭവിച്ചിട്ടുണ്ടാവുക ... അകത്തുപോയ ആരെങ്കിലും ഒന്ന് പുറത്തേക്കു വന്നെങ്കില്‍ ചോദിക്കാ മായിരുന്നു ... കുറച്ചു നേരം കൂടി ഷഫീക് അവിടെ നിന്നു.. പിന്നെ നടന്നു

ഷഫീക്ക് നടപ്പാതയിലൂടെ ചായപീടികയിലേക്ക് തന്നെ ചെന്നു.. അപ്പോള്‍ അവിടെ രണ്ടു മൂന്നു ആളുകള്‍ നില്കുന്നു .. എല്ലാവരും നായരെ അന്വേഷിക്കുകയാണ് .. ചായപീടികയും തുറന്നു വെച്ച് ഇയാള്‍ ഇത് എങ്ങോട്ട് പോയി  എന്നാ എല്ലാവരും  അന്വേഷിക്കുന്നത് ..

ഷഫീക്ക് അവരോടു കാര്യങ്ങള്‍ പറഞ്ഞു .. അവരെല്ലാവരും കൂടി അമ്പലത്തിലേക്ക് ഓടി..

ഇനി എന്താ ചെയ്യേണ്ടത് എന്നറിയാതെ തുറന്നു വെച്ച ആ ചായപീടികയിലെ ഒരു കാവല്‍കാരനെ പോലെ അവിടെ ബെഞ്ചില്‍ കുത്തി ഇരുന്നു .. ആകെ വല്ലാത്ത ഒരു പരവശം .. കുറച്ചു വെള്ളം കിട്ടിയാല്‍ നന്നായി എന്ന് ഷഫീക്കിന് തോന്നി ..അപ്പോള്‍ ഷഫീക് കണ്ടു .. കുറച്ചു മുന്‍പ്‌ തന്‍ പകുതി കുടിച്ചു വെച്ചിരിക്കുന്ന ചായഗ്ലാസ് ..
ആ ഗ്ലാസിലെ ചായ കുടിക്കാന്‍ വേണ്ടി കയ്യിലെടുത്തപ്പോള്‍ അതില്‍ ഒരു ഈച്ച കൈകാലിട്ടടിക്കുന്നു .. പിന്നെ പിന്നെ അത് നിശ്ചലമായി . ആ കുളിരുള്ള പ്രഭാതത്തിലും ആകെ വിയര്‍ത്തു ഷഫീക് ആ ചായ ഗ്ലാസ്സിലേക്ക്‌ തന്നെ തുറിച്ചു നോക്കി ഇരുന്നു ...

Sunday, 4 October 2015

ചിലമ്പ് -- ചെറുകഥ


രാവേറെ ചെന്നിരിക്കുന്നു ... രണ്ടു വ്യാഴ വട്ട ത്തിനു ശേഷം ജനിച്ച വീട്ടില്‍ വീണ്ടും ഒരു രാത്രി... മുരളിക്ക് ഉറക്കം വന്നതേയില്ല ... ജനല്‍ വാതിലിനടുത്ത് ചെന്ന് മുരളി പുറത്തേക്ക് നോക്കി ..വൃശ്ചിക മാസം ആണെന്ന് തോന്നുന്നു അകലെ തൊടിക്ക പ്പുറത്ത് നിന്നുള്ള വയലില്‍ നിന്നും അടിക്കുന്ന കാറ്റിനു നല്ല തണുപ്പ് .

മുരളി ആലോചിച്ചു .... എന്തുകൊണ്ട് അമ്മയും അനിയനും നീ ഇത്രകാലം എവിടെ ആയിരുന്നു എന്ന് ചോദിച്ചില്ല .. ഒരുമിച്ചു അത്താഴം കഴിക്കുമ്പോള്‍ ആ ചോദ്യം പ്രതീക്ഷിച്ചതാണ്
..പക്ഷെ ...
അമ്മ ... തന്നെ ഊട്ടുന്ന തിരക്കിലായിരുന്നു .. തനിക്ക്‌ ഏറെ ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും കാളനും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ...

ഒരു പക്ഷെ തന്‍റെ യാത്ര അനിവാര്യമായിരുന്നു എന്ന് അമ്മയും അനിയനും കരുതുന്നുണ്ടാവും ...

ജനലില്‍ കൂടി എത്തുന്ന കാറ്റില്‍ ശരീരം തണുക്കാന്‍ തുടങ്ങിയപ്പോള്‍ മുരളി കിടക്കയില്‍ വന്നു കിടന്നു .. ഉറക്കം അപ്പോഴും വിട്ടു നില്‍കുന്നു .. മുകളില്‍ മച്ചി ലേക്ക് നോക്കി കിടന്നപ്പോള്‍ മനസ്സില്‍ കഴിഞ്ഞുപോയ തന്‍റെ പ്രവാസത്തെകുറി ച്ച് ഒന്ന് വിശകലനം ചെയ്യാന്‍ തുടങ്ങി ...

കഴിഞ്ഞ ഇരുപത്തിനാല് വര്ഷം ... അലയുകയായിരുന്നു ... എന്തെല്ലാം വേഷങ്ങള്‍ .. എന്തെല്ലാം ഭാഷകള്‍ ,എന്തെല്ലാം ജനങ്ങള്‍ .. എന്തെല്ലാം ജോലി .. കാറ്റ് , മഴ , ചൂട് , തണുപ്പ് ,,,,

ഇപ്പോഴിതാ വീണ്ടും ഇവിടെ ...

"അടച്ചിട്ട മുറിയുടെ വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ട് മുരളി കിടക്കയില്‍ നിന്നും തല ഉയര്‍ത്തി നോക്കി .. അമ്മ യാണ് ..
ഇരുപത്തിനാല് വര്‍ഷത്തിനു ശേഷവും എത്ര പെട്ടന്നാണ് അമ്മക്ക് തന്നെ മനസ്സിലായത് ..

മോനെ .. എന്ന ഒരു വിളിയില്‍ തന്നെ പുണരുമ്പോള്‍ വീണ്ടും അമ്മയുടെ പഴയ മുരളി കുട്ടന്‍ ആയി.. ഇന്ന് കാലം അമ്മയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പണ്ട് ഉണ്ടായിരുന്ന അതെ കുലീന ഭാവം ഇന്നും ഉണ്ട് .. ഒട്ടും കുറവില്ലാതെ ...

നീ ഉറങ്ങിയോ ? .. അമ്മ അടുത്ത് വന്നു കട്ടിലില്‍ ഇരുന്നു . മുരളി കട്ടിലില്‍ ചാരി ഇരുന്നു ...

അമ്മ അവന്‍റെ നെറുകയി ലൂടെ തലയില്‍ വിരലുകള്‍ ഓടിക്കാന്‍ തുടങ്ങി...
അപ്പോള്‍ മുരളിക്ക് സങ്കടം പെരുത്തുവന്നു.. ..

അമ്മെ.. ഞാന്‍ ..

അവന്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു കരയാന്‍ തുടങ്ങി
വേണ്ട .. മോനെ ..കരയല്ലേ.. സംഭവിച്ചത് സംഭവിച്ചു ....
അമ്മെ.. അച്ഛന്‍ ..
തന്‍റെ വായില്‍ നിന്നും അച്ഛന്‍ എന്നാ വാക്ക് കേട്ടപ്പോള്‍ അമ്മയുടെ കണ്ണിലും നനവ് പടരുന്നത് മുരളി കണ്ടു ...

മോന്‍ ഉറങ്ങിക്കോ .. എന്ന് പറഞ്ഞു അമ്മ പെട്ടന്ന് മുറി വിട്ടുപോയി ...
മുരളി കട്ടിലില്‍ ചാരി കിടന്നു ...
എത്രയോ രാവില്‍ ആ ദിവസവും ദൃശ്യ വും അവന്‍റെ ഉറക്കം നഷ്ടപെടുത്തിയിരിക്കുന്നു .. ഇന്നെങ്കിലും അതുണ്ടാവരുതെ എന്ന് പ്രാര്‍ഥി ച്ചതാ...

എന്നിട്ടും ...

എടീ .. ഒരുമ്പെട്ടോ ളെ ... സന്ധ്യക്ക്‌ എവിടാടീ നീ .. ഒരു അലര്‍ച്ച
ചോര കണ്ണുകളും , കയ്യില്‍ വാളും , ചുവന്ന പറ്റും ഉടുത്തു ആടി കുഴഞ്ഞു കോമര വേഷത്തില്‍ അച്ഛന്‍ ...
വീടിനു വെളിയിലേക്ക് വരുന്ന അമ്മ .. കസേരയുടെ മറവിലേക്ക് കണ്ണ് പൊത്തി ചുരുണ്ട് കൂടുന്ന അനിയന്‍ .. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നില്‍കുന്ന പതിനാലുകാരന്‍ ആയ താന്‍ ..
അമ്മയുടെ മുടി കുത്തി പിടിച്ചു മര്‍ദ്ധിക്കുന്ന അച്ഛന്‍ .. ഒരക്ഷരവും മിണ്ടാതെ കണ്ണീരോടെ താഡനം ഏറ്റുവാങ്ങുന്ന അമ്മ ...മിക്കവാറും എല്ലാ ദിവസവും വീട്ടിലെ സന്ധ്യാ സമയത്തെ കാഴ്ച..

പക്ഷെ .. അന്ന് അമ്മയെ അച്ഛന്‍ തള്ളി യപ്പോള്‍ അമ്മ ചുമരിലേക്കു വീണു .. പിന്നെ കുഴഞ്ഞു തറയില്‍ വീണ അമ്മയെ ചവിട്ടാന്‍ അച്ഛന്‍ കാലോങ്ങിയപ്പോള്‍ .. തന്‍റെ തലയില്‍ ഒരായിരം വണ്ടുകള്‍ മൂളുന്നതുപോലെ തോന്നി ..

പിന്നെ .. ഒറ്റ തള്ളായിരുന്നു .. ചാരുകസേരയും അച്ഛനും കൂടി തറയിലേക്കു ..
അത് കണ്ട അമ്മ തപ്പി പിടഞ്ഞു എണീറ്റ്‌ അച്ഛന്‍റെ അടുത്തേക്ക് ചെന്ന് അച്ഛനെ മലര്‍ത്തി ഇട്ടപ്പോള്‍ ..

കണ്ണ് തുറിച്ചു .. കഴുത്തില്‍ വാള്‍ അമര്‍ന്നു .. ചോര കൂടെ കൂടെ ചീറ്റുന്ന രംഗം
മോനെ.. എന്താ നീ ചെയ്തെ എന്നാ അമ്മയുടെ ഒരു ഒറ്റ നിലവിളി കേട്ടു ..
മുരളി അനിയനെ നോക്കി .. അവന്‍ അപ്പോഴും കാണാന്ടച്ചു കമിഴ്ന്നു
 കിടക്കുന്നു ....

പിന്നെ ഒന്നും നോക്കിയില്ല .. മുറ്റത്തേക്ക്‌ ഒരു ചാട്ടം .. പടികടന്നു ഒരോട്ടം ....
മുരളി തല കുടഞ്ഞു ... പിന്നെ കട്ടിലില്‍ കിടന്നു കണ്ണുകള്‍ ഇറുകി അടച്ചു ..
കാക്കകളുടെയും കോഴികളുടെയും ഒക്കെ ശബ്ദം കേട്ടാണ് മുരളി കണ്ണ് തുറന്നത് .. ഉറക്ക ത്തിന്‍റെ നേര്‍ രേഖയില്‍ നിന്നും ഉണര്‍വ്വിലെക്കെത്താന്‍ കുറച്ചു സമയം എടുത്തു .. ഒരു തരം സ്ഥല കാല ഭ്രമം ആദ്യം അനുഭവപെട്ടു .. പിന്നെ യാഥാര്‍ത്യ ത്തിലേക്ക് മനസ്സും ശരീരവും പാകപെട്ടു..

ജനലില്‍ കൂടി സൂരന്റെ രശ്മികള്‍ അരിച്ചരിച്ചു റൂമില്‍ എത്തിയിട്ടുണ്ട്
കുറച്ചു നേരം മച്ചിലേക്ക് തന്നെ നോക്കി കിടന്നു .. സമയം എത്ര ആയിട്ടുണ്ടാവും ..

ഇത്രയും കാലം സമയത്തെ കുറിച്ച് താന്‍ അന്വേഷിട്ടെ ഇല്ല .. ഇപ്പൊ എന്തെ അങ്ങിനെ ഒരു വിചാരം .. മുരളി ഉള്ളില്‍ ഒന്ന് ചിരിച്ചു ..പിന്നെ പതുക്കെ എണീറ്റ്‌ ഉമ്മരത്തെക്ക് ചെന്നപ്പോള്‍ ആരെയും കണ്ടില്ല.. അടുക്കളയിലേക്കു ചെന്നപ്പോള്‍ അമ്മ ദോശ ഉണ്ടാക്കുന്നു ..

നീ എണീറ്റോ .. കുറച്ചും കൂടി കിടന്നൂടായിരുന്നോ .. അമ്മ ചോദിച്ചു ..
അതിനുത്തരം പറയാതെ പുറത്തേക്ക് ഇറങ്ങി ...
പുറത്ത് കിണറി ന്‍റെ അടുത്ത് ചെന്ന് കിണറ്റിലേക്ക് ഒന്ന് നോക്കി .. പിന്നെ മുറ്റത്തൂടെ ഉമ്മറത്തെ ത്തി .. അവിടെ തൊടിയിലേക്ക്‌ നോക്കിയപ്പോള്‍ ഒരു സിമന്റ് കല്ലറ .. മുരളി ഒന്ന് ഞെട്ടി .. കുറച്ചു നേരം ആ കല്ലറ നോക്കി നിന്ന ശേഷം അതിനടുത്തേക്ക് ചെന്നു .. പിന്നെ പതുക്കെ അത് ഒന്ന് തൊട്ടു .. മനസ്സില്‍ പറഞ്ഞു

അച്ഛാ .. മാപ്പ് .. മുരളിയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വീഴാന്‍ തുടങ്ങി ..
ഒരു ഒറ്റ ചെണ്ടയുടെ നാദ ത്തോടൊപ്പം ഒരു ചിലങ്കയുടെ ശബ്ദവും കേട്ട് മുരളി തിരിഞ്ഞു നോക്കി .. അപ്പോള്‍ ചുവന്ന പട്ടുടുത്തു കയ്യില്‍ വാളും , കാലില്‍ ചിലങ്കയും അണിഞ്ഞു കോമരവും പിന്നില്‍ ചെണ്ടയില് ഒറ്റത്താളം കൊട്ടി ചെണ്ടക്കാരനും ചാക്ക് ചുമടും ഏന്തി വേറെ രണ്ടു മൂന്നു പേരും കൂടി പടി കടന്നു വരുന്നു ..

ദേവീ ... കോമരം നീട്ടി വിളിച്ചു .. ആ വിളികേട്ടു അമ്മ ഉമ്മറത്തേക്ക് വന്നു ..
അമ്മ ചുറ്റും നോക്കുന്നു .. തന്നെ അന്വേഷിക്കുകയാവും .. മുരളി ഒരു നിമിഷം ആലോചിച്ചു .. അങ്ങോട്ട്‌ പോകണോ .. പിന്നെ ഉമ്മറത്തെക്ക് ചെന്നു ..
ഉമ്മറത്ത്‌ എത്തിയപ്പോള്‍ കൊമാരത്തി നു സംശയം പോലെ മുരളിയെ തറപ്പിച്ചു നോക്കി .. പിന്നെ അമ്മയുടെ മുഖത്തേക്കും ...

മുരളി .. എന്‍റെ മൂത്ത മകന്‍ .. ഇന്നലെയാ വന്നത് ...

കോമരം ഒന്നും കൂടി മുരളിയെ നോക്കി.. പിന്നെ അച്ഛന്‍റെ കല്ലറയിലെ ക്കും ...
എന്നിട്ട് കണ്ണടച്ച് കുറച്ചു നേരം നിന്നു .. പിന്നെ മുരളിക്ക് നേരെ അടുത്ത് വന്നു കയ്യിലുള്ള അരിയും പൂവും നെറുകയിലേക്ക് എറിഞ്ഞു ...

"" ഒക്കെ ക്ഷമിച്ചിരിക്കുന്നു ....കഷ്ടകാലം കഴിയുന്നു ... മനസ്സിലെ തീ അണ ച്ചോളൂ ...ശിഷ്ടകാലം സന്തോഷ ത്തിന്‍റെ താണ് ...

തൊഴു കൈ യ്യുമായി മുരളി കണ്ണടച്ച് തല കുമ്പിട്ടു നിന്നു .. അപ്പോള്‍ ഒരു ഇളം തെന്നല്‍ അവരെ എല്ലാവരെയും തഴുകി കടന്നു പോയി ...

Monday, 28 September 2015

ഒഴിഞ്ഞ കൂട് ( ചെറു കഥ )


അതിരാവിലെ തുടങ്ങിയ മഴയാ .. ഇതുവരെ പെയ്ത് ഒഴിഞ്ഞിട്ടില്ല. നേര്‍ത്ത്‌ പെയ്തു തുടങ്ങി ഇപ്പൊ രൌദ്ര ഭാവത്തിലാണ് പെയ്യുന്നത് .. സമയം എഴുമണി ആയിരിക്കുന്നു ...
രജനി കിടക്കയില്‍ നിന്നും എഴുന്നേറ്റു .. തൊട്ടപ്പുറത്ത്
കിടക്കുന്ന ഭര്‍ത്താവിനെ നോക്കി .. അദ്ദേഹം മൂടിപുതച്ചു കിടക്കുകയാണ് ...
അവള്‍ അടുക്കളയില്‍ ചെന്ന് എന്നത്തെയും പോലെ ജനവാതില്‍ തുറന്നു .. അതാണ്‌ ആദ്യം ചെയ്യുക.. ജനവാതിലില്‍ കൂടി ഈറന്‍ പുരണ്ട ഒരു കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു.. ജനവാതിലില്‍ കൂടി നോക്കിയാല്‍ തൊടിക്കു അപ്പുറം വിശാലമായ വെള്ള കെട്ടു ആണ് ..
മൂടികെട്ടി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ആ വെള്ളകെട്ടും അതിന്‍റെ പരിസരവും കാണാന്‍ തന്നെ നല്ല ഭംഗി .. അവള്‍ കുറച്ചു നേരം അത് തന്നെ നോക്കി നിന്നു ..
ഞായറാഴ്ച യാണ് . ഭര്‍ത്താവിനു ഓഫീസ് ഇല്ല .എല്ലാം വളരെ പതുക്കെ പതുക്കെ ചെയ്തു തുടങ്ങുന്ന ദിവസം . അല്ലാത്ത ദിവസങ്ങളില്‍ അഞ്ചു മണിക്കേ എണീറ്റ്‌ അടുക്കളയില്‍ കേറണം ... ഏഴു മണി ആവുമ്പോഴേക്കും അദ്ദേഹത്തിനു പോകണം ...
രജനി അടുക്കളയുടെ വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങി..
"രജനി അമ്മേ .. രജനി അമ്മേ .." . മിച്ചുവിനു വിശക്കുന്നു ...
മിച്ചു ..ഒരു പനം തത്തയാണ് .. വിറകുപുരയില്‍ ഒരു കൂട്ടിലാണ് അവന്‍. മുന്പ് തൊടിയിലെ ഒരു തലപോയ തെങ്ങ് വെട്ടിയപ്പോള്‍ ആ തെങ്ങിലെ പൊത്തില്‍ നിന്നും കിട്ടിയതാ.. അന്ന് അവന്‍ വളരെ ചെറുതാ യിരുന്നു .. അവനെ വളര്‍ത്താം എന്ന് പറഞ്ഞപ്പോ ഭര്‍ത്താവ് ആദ്യം സമ്മതിച്ചില്ല ... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് അയാള്‍ സമ്മതിച്ചതും ടൌണില്‍ നിന്നും ഒരു കൂട് മേടിച്ചു കൊണ്ടുവന്ന തും. അവള്‍ അവനെ മിച്ചു എന്ന് വിളിക്കാന്‍ തുടങ്ങി ..ഇപ്പൊ അവന്‍ വലുതായി.. സംസാരിക്കാന്‍ തുടങ്ങി ...
രജനി അടുക്കളയിലേക്കു തന്നെ തിരിച്ചു കയറി.. അവിടെ പച്ചക്കറി കൊട്ടയില്‍ നിന്നും ഒരു ചെറു പഴം എടുത്തു . മിച്ചുവിന്‍റെ കൂട് തുറന്നു അതിലുള്ള ചെറു കിണ്ണ ത്തില്‍ ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു കൊടുത്തു ... പിന്നെ ബ്രഷ് എടുത്തു മിച്ചു പഴം തിന്നുന്നതും നോക്കി പല്ല് തേപ്പു തുടങ്ങി ...
അത് കഴിഞ്ഞു അടുക്കളയില്‍ വന്നു സററവ്വ് കത്തിച്ചു ചായക്ക് വെള്ളം വെച്ചു ...ബെഡ് റൂമില്‍ ചെന്ന് നോക്കി .. അദ്ദേഹം ഉറക്കത്തില്‍ തന്നെ ആണ്. അവള്‍ അയാളെ വിളിക്കാന്‍ പോയില്ല .. തിരിച്ചു അടുക്കളയില്‍ വന്നു ജനവാതിലിലൂടെ പുറത്തെ മഴനോക്കി കൊണ്ടിരുന്നു .. പുറത്തെ മൂടികെട്ടിയ അന്തരീക്ഷവും മഴയും എല്ലാം നോക്കി കൊണ്ടിരുന്നപ്പോള്‍ അവളുടെ മനസ്സിലും ദു : ഖ ത്തിന്‍റെ മഴ ക്കാര്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി...
- എന്താ വിശേഷം ഒന്നും ആയില്ലേ....
-- കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ നാലഞ്ചു കൊല്ലം ആയില്ലേ...
-- നല്ല ഒരു ഡോക്ടറെ കണ്ടുകൂടെ ....
--- ആര്‍ക്കാ കുഴപ്പം ....
ഒരുപാട് ചോദ്യങ്ങള്‍ ..കാണുന്നവര്‍ ഒക്കെ ചോദ്യങ്ങള്‍ എപ്പോഴും ആവര്ത്തിക്കുന്നതുകൊണ്ട് പുറത്തേക്ക് തന്നെ പോവാറില്ല...
കല്ല്യാണം കഴിഞു രണ്ടു വര്ഷം ആയിട്ടും വിശേഷം ഒന്നും ആയില്ല . അപ്പോഴാണ് നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ അതിലും പ്രശസ്ത ആയ ഗൈ ന ക്കൊളജിസ്ററി നെ കാണാന്‍ പോയത്. ഊഴം കാത്തു ഇരിക്കുമ്പോള്‍ മുറിക്കു പുറത്തുള്ള ചുമരില്‍ ഒരു പൂ പോലെ വിരിയുന്ന പാല്‍ പുഞ്ചിരിയോടെ ഉള്ള ഒരു കുഞ്ഞിന്‍റെ കോമള ചിത്രം . അതില്‍ നിന്നും കണ്ണെടുക്കാന്‍ തന്നെ തോന്നിയില്ല ... ആ കുഞ്ഞിനെ പോലെ ഒരു കുഞ്ഞിനെ വാരി എടുത്തു നെഞ്ചോടു ചേര്‍ക്കാന്‍ അവളുടെ മാറിടം ത്രസിച്ചു ...
പരിശോധനകള്‍ക്കും ഒരു പാട് ടെസ്റ്റുകള്‍ക്കും ശേഷം തനിക്ക്‌ ഒരമ്മ ആവാന്‍ കഴിയില്ല എന്ന് അറിഞ്ഞപ്പോള്‍ .......
ഇപ്പോള്‍ ആ തിരിച്ചറിവ് ഉള്കൊണ്ടിരിക്കുന്നു.
അതിനു ശേഷം അദ്ദേഹം ...
അതാണ്‌ അവള്‍ക്കു ഏറെ സഹിക്കാന്‍ കഴിയാത്തത് ... എപ്പോഴും തമാശയും കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്ന വീട്ടില്‍ ഇപ്പോള്‍ ശ്മശാന മൂകത .... രണ്ടു റോബോട്ടുകള്‍ പോലെ രണ്ടു മനുഷ്യര്‍ .. ആകെ ഇടക്കിടക്കുള്ള മിച്ചു വിന്‍റെ ചിലക്കലും സംസാരങ്ങളും മാത്രം ...
വെള്ളം തിളക്കാന്‍ തുടങ്ങിയിരിക്കുന്നു. ചായ്പൊടി ഇട്ടു ഒന്ന് കൂടി തിളച്ചതിനു ശേഷം അവള്‍ സററവ്വ് ഓഫ്‌ ചെയ്തു ..
ശിര്‍..ര്‍ .. ര്‍ .. എന്ന ഒരു ശബ്ദം .. ജനലില്‍ കൂടി നോക്കിയപ്പോള്‍ രണ്ടു പച്ച ചിറകുകള്‍ ... അവള്‍ ഓടി അടുക്കള വാതിലിലൂടെ പുറത്തേക്കു ചെന്നപ്പോള്‍ മിച്ചു കൂട്ടിനു വെളിയില്‍ കൂട്ടി ഇട്ടിരിക്കുന്ന വിറകിനു മുകളില്‍ ഇരിക്കുന്നു. കൂട് തുറന്നു കിടക്കുന്നു.. പഴം കൊടുത്തു അവള്‍ കൂട് അടക്കാന്‍ മറന്നു പോയതായിരുന്നു ..
അവള്‍ മിച്ചു വിന്റെ അടുത്തേക്ക് ചെന്ന് .. മിച്ചു .. ന്നു വിളിച്ചു..
മിച്ചു .. ഒന്ന് അവളെ നോക്കി .. എന്നിട്ട് ചിറക്‌ വിടര്‍ത്തി മഴയിലേക്ക് .. പിന്നെ ദൂരെ ..ദൂരേക്ക് ...ഒരു പൊട്ടുപോലെ ...
രജനിയുടെ അടിവയര്‍ ഒന്ന് കിടുങ്ങി ... കാലുകള്‍ തളരുന്നത് പോലെ തോന്നി .. തല പെരുക്കുന്നതുപോലെയും .. അവള്‍ പതുക്കെ പതുക്കെ കുഴഞ്ഞു മഴത്തുള്ളികള്‍ കൊണ്ട് നനഞ്ഞ തറയിലേക്ക് ......
പുറത്ത് അപ്പോഴും മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു ...

Monday, 31 August 2015

അവള്‍

എവിടെ വെച്ചായിരിക്കും അയാള്‍ക്ക്‌ അയാളെ തന്നെ നഷ്ടപെട്ടിട്ടുണ്ടാവുക ...അയാളെ തന്നെ ആണോ ,അതോ അയാള്‍ക്ക്‌ പ്രിയപ്പെട്ട വല്ലതും ആയിരിക്കുമോ ? ഇനി നഷ്ടം തന്നെ ആണോ .. നടുക്കുന്ന ഏതെങ്കിലും ഒരു സംഭവത്തിന്‍റെ കറുത്ത ഓര്‍മ്മകള്‍ കടല്‍ തിരപോലെ ആര്‍ത്തലച്ചു മനസ്സിലേക്ക് വരുന്നുണ്ടാവുമോ ... കടിഞ്ഞാണി ല്‍  തളച്ച ഒരു ഭ്രാന്തന്‍ കുതിര കടിഞ്ഞാണ്‍ പൊട്ടിച്ചു അയാളുടെ മനസ്സില്‍ നിന്നും പുറത്തേക്ക് ചാടാന്‍ തയ്യാറായി ഇപ്പോഴും മുക്ര ഇടുന്നുണ്ടാവുമോ ...

എന്തായാലും ഒരു ആഘാതം അയാളുടെ മനസ്സിനെ മഥിക്കുന്നു ണ്ട് ....

അല്ലെങ്കില്‍ അയാള്‍ എന്ത് കൊണ്ടാണ് ഇങ്ങനെ ..

എന്താണ് അയാള്‍ക്ക്....

ഇത്രയും കാലത്തെ ജീവിത അദ്ധ്യാ യ ത്തിന്‍റെ ഏടുകളില്‍ ഒരു വരിയായോ, ഒരു വാക്കായോ , പ്രത്യക്ഷപെടാത്ത ഒരാളാണല്ലോ അദ്ദേഹം


വളരെ ദൂരെ ഉള്ള ഓഫീസില്‍ നിന്നും വീടിന്‍റെ അടുത്തേക്കുള്ള ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ ശ്യാമ വളരെ അധികം സന്തോഷിച്ചു ... അര മണിക്കൂര്‍ ട്രെയിന്‍ യാത്രകൊണ്ട് ചെന്നെത്താവുന്ന ദൂരം. വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഒത്തു ചിലവിടാന്‍ , വീട്ടു കാര്യങ്ങള്‍ നോക്കാന്‍ ഒക്കെ കൂടുതല്‍ സമയം കിട്ടുമല്ലോ എന്ന ആഹ്ലാദം .. പിന്നെ മാസ ശമ്പളത്തില്‍ നിന്നും ചെലവ് കുറച്ചു കുറയുമല്ലോ എന്നാ ആശ്വാസം ..

ഓഫീസില്‍ തന്‍റെ എതിര്‍ വശത്തുള്ള സീറ്റില ആയിരുന്നു അദ്ദേഹം .. . സീനിയര്‍ ക്ലാര്‍ക്ക് ആണ് . വയസ്സ് ഒരു 45 അടുത്ത് വരും ..

പുതുതായി വന്ന ഒരു ആളെ പ്രത്യേകിച്ച് സ്ത്രീ ആണെങ്കില്‍ അവരെ ഇങ്ങോട്ട് വന്നു പരിചയപെടാനും , സഹായിക്കാനും ഒക്കെ ഓഫീസിലെ മറ്റു സ്ടാഫ്ഫുകള്‍ ക്ക് വലിയ താത്പര്യം ആയിരിക്കും ..പക്ഷെ ഇദ്ദേഹം ഇങ്ങനെ ഒരാള്‍ അയാള്‍ക്ക്‌ എതിര്‍ വശത്തായി ഇരിക്കുന്നുണ്ട്‌ എന്ന് പോലും ഗൌനിക്കാതെ തടിച്ച ലെഡ്ജര്‍ ബുക്കില്‍ എഴുതിയും, വരച്ചും , വെട്ടിയും , കണക്കുകള്‍ കൂട്ടിയും കൂനി കൂടി ഇരിക്കുകയായിരുന്നു ..

പിന്നീടു എപ്പോഴോ മനസ്സിലായി അദ്ദേഹത്തിന്‍റെ പേര് കൃഷ്ണ കുമാര്‍ ആണ് എന്ന് .. വിവാഹിതന്‍ .. പക്ഷെ കുട്ടികള്‍ ഇല്ല ..

"മാഡം "... സുപ്പ്രണ്ട് വിളിക്കുന്നു .....പ്യൂണ്‍ വന്നു വിളിച്ചു ...

സീറ്റില്‍ നിന്നും എണീറ്റ്‌ സൂപ്രണ്ടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഇരിക്കാന്‍ ആഗ്യം കാണിച്ചു ...

ശ്യാമക്ക് ഒന്ന് പറ്റിയില്ലല്ലോ .. പേടിച്ചു പോയോ.. ?

ആ ചോദ്യത്തി നുത്തരം കരച്ചില്‍ ആയിരുന്നു...

സാരല്ല്യ.. മുന്‍പേ താളം തെറ്റിയ മനസ്സിന്‍റെ ഉടമ ആണ് അദ്ദേഹം .. കൌണ്സിലിംഗ് കൊണ്ട് നോര്‍മല്‍ ആയതായിരുന്നു ..

സാര്‍.. അതിനു എന്തെങ്കിലും കാരണം .. ..

കുട്ടികള്‍ ഉണ്ടാവാത്ത തു വലിയ ഒരു മാനസിക പ്രശനം ആയിരുന്നു അദ്ദേഹത്തിന് . ഭാര്യക്കല്ല കുഴപ്പം. അദ്ദേഹത്തിനു ആണ് . കുറെ മരുന്നുകള്‍ , മന്ത്രങ്ങള്‍ ഒക്കെ പരീക്ഷിച്ചതാ.

അത് പോട്ടെ ... എന്താ ഇന്ന് ഉണ്ടായത് ?

സാര്‍ .. ഞാന്‍ ജോലി ചെയ്തോണ്ടിരിക്കുംപോ എന്‍റെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഫോണ്‍ ചെയ്തു ...അവനിന്ന് സ്കൂള്‍ ഇല്ല .. അവന്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുവാരുന്നു .. പെട്ടെന്ന്
ആക്രോശിച്ചു കൊണ്ട് കൊല്ലും ഞാന്‍ നിന്നെ എന്നും പറഞ്ഞു  അദ്ദേഹം റൂള്‍ വടി എടുത്തു ഒരു ഏറു. ഭാഗ്യത്തിന് അത് എന്‍റെ ശരീരത്തില്‍ കൊണ്ടില്ല .. പിന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അദ്ദേഹം എന്‍റെ നേരെ പാഞ്ഞടുത്തു .. പ്യൂണ്‍ ഓടിവന്നു അദ്ദേഹത്തെ  പിടിച്ചു ..

സാരല്ല്യ.. അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ട് പോയിട്ടുണ്ട് .. വീട്ടില്‍ അറിയിച്ചിട്ടുണ്ട്.

സാര്‍ .. എനിക്ക് പേടി തോന്നുന്നു ...

പേടിക്കേണ്ടാ. .. ശ്യാമയുടെ സീറ്റ് മാറ്റിത്ത രാം ..

മനസ്സിന്‍റെ താളം തെറ്റിയ ഒരു ആളുടെ അറിവില്ലാതെ ചെയ്ത ഒരു കാര്യം ആയി കണ്ട്ടാല്‍ മതി.. പാവം ആണ് അദ്ദേഹം ..

പിന്നെ ഒരു അപേക്ഷയുണ്ട് ..

ഒരിക്കലും അദ്ദേഹത്തെ " ഭ്രാന്തന്‍" എന്ന് വിളിക്കരുത്. ...

ഇല്ല. സാര്‍ ..

ശ്യാമ അവിടെ നിന്നും ഇറങ്ങി .. തന്‍റെ സീറ്റില്‍ പോയിരുന്നു. അപ്പോള്‍ വീണ്ടും മൊബൈല്‍ ചിലച്ചു.. നോക്കുമ്പോള്‍ മോന്‍ വീണ്ടും വിളിക്കുന്നു ..
ആദ്യം ശങ്കിച്ചെങ്കിലും പിന്നെ ശ്യാമ ഫോണ്‍ എടുത്തു..

എന്താ മോനെ ..

" അതെ അമ്മെ .. ഇവിടെ ഒരു പ്രാന്തന്‍ വന്നിരുന്നു.. ചേച്ചിയും ഞാനും പേടിച്ചു.. അച്ഛന്‍ ഉണ്ടായിരുന്നു. അച്ഛന്‍ അയാളെ ഗൈറ്റിനു പുറത്താക്കി .. അയാള്‍ ചിരിക്കുകയും, ഒപ്പം കരയുകയും ചെയ്യുവാരുന്നു ..

ശ്യാമ ഫോണ്‍ കട്ട് ആക്കി മേശമേല്‍ തലയും വെച്ച് വെറുതെ കരഞ്ഞു....

Sunday, 7 June 2015

സോജാ .. രാജകുമാരീ ...

പള്ളി കുളത്തിലെ പടവുകള്‍ക്കരികില്‍ ചെരുപ്പും കുടയും വെച്ച് കുഞ്ഞീത്‌ മൊല്ലാക്ക പടവുകള്‍ ഇറങ്ങി തെളിഞ്ഞ വെള്ളത്തിലേക്കിറങ്ങി .. കടുങ്ങാലി മീനുകള്‍ കാലില്‍ കൊത്തുന്നു .. അത് ഒരു തരം സുഖമുള്ള ഇക്കിളി ആണ്. കുറച്ചു നേരം അങ്ങിനെ നിന്നു ആ ഇക്കിളിയുടെ സുഖം ആസ്വതിച്ചു ..
പള്ളി കുളത്തില്‍ വെള്ളം പറ്റെ താഴ്ന്നിരിക്കുന്നു .. പണ്ട് എത്ര വേനല്‍ ഉണ്ടായാലും പള്ളി കുളത്തില്‍ നല്ലോണം വെള്ളം ഉണ്ടാവും..
ഇപ്പൊ കാലം വല്ലാതെ മാറി .. മനുഷ്യനും ലോകവും ഒക്കെ മാറി .. ഇക്കാലത്ത് ഒക്കെ ഒരു പുതിയ കോലം ആണ് ...കലാവസ്ഥ യും താളം തെറ്റി .. .
ഇക്കൊല്ലത്തെ വേനല്‍ .. സഹിക്കാന്‍ കഴിയുന്നില്ല ....
..
റബ്ബേ .. നീ തന്നെ തുണ .. ഞങ്ങളെ കാത്തു രക്ഷിക്കണേ ... കുഞ്ഞീത്‌ മൊല്ലാക്ക മൌനമായി പ്രാര്‍ഥിച്ചു ...
പിന്നെ കയ്യില്‍ വെള്ളം കോരി എടുത്തു ...
ബിസ്മില്ലാഹി റ ഹമാനി റഹീം .... കയ്യും മുഖവും കാലും ഒക്കെ വിധിപ്രകാരം കഴുകി പടവുകള്‍ കയറി ചെരുപ്പിട്ട് കുടയും എടുത്തു പള്ളിയിലേക്ക് നടന്നു ..
പള്ളിയുടെ വാതില്‍ തുറന്നു അകത്തേക്ക് കയറി... എന്നിട്ട് ബാക്കി ഉള്ള വാതിലുകളും ജനലുകളും തുറന്നിട്ടു .. പള്ളി തൊടിയില്‍ നിന്നും ചൂടുള്ള ഒരു നരച്ച കാറ്റ് പള്ളിക്കുള്ളിലേക്ക് അടിച്ചു...
സുബഹി നിസ്കാരം കഴിഞ്ഞു എല്ലാരും പോയാല്‍ മൊല്ലാക്ക പള്ളി അടക്കും .. പിന്നെ ഉച്ചക്കുള്ള നിസ്കാരത്തിനു വേണ്ടിയേ പള്ളി തുറക്കൂ ...
മൊല്ലാക്ക ചുമരില്‍ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി .. സമയം പതിനൊന്നര .. ബാങ്ക് കൊടുക്കാന്‍ ഇനിയും സമയം ഉണ്ട് ...മൊല്ലാക്ക "രണ്ടു റ ക അത്ത് " സുന്നത്ത് നിസ്കരിച്ചു .. എന്നിട്ട് പുറത്തെ പള്ളിയുടെ ചാരുപടിയില്‍ കാലും നീട്ടി ചാരി ഇരുന്നു . അവിടെ ഇരിക്കുമ്പോള്‍ പള്ളിത്തൊടിയില്‍ നിന്നും അടിക്കുന്ന കാറ്റ് കിട്ടും. ചൂടിനു കുറെ സമാധാനം കിട്ടും ..
കുഞ്ഞീത്‌ മൊല്ലാക്ക പള്ളി തൊടിയിലേക്ക്‌ നോക്കി .. മയിലാഞ്ചി ചെടികളും കാട്ടു പൊന്തകളും കൊണ്ട് ആകെ കാട് മൂടി കിടന്നിരുന്ന പള്ളി ത്തൊടി ആകെ ഉണങ്ങി വരണ്ടു കിടക്കുന്നു. പഴകി ദ്രവിച്ച തും , പുതിയതും ആയ മീസാങ്കല്ലുകള്‍ ആകാശ ത്തേക്ക് ഉയര്‍ന്നു നില്കുന്നു . എത്ര എത്ര മനുഷ്യരാണ് അവിടെ ഉറങ്ങുന്നത് . എത്ര എത്ര ആശകളും മോഹങ്ങളും ആണ് അവിടെ ഉപേക്ഷിക്കപെട്ടിട്ടുള്ളത് .. എത്ര എത്ര രഹസ്യങ്ങള്‍ ആണ് ആണ് കുഴിച്ചു മൂടപെട്ടിട്ടുള്ളത് .
. എല്ലാവരും അവസാനം ....
എന്നിട്ടും മനുഷ്യന്‍റെ അഹങ്കാരവും , ഗര്‍വ്വും, ശത്രുതയും , വിദ്വേഷവും ഒന്നും ഒന്നും കുറയുന്നില്ലല്ലോ ...
കുഞ്ഞീത്‌ മൊല്ലാക്ക ഒരു ദീര്ഗ ശ്വാസം വിട്ടു.. ആ തൊടിയില്‍ രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയില്‍ അവള്‍ ഉറങ്ങുന്നുണ്ട് .. കുഞ്ഞായിഷ ...
കാതിലും കഴുത്തിലും ചിറ്റും ചങ്കെ ലസ്സും കൊരലാരവും അണിഞ്ഞു , കയ്യില്‍ മൈലാഞ്ചി ചോപ്പ് ഇട്ട് ഒരു കെ സ്സ് പാട്ടിന്‍റെ ഇശ ലിനോടൊപ്പം തന്‍റെ ഒപ്പരം ജീവിതം തുടങ്ങിയവള്‍ ..
പണ്ട് .. സുബഹി നിസ്കാരം കഴിഞ്ഞു ഒത്തുപള്ളിയിലെ കുട്ടികള്‍ക്ക് പാഠം ഒക്കെ പറഞ്ഞു കൊടുത്തു , അങ്ങാടി യില്‍ ഒക്കെ ഒന്ന് ചുറ്റി കറങ്ങി പുരേക്ക് കയറി ചെല്ലുമ്പോഴേക്കും പത്ത് മണി കഴിഞ്ഞിരിക്കും . ചെന്ന് കയറുമ്പോള്‍ തന്നെ വെളിച്ചെണ്ണയില്‍ കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു ഉണ്ടാക്കിയ കൂട്ടാ ന്‍റെ മണം മൂക്കിലേക്ക് തുളഞ്ഞു കയറും .. തൊടിയില്‍ നിന്നും കിട്ടുന്ന എല്ലാ പച്ചക്കറിയും കൊത്തി നുറുക്കി ആണ് അത് ഉണ്ടാക്കുന്നത്‌ ... ആ കൂട്ടാനും കഞ്ഞിയും പ്ലേറ്റിലേക്ക് വിളമ്പി കുഞ്ഞായിഷ തന്നെ കാത്തിരിക്കുന്നുണ്ടാവും .. അതും കുടിച്ചു ചാരുകസേരയില്‍ ഇരുക്കുംപോഴേക്കും അവള്‍ നല്ല കിളി അടക്ക ഇടിച്ചു , തളിര്‍ വെറ്റിലയില്‍ നൂറും , ഒരു നുള്ള് പൊകലയും തേച്ചു തരും . അപ്പോഴേക്കും തൊട്ടടു ത്തുള്ള മേശമേല്‍ വെച്ചിരിക്കുന്ന ഗ്രാമ ഫോണ്‍ റിക്കാര്‍ഡ റില്‍ ഒരു റിക്കോര്ഡ് പ്ലേറ്റ് ഇട്ടു പാട്ട് കേള്‍ക്കും ..
സൊ ജാ രാജ കുമാരി .. സോജാ ... സൈഗാള്‍ പാടി തുടങ്ങും ..
മുറുക്കാ ന്‍റെ ലഹരിയില്‍ പാട്ടും കേട്ട് കണ്ണും അടച്ചു കിടക്കുമ്പോ അവള്‍ ചോദിക്കും ...
ങ്ങള്‍ ആരെ കിനാ കാണാ ...
ഒരു രാജകുമാരീനെ ...
ഞാന്‍ അല്ലെ ആ രാജകുമാരി ...
അപ്പോള്‍ അവളുടെ തുടയില്‍ ഒരു പിച്ച് കൊടുക്കും .. അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്ക് പോവും ...
മൊല്ലാക്ക ഒന്ന് ഇളകി ഇരുന്നു .. അത്തറ് മണക്കുന്ന സുഖമുള്ള ഓര്‍മകളില്‍ നിന്നും മൊല്ലാക്ക തിരിച്ചു വന്നു ...
രണ്ടു കൊല്ലായി അവള്‍ ഇവിടെ പള്ളി ക്കാട്ടില്‍ ഉറങ്ങുന്നു .. അവളുടെ ഖബറിന്റെ അടുത്ത് വേറെ ഒരു ഖബര്‍ കുഴിചിട്ടിട്ടുണ്ട് .. മൊല്ലാ ക്കാക്ക് ഉറങ്ങാന്‍ ...
-- ന്‍റെ ഇടത്തെ മുല യില്‍ ഒരു കുരു .. കുറെ ദിവസം ആയി .. ഇപ്പൊ നല്ല തടിപ്പും ചോപ്പും.. കുത്തുന്ന വേദനയും ഉണ്ട് ..
ഒരു ദിവസം പുരെയിലേക്ക് വന്നപ്പോ കുഞായിശുവിന്റെ വാക്കുകള്‍ ..
അതായിരുന്നു തുടക്കം .. പിന്നെ എത്ര എത്ര മരുന്നുകള്‍ .. ഡോക്ടര്‍മാര്‍ .. ലൈറ്റ് അടിച്ച ചികിത്സ.. കാന്‍സര്‍ ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത് .. ഒരുപാട് പെണ്ണുങ്ങള്‍ക്കും ഇപ്പൊ ഇത് ഉണ്ടത്രേ ..
വേദന യുടെ കാലങ്ങള്‍ .. കണ്ണിലെ തിളക്കവും , കുസൃതിയും ഒക്കെ വറ്റി ഉണങ്ങിയ മരച്ചുള്ളിപോലെ ആയി അവള്‍.
ഒരു ദിവസം....
സുബഹി നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വീട്ടിലേക്കു ചെന്നു . അവള്‍ക്കു അസുഖം ആയതില്‍ പിന്നെ ഓത്ത് പള്ളിയിലേക്ക് പഠിപ്പിക്കാന്‍ പോയിട്ടില്ല ... അപ്പോള്‍ അവളുടെ അവസ്ഥ ..
ലക്ഷണം കണ്ടപ്പോള്‍ തന്നെ മനസ്സിലായി .. വേഗം അവളുടെ തല മടിയില്‍ വെച്ച് കാതില്‍ അന്ത്യ കലിമ ചൊല്ലികൊടുത്തു .. അത് ഏറ്റു ചൊല്ലി അവള്‍ കണ്ണുകള്‍ അടച്ചു .. >>
മൊല്ലാക്ക ആകെ ഒന്ന് വിയര്‍ത്തു .. അപ്പോള്‍ തന്നെ അവളുടെ ഖബരിടത്തിലേക്ക് പോകണം എന്ന് തോന്നി .. അവിടെ ചെന്ന് രണ്ടു കയ്യും ഉയര്‍ത്തി പടച്ച റബ്ബിനോടു അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു
മടങ്ങാന്‍ നേരം അവളുടെ ഖബറിലെ ഉണങ്ങിയ ഒരു മയിലാഞ്ചി കൊമ്പ് മോല്ലാക്കാ ന്‍റെ തുണിയില്‍ കൊളുത്തി ...
മൊല്ലാക്ക ആ കമ്പ് പൊട്ടിച്ചു കളഞ്ഞു പിന്തിരിഞ്ഞു നടന്നു ...
അപ്പോള്‍ അയാളുടെ മനസ്സില്‍ സൈഗാള്‍ വീണ്ടും പാടാന്‍ തുടങ്ങി ..
" സോജാ രാജകുമാരീ .. സോജാ ..."

Wednesday, 3 June 2015

പാവകുട്ടി

സിഗ്നല്‍ ചോപ്പില്‍ വണ്ടി നിറുത്തി പച്ച കത്തുന്നതും കാത്തു
ഇരിക്കുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്.. ഹോം എന്ന തലകെട്ടില്‍ നമ്പര്‍ തെളിഞ്ഞു . പച്ച സിഗ്നല്‍ എപ്പോ വേണമെങ്കിലും കത്താം. അതുമല്ല ട്രാഫിക് പോലീസ് എങ്ങാനും കണ്ടാല്‍ ..
ഗോപന്‍ ഫോണ്‍ എടുത്തില്ല ....ഇനി ഓഫീസില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം ...വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അഞ്ചു മിനുട്ടുപോലും ആയില്ല .. അപ്പോഴേക്കും എന്താ അവള്‍ വിളിക്കാന്‍ ...
അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കാരണവും അവള്‍ക്കു വേണ്ടല്ലോ .. ഇങ്ങനെ വിളിചോണ്ടിരിക്കും ...
സിഗ്നല്‍ പച്ച കത്തി ...
ഗോപന്‍റെ ഓഫീസും താമസിക്കുന്ന ഫ്ലാറ്റും തമ്മില്‍ ആകെ പതിനഞ്ചു മിനുറ്റ് കാര്‍ യാത്രക്കുള്ള ദൂരമേ ഉള്ളൂ ...
കാര്‍ പാര്‍ക്ക് ചെയ്തു ..ഗോപന്‍ ഇറങ്ങി .. അപ്പോഴേക്കും ഫോണ്‍ രണ്ടാമതും റിംഗ് ചെയ്തു.. അതെ നമ്പര്‍ ..
ഗോപന്‍ ഫോണ്‍ എടുത്തു .. ഹലോ എന്ന് പറഞ്ഞു ..
അപ്പുറത്ത് നിന്നും അവളുടെ ശബ്ദം.. ..
ഏട്ടാ .. മോള്‍ ചായ് കുടിക്കുന്നില്ല .. ഏട്ടന്‍ ഒന്ന് പറ അവളോട്‌ ..
അയാള്‍ക്ക്‌ ദേഷ്യം വരുന്നുണ്ടായിരുന്നു ....എങ്കിലും അത് കടിച്ചു പിടിച്ചു ഗോപന്‍ പറഞ്ഞു ...
എന്താ മാലൂ ... ഈ ചെറിയ കാര്യത്തിനൊക്കെ നീ ഇങ്ങനെ ഫോണ്‍ ചെയ്യണോ ...നീ തന്നെ അല്ലെ അവളെ കൊഞ്ചി ച്ച് വഷളാക്കിയത് ...എന്തെങ്കിലും നല്ലത് പറഞ്ഞു ചായ കുടിപ്പിക്ക് ..
ഈ ഏട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല ... അവള്‍ ചിണുങ്ങാന്‍ തുടങ്ങുന്നു എന്ന് തോന്നിയപ്പോ ഗോപന്‍ ഫോണ്‍ കട്ട് ചെയ്തു ...
ഗോപന്‍റെ ഇട നെഞ്ചില്‍ സങ്കടം പെരുക്കാന്‍ തുടങ്ങി .. അതിന്‍റെ തിരയിളക്കം അയാളുടെ കണ്ണിലും ഉണ്ടായി .. അറിയാതെ കണ്ണ് നീര്‍ പുറത്തേക്കു ചാടി..ആരും കാണാതിരിക്കാന്‍ വേഗം കര്ചീഫു എടുത്തു അയാള്‍ കണ്ണ് തുടച്ചു ഓഫീസിലേക്കുള്ള ലിഫ്റ്റില്‍ കയറി ...
"ഗൂധു മോര്‍ നിംഗ്" .. ഓഫീസിലെ അ ക്കൌണ്ടണ്ട് ആണ്. ഈജിപ്ഷ്യന്‍ .. ഇന്ഗ്ലീഷ് ഭാഷ ഇത്ര വൃത്തികെട്ട രീതിയില്‍ സംസാരിക്കുന്ന ഒരു മനുഷ്യനെ ഗോപന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല ... തിരിച്ചു അയാളെ വിഷ് ചെയ്തു ഗോപന്‍ തന്‍റെ കാബിനുള്ളിലേക്ക് കയറി.. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ...
ദുബായി യിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഓഫീസ് മാനേജര്‍ ആണ് ഗോപന്‍ .
മെയിലുകള്‍ എല്ലാം ചെക്ക് ചെയത് .. മറുപടി അയക്കാന്‍ തുടങ്ങുമ്പോഴേക്കും കാബിന്‍ ഡോര്‍ തുറന്നു സരിഗ വന്നു .. ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന ആളാണ്‌ . ആര്‍ക്കി ടെക് ട്ട്‌ ആയി ആണ് ജോലി ചെയ്യുന്നത് .... ഭര്‍ത്താവും ഒരു ആണ്‍കുട്ടിയും ഉണ്ട്..
ഹായ് .. ഗോപന്‍ .. എന്താ വിശേഷം ..
ഹായ് .. എന്ത് വിശേഷം .. ആസ് യൂഷ്വല്‍ ..
മാലുവിന് എങ്ങിനെ ഉണ്ട്... ?
അവളുടെ പതിവ് ചോദ്യം ...
കുഴപ്പം ഇല്ല .. പതിവ് ഉത്തരം ..അവള്‍ കാബിനില്‍ നിന്നും ഇറങ്ങി പോയി ...
തന്നെ കുറിച്ച് , മാലുവിനെ കുറിച്ച് എല്ലാം അവള്‍ക്കറിയാം .. എല്ലാം അവളോട്‌ പറഞ്ഞിട്ടുണ്ട് ...
എന്നാല്‍ ഗോപന് പേടി തുടങ്ങിയിരിക്കുന്നു .... മാലുവിന് ഇപ്പോള്‍ കുറച്ചുകൂടി വ്യത്യാസങ്ങള്‍ ഇല്ലേ എന്നാ തോന്നല്‍ ..
തൊട്ടതിനും പിടിച്ചതിനും ഒക്കെ പിണക്കം.. ദേഷ്യം.. ചിണുങ്ങല്‍ ...
എപ്പോഴും മോളെ കുറിച്ചുള്ള വിജാരം മാത്രം .. അവളെ കുളിപ്പിക്കുക.. ഒരുക്കുക.. ഭക്ഷണം കൊടുക്കുക .. ഉറക്കുക .. ഈ ചിന്തകള്‍ മാത്രം. എപ്പോഴും അവളെ കുറിച്ച് മാത്രം തന്നോട പറയുക ...
വേണ്ടിയിരുന്നില്ല .. തന്‍റെ കൂടെ അവളെ കൂട്ടെണ്ടിയിരുന്നില്ല .. ഗോപന് തോന്നി.. നാട്ടില്‍ തന്നെ നിറുത്തിയാല്‍ മതിയായിരുന്നു .. അമ്മയും അമ്മ മ്മയും ഒക്കെ പറഞ്ഞതാ..
പകഷെ.. അവളെ ഒറ്റയ്ക്ക് നാട്ടില്‍ വിട്ടു പോരാന്‍ തോന്നിയില്ല ..നടുക്കുന്ന ഓര്‍മകളില്‍ നിന്നും അവള്‍ക്കു മോചനം ഉണ്ടാവണം എങ്കില്‍ താന്‍ അവളുടെ കൂടെ ഉണ്ടാവണം ..തന്‍റെ കൂട്ട് അവള്‍ക്കു വേണം എന്ന് തോന്നി ...
ഫോണ്‍ വീണ്ടും . റിംഗ് ചെയ്യാന്‍ തുടങ്ങി ... അവള്‍ തന്നെ ...മാലു..ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...
ഏട്ടാ ഒന്ന് പെട്ടന്ന് വാ ... മോള്‍ താഴെ വീണു .. വേഗം വാ.. അവള്‍ കരയുകയായിരുന്നു ..
ഗോപന്‍ ഫോണ്‍ കട്ട് ചെയ്തു വേഗം ഓഫീസ് സ്റെപ്പുകള്‍ ഓടി ഇറങ്ങി ..
കാര്‍പാര്‍ക്കില്‍ ചെന്ന് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഫ്ലാറ്റിലേക്ക് കുതിച്ചു ..
ഫ്ലാറ്റില്‍ ചെന്ന് ഡോര്‍ തുറന്നു .. അവളെ റൂമില്‍ എവിടെയും കണ്ടില്ല .. ബാല്‍ ക്കണിയില്‍ അനക്കം കണ്ടപ്പോള്‍ അവിടേക്ക് ചെന്നു ... അവള്‍ പുറത്തേക്കു നോക്കി നില്കുന്നു ..ഗോപന്‍ വന്നതൊന്നും അവള്‍ അറിഞ്ഞിട്ടില്ല ...
ഗോപന്‍ അവളുടെ ചുമലില്‍ തൊട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി .. എന്നിട്ട് താഴേക്ക് ചൂണ്ടി കാണിച്ചു.. അവിടെ വലിയ പാവകുട്ടി വീണു കിടക്കുന്നു ..
എന്താ മാലു..... നീ എന്താ ഇങ്ങനെ ...
എനിക്കറിയില്ല ഏട്ടാ.. എന്‍റെ മോള്‍ ... എനിക്ക് മറക്കാന്‍ ആവുന്നില്ല ...
എന്നിട്ട് ഗോപന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കരയാന്‍ തുടങ്ങി...
ഗോപനും മറക്കാന്‍ ആവുമായിരുന്നില്ല .. ആ ദിവസം .. വലിയ ഒരു പാവകുട്ടിയെയും മേടിച്ചു അതിന്‍റെ കൌതുകത്തില്‍ തന്‍റെയും മാലു വിന്റെയും കൂടെ ഷോപ്പിംഗ്‌ മാളില്‍ നിന്നും ഓടി ഇറങ്ങിയ മോളെ ഒരു കാര്‍ ......
ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ പാവകുട്ടി ..
ആ പാവകുട്ടി ആണ് ഇപ്പോള്‍ താഴെ വീണു കിടക്കുന്നത് ....
നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കരയുന്ന അവളുടെ തലയില്‍ തഴുകുമ്പോള്‍ ഗോപന്‍ പതുക്കെ പറയുന്നുണ്ടായിരുന്നു ... പാവം എന്‍റെ കുട്ടി ... സാരല്ല്യ .. സാരല്ല്യ..

Saturday, 30 May 2015

മാലാഖ

മൊബൈലില്‍ അലാറം അടിച്ചപ്പോള്‍ ആണ് കണ്ണ് തുറന്നത് .സമയം ആറു മണി ആയിരിക്കുന്നു. അലാറം ഓഫാക്കി നോക്കിയപ്പോള്‍ വാട്സ് അപ്പിലും ഫൈസ് ബുക്ക്‌ ഇന്‍ ബോക്സിലും മെസ്സേജുകള്‍ .. ഹാപ്പി ബര്‍ത്ത് ഡേ ...ഗ്രീടിങ്ങുകള്‍ ...അപ്പോഴാണ് അവള്‍ തന്നെ ഓര്‍ത്തത്‌ ഇന്ന് തന്‍റെ ബര്‍ത്ത് ഡേ ആണല്ലോ എന്ന് ..
ആദ്യം തന്നെ തുറന്നു നോക്കിയത് മകന്‍റെ മെസ്സേജു ആണ് ..
ഹാപ്പി ബര്‍ത്ത് ഡേ മൈ സ്വീറ്റ് മമ്മ .. ഐ ലവ് യു ...
പാവം .. എന്‍റെ കുട്ടി ...
ഈ പ്രായത്തില്‍ കൂടെ ഉണ്ടാവേണ്ട താന്‍ ... തന്‍റെ ആത്മാവിന്‍റെ പാതി യായ മകനെ നാട്ടിലുള്ള അമ്മാമ്മയെ ഏല്പിച്ചു പോരെണ്ടിവന്നു . കരം ഗ്രഹിച്ചു മിന്നു കെട്ടി കൂടെ കൂട്ടിയ ആളെ ..കര്‍ത്താവ്‌ തരിച്ചു വിളിച്ചപ്പോ ആകെ തകര്‍ന്ന തനിക്കു പിന്നെ കൂട്ടായി ... തന്‍റെ ലോകം അവന്‍ മാത്രം ആയി .
അവള്‍ വേഗം എണീച്ചു .. ഏഴര മണിക്ക് ബസ്സ് വരും . അപ്പോഴേക്കും റെഡി ആവണം . മെസ്സേജ് അയച്ചവര്‍ക്കെല്ലാം വൈകീട്ട് തിരിച്ചു മെസ്സേജുകള്‍ അയയ്ക്കാം .. രാത്രി ഉണ്ടാക്കി കഴിച്ചതിന്‍റെ ബാക്കി ചപ്പാത്തിയും തക്കാളി കറിയും ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. അത് എടുത്ത് പുറത്തേക്കു വെച്ച് ബാത് റൂമില്‍ കയറി പെട്ടെന്ന് കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു വന്നു . പിന്നെ ചപ്പാത്തിയും തക്കാളി കറിയും ചൂടാക്കി കെറ്റിലില്‍ ചായ് തിളപ്പിച്ച്‌ കുടിച്ചു ..
ഡ്രെസ്സും ഓവറ്കൊട്ടും മൊബൈലും ഐഡന്റിറ്റി ടാഗും എല്ലാം എടുത്തു ഫ്ലാറ്റില്‍ നിന്നും ഇറങ്ങി പുറത്തെ ത്തിയപ്പോഴെക്കും ബസ് വന്നിരുന്നു ..
ബസ്സിലേക്ക് കയറിയപ്പോള്‍ തന്നെ ഡ്രൈവര്‍ വിഷ് ചെയ്തു .. അസ്സലാമു അലൈകും ...
വാ അലൈകും അസ്സലാം ...
ഡ്രൈവര്‍ സൌദി പൌരന്‍ ആണ് .. ആരെയും അവര്‍ സലാം പറഞ്ഞേ വിഷ് ചെയ്യൂ .. അതിനു അവര്‍ക്ക് മതം ഒന്നും ഒരു പ്രശ്നവും അല്ല.
ബസ്സില്‍ രണ്ടു മൂന്നു ഫിലിപ്പൈനി നുര്സുമാരും .. ഒരു സൗദി നര്സും ഉണ്ട്.
എല്ലാവരോടും ആയി .. ഗുഡ് മോര്‍ണിംഗ് പറഞ്ഞു ..
മിലിട്ടറി ഹോസ്പിറ്റലിലെ സ്റാഫ് നേഴ്സ് ആണ് അവള്‍. നാട്ടില്‍ നേഴ്സ് ആയിരുന്നു .. അകാലത്തിലുള്ള ഭര്‍ത്താവിന്‍റെ മരണം .. അവളെ ഇവിടെ എത്തിച്ചു .. വളര്‍ന്നു വരുന്ന മകന്‍.. സ്വന്തം ആയി ഒരു വീട് .. ആ സ്വപനങ്ങള്‍ .. അതിനു പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നു ...
അര മണിക്കൂര്‍ ഉണ്ട് താമസ സ്ഥലത്തുനിന്നും ഹോസ്പിറ്റ ലിലേക്ക് ....
മൊബൈലില്‍ വീണ്ടും വീണ്ടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു .. എത്ര എത്ര കൂട്ടുകാര്‍ .. നേരിട്ട് കണ്ടവര്‍.. ഇതുവരെ കാണാത്തവര്‍ .. സൌഹൃതം ഒരു പുണ്ണ്യം ആണ് . നിനച്ചി രിക്കാതെ വന്നു ചേരുന്ന ബന്ധങ്ങള്‍ .. രക്ത ബന്ധം പോലെ അടിച്ചേല്‍പ്പിക്ക പെട്ടതല്ല സൌഹൃതം ..
ചേച്ചീ .. പെങ്ങളെ .. എട്യേ .. എന്നൊക്കെ വിളിച്ചു വിശേഷങ്ങള്‍ തിരക്കുന്നവര്‍ .. സ്വപനങ്ങളും ജീവിത മോഹങ്ങളും ദു:ഖ ങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നവര്‍.. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി ഹൃദയ തോട് ചേര്‍ന്ന് നില്‍കുന്നവര്‍...
ബസ്സ് ഹോസ്പിടല്‍ കോമ്പൌണ്ടില്‍ എത്തി..
അവള്‍ പഞ്ചിംഗ് മെഷീനില്‍ കാര്‍ഡു പഞ്ച് ചെയ്തു ഡ്യൂട്ടി യിലേക്ക് ..
ഇന്ന് വാര്‍ഡില്‍ ആണ് ജോലി.. നൈറ്റ്‌ ശിഫ്ടിലുള്ള ആളില്‍ നിന്നും ചാര്‍ജ് ഏറ്റുവാങ്ങി .. ഒരു ദിവസം തുടങ്ങുകയായി .. ഇനി ചിന്ത കളില്‍ രോഗികള്‍ , ഡോക്റെര്സ് , മരുന്ന് , റിപ്പോര്‍ട്ടുകള്‍ .. എന്നിവ മാത്രം ..
എല്ലാ രോഗികളുടെയും അടുത്ത് ചെന്ന് അവരെ എല്ലാം ഒന്ന് വിഷ് ചെയ്തു .. ചാര്‍ട്ടുകള്‍ എല്ലാം നോക്കി മരുന്നുകള്‍ കൊടുക്കേണ്ട സമയം എല്ലാം കുറിച്ചെടുത്തു .
ഡോക്ടര്‍ മാരുടെ വിസിറ്റിനു മുന്‍പു എഴുതിതീര്‍ക്കേണ്ട റിപ്പോര്‍ട്ടുകള്‍ എഴുതി തുടങ്ങുമ്പോള്‍ ആണ് വരാന്തയിലൂടെ ട്രോളിയില്‍ ആരുടെയോ ഒരു ജഡം ഉരുട്ടികൊണ്ടു പോകുന്നത് . ഫ്രീസരിലേക്ക് ആവും.. ഇനി ആ ജഡം എന്നാവും മറവു ചെയ്യുക .. ആത്മാവ് വിട്ടകന്ന എത്രയോ ജഡങ്ങള്‍ ഇപ്പോഴും എത്രയോ കാലമായി ഫ്രീസറില്‍ അങ്ങനെ കിടക്കുന്നു ..
ആ ആത്മാക്കള്‍ അവിടെ അങ്ങനെ ചുറ്റി തിരിഞ്ഞു നടക്കുന്നതായി പലപ്പോഴും അവള്‍ക്കു തോന്നാറുണ്ട് ..
ഡോക്ടര്‍മാര്‍ വരികയും പോവുകയും ചെയ്തു .. പല വിധ രോഗമുള്ളവര്‍ .. പലതരം മരുന്നുകള്‍. . രോഗികളുടെ പിടിവാശികള്‍ .. വേദന സഹിക്കാന്‍ കഴിയാത്തവരുടെ കരച്ചിലുകള്‍ , പൂക്കളും മിട്ടായിയുമായി വരുന്ന സന്ദര്‍ശകര്‍ .. അങ്ങിനെ അങ്ങിനെ .. ദിവസം അന്നത്തെ ദിവസവും കൊഴിഞ്ഞു വീഴാറായി ...
സമയം വൈകീട്ട് 6.30.. ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായി ..
ഇന്ന് തന്‍റെ പിറന്നാള്‍ ആയിട്ട് കൂടി ഒരു നല്ല ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ... അല്ലെങ്കിലും തന്നെപോലെ ഉള്ളവര്‍ക്ക് എന്ത് പിറന്നാള്‍ ..
ഡ്യൂട്ടി കഴിഞ്ഞു ബസ്സില്‍ കയറി മൊബൈലില്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും തിരിച്ചു നന്ദിയും സ്നേഹവും അറിയിച്ചു ...
ഫ്ലാറ്റില്‍ എത്തിയ ഉടനെ കട്ടിലിലേക്ക് വീണു .. അപ്പോള്‍ വീണ്ടും ഒരു മെസ്സേജ് മൊബൈലില്‍ വന്നു ...
മമ്മാ .. മൈ സ്വീറ്റ് മമ്മാ .. ഗുഡ് നൈറ്റ്‌ മമ്മാ .. ഐ ലവ് യു മമ്മാ ...
മകന്‍റെ മെസ്സേജു ആണ്.. അത് വായിച്ചപ്പോള്‍ അവളുടെ ഹൃദയം വിങ്ങി പൊട്ടി .. അവളുടെ കണ്ണുകള്‍ നിറഞ്ഞു .. മൊബൈല്‍ ഓഫാക്കി അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടന്നു തേങ്ങി തേങ്ങി കരഞ്ഞു .....

Tuesday, 26 May 2015

ആ യാത്രയില്‍ ...............( ഒരു അനുഭവ കഥ )


ആന്ധ്രയിലെ "വാറങ്കല്‍" എന്ന ജങ്ക്ഷനില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ്സ്‌ തീവണ്ടി എത്തിയപ്പോള്‍ വൈകീട്ട് ആറുമണി ആയിരുന്നു. കൂടെ ഉണ്ടായിരുന്ന കുറെ യാത്രക്കാര്‍ അവിടെ ഇറങ്ങി . ഞാന്‍ ഇരിക്കുന്ന കൂപ്പയില്‍ ഞാന്‍ മാത്രം ആയി. S3 എന്ന റിസര്‍വേഷന്‍ കോച്ചില്‍ അധികം ആളുകള്‍ ഇല്ല . ഞാന്‍ ജനവാതില്‍ തുറന്നു .. ചൂടുള്ള ഒരു വരണ്ട കാറ്റ് മുഖത്തേക്ക് അടിച്ചു ..
എനിക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ രാമഗുണ്ടം എന്നാ സ്ഥലം ആണ് . അവിടെ നേഷണല്‍ തെര്‍മല്‍ പവര്‍ കോര്‍ പ്പറേഷ ന്‍റെ വര്‍ക്ക്‌ സൈറ്റില്‍ ആണ് ജോലി ...
പിറ്റേന്ന് പുലര്‍ച്ചെ വണ്ടി രാമഗുണ്ടം എന്നാ സ്ഥലത്ത് എത്തൂ .. അതുവരെ ആരും കൂടെ ഇല്ലാതെ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമോ എന്നാ ആശങ്കയില്‍ ഇരിക്കുമ്പോഴാണ് വലിയ ഒരു തോല്‍ പെട്ടിയും, ഒരു കടലാസ്സു പെട്ടിയും , ഒരു തുണി സഞ്ചിയും ഒക്കെ ആയി ഒരു മധ്യ വയസ്കന്‍ എന്‍റെ എതിര്‍ സീറ്റില്‍ വന്നു ഇരുന്നത് ..
വന്ന പാടെ കയ്യിലുള്ള തോല്പെട്ടിയും , കടലാസ്സു പെട്ടിയും സീറ്റിനടിയി ലേക്ക് ഭദ്രമായി വെക്കുകയും , തുണിസഞ്ചി ഇരിക്കുന്ന സീറ്റിന്‍റെ അരുകിലേക്ക് വെക്കുകയും ചെയ്തു . ഒരു അയഞ്ഞ ഷര്‍ട്ടും കാക്കി പാന്‍റും ആണ് വേഷം . ഇരുണ്ടു തടിച്ച മനുഷ്യന്‍ .
കുറച്ചു നേരം കഴിഞ്ഞു വണ്ടി ചലിക്കാന്‍ തുടങ്ങി .. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല എങ്കിലും മുഖത്തോട് മുഖം ഇടയ്ക്കു നോക്കും. ഒടുവില്‍ ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ തിരിച്ചും ഹലോ എന്ന് പറഞ്ഞു .. പിന്നെ തുണി സഞ്ചിയില്‍ നിന്നും ഒരു ഇംഗ്ലീഷ് മാഗസിന്‍ എടുത്തു തുറക്കുന്നത് കണ്ടപ്പോള്‍ ആള്‍ക്ക് ഇംഗ്ലീഷ് അറിയാമായിരിക്കും എന്നാ ഊഹത്തില്‍ ഞാന്‍ പരിചയപെടാന്‍ വേണ്ടി ആളുടെ പേര് ചോദിച്ചു ..
പിന്നീട് പരസ്പരം പരിചയപെട്ടു ....
അദ്ദേഹം തിമ്മപ്പ .. റെയില്‍വേ യില്‍ ജോലി ആണ് . രാമഗുണ്ടം എത്തുന്നതിനു മുന്‍പ്‌ ഉള്ള "പദ്ദപള്ളി "എന്ന സ്ഥലത്ത് ആണ് വീട്. വാറങ്കല്‍ ജങ്ക്ഷനില്‍ .. റെയില്‍വേ പാര്‍സല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു ... ഒരു ആഴ്ച ത്തെ അവധിക്കു വീട്ടിലേക്കു പോകുന്നു.
വീട്ടില്‍ ഭാര്യയും , അമ്മയും . ഭാര്യ ഗര്‍ഭിണി ആണ് . ഇന്നോ നാളെയോ പ്രസവിക്കും . ഭാര്യയുടെ പ്രസവത്തിനു വേണ്ടി ആണ് പോകുന്നത് . വളരെ വൈകി ആയിരുന്നു വിവാഹം. അതുപോലെ അഞ്ചു വരഷങ്ങള്‍ക്ക് ശേഷം ആണ് ഭാര്യ ഗര്‍ഭിണി ആയത് ... അദ്ദേഹം വിശേഷങ്ങള്‍ പങ്കു വെച്ചു ..
ഒരു അച്ഛന്‍ ആവാന്‍ പോകുന്നതിന്‍റെ ആവേശവും ഒപ്പം പരവശവും ഞാന്‍ അയാളുടെ കണ്ണുകളില്‍ കണ്ടു . ഇടയ്ക്ക് തുണി സഞ്ചിയില്‍ നിന്നും കുറച്ചു അരി മുറുക്ക് എടുത്തു എനിക്ക് തന്നു . സന്തോഷത്തോടെ ഞാന്‍ അത് വാങ്ങി തിന്നു.
ട്രെയിന്‍ നല്ല വേഗതയില്‍ ഓടികൊണ്ടിരുന്നു .. ഇടയ്ക്കു ഒന്ന് രണ്ടു ചെറിയ സ്റ്റേഷനുകള്‍ പിന്നിട്ടു. സമയം ഏകദേശം പത്ത് മണി ആയിക്കാണും .. അയാള്‍ ആകാംക്ഷയോടെ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നു .. ഞാന്‍ വിചാരിച്ചു ഈ ഇരുട്ടത്ത്‌ എന്തിനാണ് അയാള്‍ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നത് .. ജനലില്‍ കൂടി നോക്കുമ്പോള്‍ ദൂരെ ചെറിയ പൊട്ടുപോലെ ചില വീടുകളുടെ മുന്‍പില്‍ കത്തുന്ന ബള്‍ബുകള്‍ പിന്നോട്ട് പോവുന്നത് കാണാം എന്നല്ലാതെ പുറത്ത് കട്ട പിടിച്ച ഇരുട്ടാണ് കാണുന്നത് ..
പെട്ടന്ന് അയാള്‍ ദൂരേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു .. കണ്ടോ ആ ബള്‍ബ്‌ കത്തുന്നത് എന്‍റെ വീട്ടിലാണ് . അവര്‍ ഉറങ്ങിയിട്ടില്ല . അവര്‍ക്കറിയാം ഞാന്‍ ഇന്ന് വരും എന്ന് .. അവള്‍ പ്രസവിച്ചോ ആവോ ...
അപ്പോള്‍ ഞാന്‍ ചോദിച്ചു അപ്പൊ അടുത്ത സ്റ്റേഷന്‍ പദ്ദപ്പിള്ളി ആണല്ലേ
അതെ. പദ്ദപ്പള്ളി സ്റ്റേഷന്‍ .. അവിടെ ഇറങ്ങണം .. എന്നിട്ട് 28 കിലോമീറ്റര്‍ റോഡുമാര്‍ഗം പിറകോട്ടു സഞ്ചരിക്കണം .. എന്നാലേ വീട്ടിലെത്തൂ ...
ട്രെയിനിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. പുറത്തുള്ള ഇരുട്ടിലേക്ക് വൈദ്യുത വിളക്കിന്‍റെ വെളിച്ചങ്ങള്‍ തെളിയാന്‍ തുടങ്ങി .. മഞ്ഞ ബോര്‍ഡില്‍ ഇന്ഗ്ലീഷിലും തെലുങ്കിലും ഹിന്ദിയിലും പദ്ദപ്പിള്ളി എന്ന് സ്റേഷ ന്‍റെ പേര് തെളിഞ്ഞു.. വണ്ടി നിന്ന് അയാള്‍ തുകല്‍ പെട്ടിയും കടലാസു പെട്ടിയും എടുത്ത്‌ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി ..
അപ്പോള്‍ കാപ്പി കാപ്പി എന്ന് പറഞ്ഞു വന്ന ഒരുവന്‍റെ കയ്യില്‍ നിന്നും ഞാന്‍ കാപ്പി വാങ്ങി കുടിച്ചു വാതില്‍ക്കല്‍ നിന്നു .. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ തിരിച്ചു സീറ്റിലേക്ക് മടങ്ങി .
അപ്പോഴാണ് ഞാന്‍ അത് കണ്ടത്.. അയാളുടെ തുണി സഞ്ചി സീറ്റില്‍ ഇരിക്കുന്നു. ഉടന്‍ ചാടി എഴുന്നേറ്റു അതെടുത്തു . അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടിരുന്നു . എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുറെ നേരം ആ തുണി സഞ്ചി കയ്യില്‍ പിടിച്ചിരുന്നു . പിന്നെ അത് പതുക്കെ തുറന്നു നോക്കി . അതില്‍ നേരത്തെ കണ്ട മാഗസിന്‍ .. കുറച്ചു അരി മുറുക്ക് .. പിന്നെ ഒരു പാവകുട്ടി .. കുറച്ചു കറുത്ത ചരട് ..
തനിക്ക്‌ പിറക്കാന്‍ പോവുന്ന കുഞ്ഞിനു വേണ്ടി അയല്‍ വാങ്ങിയതാവും ആ പാവ കുട്ടി . കുഞ്ഞി ന്‍റെ കയ്യിലോ , അരയിലോ കെട്ടാന്‍ വേണ്ടി ആവും ആ കറുത്ത ചരട് ..
ഞാന്‍ ആലോചിച്ചു .. വളരെ പ്രയാസപെട്ടു അയാള്‍ വീട്ടില്‍ എത്തി ഈ തുണി സഞ്ചി നോക്കില്ലേ .. അത് ട്രെയിനില്‍ മറന്നു വെച്ചിരിക്കുന്നു എന്ന് മനസ്സിലാകുമ്പോള്‍ അയാള്‍ ചിലപ്പോള്‍ കരയില്ലേ.. പിറക്കാന്‍ പോകുന്ന അല്ലെങ്കില്‍ പിറന്നു വീണ കുഞ്ഞിനു വേണ്ടി അയാള്‍ വാങ്ങിയ ആ പാവകുട്ടി ഇല്ല എന്ന് അറിയുമ്പോള്‍ ...
ഞാന്‍ ആ തുണി സഞ്ചി എന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കണ്ണടച്ചു ഇരുന്നു . അപ്പോള്‍ എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു അത് ആ തുണി സഞ്ചി യിലേക്ക് ഇറ്റ് വീണു ...

Wednesday, 25 February 2015

നാഗ രാജാവ്

നാഗ രാജാവ് ( ചെറുകഥ )
--------------------------------------------------------------------------------------------
നാഗ തറയില്‍ സന്ധ്യക്ക് വിളക്ക് വെക്കുമ്പോള്‍ ആണ് അവള്‍ അത് കണ്ടത്.. തിളങ്ങുന്ന രണ്ടു കണ്ണുകള്‍ .. അറ്റം പിളര്‍ന്ന നാക്ക് നീട്ടി അവളെ തന്നെ നോക്കി നില്‍കുന്നു .ആദ്യം ഒന്ന് പേടിച്ചു എങ്കിലും , അമ്മമ്മ പറഞ്ഞത് അവള്‍ ഓര്‍ത്തു ..
സന്ധ്യക്ക് വിളക്ക് വെക്കുമ്പോ നാഗരാജാവിനെ കണ്ടാല്‍ സൌഭാഗ്യം വന്നു ചേരും ..
. ഇത്രയും കാലം വിളക്ക് വെക്കുമ്പോള്‍ അവള്‍ കണ്ടിട്ടില്ലായിരുന്നു . എപ്പോഴും ആഗ്രഹിക്കും ഒന്ന് കാണാന്‍ ..
എന്ത് സൌഭാഗ്യം ആണ് തനിക്ക് ഇനി വരാന്‍ പോകുന്നത് ...
ചൊവ്വാ ദോഷത്തിന്‍റെ പേരില്‍ വിവാഹങ്ങള്‍ മുടങ്ങി അച്ഛന്റേയും അമ്മയുടെയും , ഏട്ടന്റെയും എല്ലാവരുടെയും ഉള്ളില്‍ എപ്പോഴും ഒരു തീക്കനലായി ജീവിക്കുന്ന തനിക്ക്‌ ഇനി എന്ത് സൌഭാഗ്യം വരാന്‍ ..
എടീ .. ഈ പെണ്ണ് എവിടെ പോയി .. അമ്മമ്മയുടെ വിളി കേട്ടപ്പോള്‍ അവള്‍ ഒന്നും കൂടി നാഗ രാജാവിനെ നോക്കി .. അപ്പോള്‍ അത് കാവിനുള്ളിലേക്ക് ഇഴഞ്ഞു പോവുകയായിരുന്നു ..
നാഗത്തെ കണ്ടത് അമ്മമ്മയോടു പറയണോ എന്ന് അവള്‍ ഒരു വട്ടം ആലോചിച്ചു .. പിന്നെ വേണ്ട എന്ന് വെച്ചു ..
ഉമ്മറത്ത് എത്തിയപ്പോള്‍ അച്ഛനും അമ്മയും ഏട്ടനും കൂടി എന്തൊക്കെയോ ചര്‍ച്ച ചെയ്യുകയാണ് .. അവള്‍ അവരെ കടന്നു വീട്ടിനുള്ളിലേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍ അച്ഛന്‍ വിളിച്ചു
മോളെ.. അച്ചൂ .. നാളെ ഒരു കൂട്ടര്‍ നിന്നെ കാണാന്‍ വരുന്നുണ്ട്.
അവര്‍ക്ക്‌ ജാതകം ഒന്നും പ്രശനം അല്ല .. നല്ല ഭൂസ്വത്ത് ഉണ്ട് ..
പക്ഷെ ..
അവള്‍ അച്ഛനെ ഒന്ന് തറപ്പിച്ചു നോക്കി ..
അവളുടെ നോട്ടത്തില്‍ നിന്നും മാറി അച്ഛന്‍ തൊടിയിലേക്ക് നോക്കി പറഞ്ഞു .. ആള്‍ക്ക് കുറച്ചു വയസ്സുണ്ട് .. ഭാര്യ മരിച്ചതാ ... മക്കള്‍ എല്ലാം വിവാഹം കഴിഞ്ഞു പോയിരിക്കുന്നു .. എന്നാലും നല്ല ഭൂ സ്വത്ത് ഉണ്ട് ..
മോള്‍ക്ക്‌ രാജകുമാരിയായി വാഴാം ..
അവളൊന്നും മിണ്ടിയില്ല..
അടുത്ത ദിവസം ചെക്കനും കൂട്ടരും അവളെ കാണാന്‍ വന്നു .. ആളെ കണ്ടപ്പോള്‍ തന്നെ അവള്‍ ഞെട്ടി .. അച്ഛനേക്കാളും പ്രായം ഉള്ള ഒരാള്‍..
..
അച്ഛനും അമ്മയ്ക്കും ഏട്ടനും ഒക്കെ എങ്ങിനെ തോന്നി ..
താന്‍ അവര്‍ക്ക് ഒരു ഭാരം ആയോ ....അവള്‍ക്ക്‌ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല..
അവള്‍ അമ്മമ്മയോടു സങ്കടം പറഞ്ഞു ..
സാരല്ല്യ .. മോള്‍ക്ക്‌ നല്ലതേ വരൂ .. അത് കേട്ടപ്പോള്‍ വിളക്ക് വെക്കാന്‍ പോയപ്പോള്‍ നാഗരാജാവിനെ കണ്ട വിവരം അമ്മയോട് പറഞ്ഞു ..
അമ്മമ്മ അത് കേട്ടപ്പോള്‍ കണ്ണടച്ച് കൈ കൂപ്പി എന്തോ പ്രാര്‍ഥിച്ചു ..
കണ്ടോ മോളെ..
നിനക്ക് ഭാഗ്യം വരുന്നു.. ഈ കല്യാണം ഒന്ന് കഴിയട്ടെ ... നീ രാജ കുമാരി ആയിരിക്കും ...
അടുത്ത ദിവസം അവള്‍ സന്ധ്യക്ക് നാഗത്തറയില്‍ വിളക്ക് കൊളുത്താന്‍ പോയപ്പോള്‍ നാഗ രാജാവിനെ നോക്കി.. പക്ഷെ കണ്ടില്ല ..
വിളക്ക് കൊളുത്തി തിരഞ്ഞു പോരുമ്പോള്‍ .. ഒരു ശീല്കാരം ..
കാല്‍ പാദത്തില്‍ ഒരു തണുപ്പ് .. പിന്നെ ...രണ്ട് പല്ലുകള്‍ ആഴ്ന്നിറങ്ങുന്ന ഒരു സുഖമുള്ള വേദന ..
അവള്‍ ആകെ ഒന്നുലഞ്ഞു പോയി.. പിന്നെ തളര്‍ന്നു പതുക്കെ കുഴഞ്ഞു വീണു ..
ഉറക്കത്തി ന്‍റെയും ഉണര്‍വ്വി ന്‍റെയും ഒരു അതിര്‍ വരമ്പിലൂടെ അവള്‍ ..
അപ്പോള്‍ അവള്‍ ഒരു സ്വപ്നം കണ്ടു ...
എട്ടു കുതിരകളെ പൂട്ടിയ ഒരു വെള്ളി തേരില്‍ ഒരു രാജകുമാരന്‍ അവളുടെ അടുത്തേക്ക് വന്നു.. അവളെ കൈകളില്‍ കോരി എടുത്തു ആ രഥത്തില്‍ കിടത്തി അകലെ വാനത്തിലേക്ക് , മേഘ പാളികളിലൂടെ .. ദൂരെ .. ദൂരെ .. ഒരു വെണ്ണക്കല്‍ കൊട്ടാരത്തിലേക്ക്...