Saturday 12 February 2011

കന്നിമൂലയും മൂലകുരുവും

അഞ്ച് കൊല്ലം മുമ്പ് , കുടുംബത്തിലെ മൂത്ത സന്തതി എന്ന നിലക്ക് പുതിയ വീടുണ്ടാക്കി താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചത്, നാട്ട് നടപ്പിനെ മാനിച്ചത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് ,എന്നെ നോക്കി “ഉപ്പാ” എന്ന് വിളിക്കുന്ന എന്‍റെ രണ്ട് സന്താനങ്ങള്ക്ക് പുറമെ “മൂത്താപ്പാ” എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന അനിയന്മാ‍രുടെ നല് സന്താനങ്ങളുടെ കൂടെ അഞ്ചാമതൊരാളായി ചെറിയ അനിയനും കൂടി ഒരാണ്‍ സന്തതി പിറന്നതോട് കൂടി ആണ്.
ഒരു ലക്ഷം രൂപ കൊടുത്ത് , എളേമ്മാടെ ഓഹരി ആയ 8സെന്‍റ് സ്ഥലം വാങ്ങിയത് , പെരുംതച്ചന്മാ്രുടെ ഇളം മുറക്കാരായ അഞ്ചെട്ട് കുടുംബങ്ങള്‍ താമസിക്കുന്നതിന്‍റെ ഇടക്കായിരുന്നു .


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖജനാവിലുള്ള പണം എന്‍റെ കയ്യിലെത്തിയപ്പോള്‍ 8 സെന്‍റിന്‍റെ ആധാരം അവരുടെ ഖജനാവില്‍ എത്തി എങ്കിലും ഒരു വര്ഷം കൊണ്ട് ഒരു വീട് ഞാനും ഉണ്ടാക്കി “വെപ്പും തീറ്റയും കുടിയും “ തുടങ്ങി ...


വീടിന് തറ ഇട്ടപ്പോള്‍ , ഇവിടെ അടുക്കള. ഇവിടെ ബെഡ് റൂം , ഇവിടെ ബാത്ത് റൂം എന്നൊക്കെഞാന്‍ ചൂണ്ടി കാട്ടിയ സ്ഥലതെല്ലാം കുറ്റി അടിച്ച പെരുംന്തച്ച സന്തതി ഒരു അഭിപ്രായവും പറയാതെ കുറ്റിയും അടിച്ചു ഞാന്‍ കൊടുത്ത ഗാന്ധി നോട്ടും വാങ്ങി , അതുകൊണ്ട് അന്ന് വൈകുന്നേരം “ അടിച്ചു പൂകുറ്റി “ആയി.


വീണ്ടും ഗല്‍ഫില്‍ എത്തിയ ഞാന്‍ , ഇരുട്ടും , വെളിച്ചവും കയറാത്ത, രാത്രിയില്‍ എന്‍റെ ചോരകൊടുത്ത് ഞാന്‍ വളര്‍ത്തുന്ന കുറെ മൂട്ടകളെ സ്നേഹിച്ചും, അവരുടെ സ്നേഹം സഹിക്കാന്‍ പറ്റാതാവുമ്പോള്‍ , പെട്ടെന്ന് ലൈറ്റ് ഇട്ട് , പോലീസുകാരെ കാണുംപോള്‍ , ഷറഫിയ പച്ചക്കറി മാര്ക്കാറ്റിലെ ബംഗാളികള്‍ പരക്കം പായുന്നതുപോലെ പായുന്ന മൂട്ടകളെ പശയുള്ള സെല്ലോടേപ്പ് കൊണ്ട് പിടിച്ചും ഗള്ഫ് കണ്ടുപിടിച്ചവനെ ശപിച്ചു കൊണ്ടും , നാട്ടില്‍ വിശാലമായ പാടത്തില്‍ നിന്നുള്ള കാറ്റും , വെള്ളോട്ടു പറമ്പിന്‍ടെ ഉച്ചിയില്‍ ഉദിക്കുന്ന സൂര്യന്‍റെ ചൂടും വെളിച്ചവും കടന്ന് വരൂന്ന എന്‍റെ വീടിന്‍റെ ബെഡ്റൂമില്‍ അമ്മായിയമ്മ സമ്മാനമായി നല്കിയ ഡബിള്‍ കോട്ട് ബെഡില്‍ കിടന്നുറങ്ങുന്നതു സ്വപ്നം കണ്ടും സൌദിയില്‍ കഴിയുമ്പോള്‍ ആണ് ഒരു മാസത്തെ വെക്കേഷന്‍ ഒത്തുവന്നത്.

നാട്ടിലെത്തി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോ, തൊട്ടു അപ്പുറത്ത് ഉള്ള തച്ചന്‍ പരമ്പരയിലെ മറ്റൊരു ഗഡിയുടെ മകള് “തച്ചി” യുടെ വീടുകാഴ്ചക്ക് വന്ന ഗടാഗഡിയനായ ഒരു പെരുംതച്ചന്‍ എന്‍റെ വീടിന്‍റെ അടുക്കളയുടെ പുക കുഴല്‍ നോക്കി വാ പൊളിച്ചും കൊണ്ട് നീക്കുന്നത് കണ്ടപ്പോള്‍, വീടുകാഴ്ചക്ക് ഒരുക്കിയിരുന്ന സദ്യയിലെ പാല്പ്പാ യസമെങ്ങാനും ആര്‍ത്തി മൂത്ത് ചൂടോടെ കുടിച്ചോ എന്ന് സംശയിച്ചു നില്ക്കു മ്പോ , അല്ല .. ആരാ ഈ വീടിന് കുറ്റി അടിച്ചത് എന്ന ഒരു ചോദ്യം എന്റെു നേരെ നോക്കി ചോദിച്ചു .അപ്പോഴാണ് അയാള് ചൂട് പായസം കുടിച്ചു കണ്ണുതള്ളി അന്തംവിട്ടു നില്ക്കു ക അല്ല മറിച്ച് തച്ചുശാസ്ത്രകണക്കുകള്‍ ഓര്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്.

കുറ്റി അടിച്ചത് മോന്തിക്ക് പൂകുറ്റി ആകുന്ന ഒരുത്തന്‍ ആണെന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഞാന്‍ ചോദിച്ചു – എന്തിയേ ?

“ഈ വീടിന്‍റെ സ്ഥാനം ശരിയല്ല. കന്നിമൂലയിലാ അടുക്കള.” അത് അവിടെ നിന്നും മാറ്റണം. എന്നാലേ മേല്‍ ഗതി ഉണ്ടാവൂ. “

ഒരുഗതിയും പരഗതിയും ഇല്ലാതെ നില്‍കുന്ന എനിക്ക് മേല്‍ ഗതി ഉണ്ടാവണമെങ്കില്‍ അടുക്കള മാറ്റണം എന്ന് കേട്ടപ്പോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഖജനാവിലുള്ള 8 സെന്‍റിന്‍റെ ആധാരത്തെ ഓര്‍ത്ത് പോയി.. ആ ആധാരം എന്റെന പെട്ടിയില്‍ എത്തിക്കാന്‍ എന്താ മാര്‍ഗം എന്ന ആധിയില് നില്ക്കുംപോളാണ് ഇനിയൊരു വീടുപണികൂടി.

ഈ വിവരം പെണ്ണുംപിള്ള യോട് പറഞ്ഞപ്പോ അവളോടു ഇത് വേറെ ചില “ ഗഡികള്‍ “ പറഞ്ഞിട്ടുണ്ടെന്നും, രോഗങ്ങള്‍ വിട്ടുമാറുകില്ല എന്നും കൂടി ആ ഗഡികള്‍ പറഞ്ഞിട്ടുണ്ട് എന്നും, ആ ഇടക്ക് എനിക്ക് ഉണ്ടായ “മൂലകുരുവിന്‍റെ അസ്കിത ‘ അതായിരിക്കും എന്നും അവള്‍ ഉറച്ച് വിശ്വസിച്ചു..

രാവിലെ എണീച്ചു ഒരു പൊടികട്ടന്‍ അടിച്ചാല്‍ തുടങ്ങുന്ന അടിവയ്റ്റിലെ പഞ്ചാരിമേളം കൊട്ടികയറി അവസാനിക്കുംപോഴേക്കും വെളുത്ത “ കമ്മോഡില്‍ “ മഞ്ചാടിക്കുരു പോലെ ചുകന്ന പാടുകള്‍ ഉണ്ടാകും എന്ന് മാത്രമല്ല അവിടെ നിന്ന് ഇറങ്ങി വരുന്ന എന്നെ കണ്ടാല്‍ അഞ്ചെട്ട് ഏക്ര പറമ്പ് ഒരുമണിക്കൂറുകൊണ്ട് കിളച്ചു മറിച്ച് വരുന്നവനെ പോലെയുണ്ടാവും.

കന്നിമൂല മാറിയാല്‍ മൂലകുരു മാറുമെങ്കില്‍ -ന്നാ പിന്നെ അടുക്കള മാറ്റി കളയാം എന്ന് ഞാനും തീരുമാനിച്ചു.

ഒരുമാസത്തെ ലീവ് അടിച്ചുപൊളിച്ചു അര്‍മാദിക്കണം എന്ന് കരുതിയ ഞാന്‍ - പിന്നെ പണികാരെ കാണാന്‍ പോകുന്നു. രാവിലെ സിമന്റും , കല്ലും കട്ടയും കൊണ്ടുവരാന്‍ പോകുന്നു. ആകെ ജഗ പോക.

ഏകദേശം 25 ദിവസംകൊണ്ട് അടുക്കള മാറ്റി പുതിയ അടുക്കള കെട്ടി.

26 ആം ദിവസം രാവിലെ പൊടികട്ടന്‍ അടിച്ചു “ മഞ്ചാടികുരു “ വിതറാനും , അഞ്ചെട്ട് ഏക്ര കിളക്കാനും തയ്യാറായി കക്കൂസ്സില്‍ പോയ ഞാന്‍ അതുഭുതപ്പെട്ടുപോയി ..

ഭൂമി മലയാളത്തിലുള്ള എല്ലാ വായുവും ഉള്ളിലെക്കെടുത്ത് പ്രെഷര്‍ കൊടുത്താല്‍ മാത്രം , പാകത്തിന് വെള്ളം ഇല്ലാത്ത മാവുകൊണ്ട് ഇടിയപ്പം പീച്ചുംപോള് പുറത്തേക്ക് വന്നിരുന്നതു ഇതാ വെണ്ണ കട്ടിയില്‍ നൂല് ഇട്ട് വലിക്കുംപൊലെ സ്മൂത്ത് ആയി പുറത്തേക്ക് വരുന്നു. അതും ഒരു ചുവന്ന പൊട്ടും തൊടാതെ .. അങ്ങിനെ അങ്ങിനെ...

അടികൂറിപ്പ് :-
സുഹൃത്തുക്കളെ! മൂലക്കുരു മാറിയത് അടുക്കള മാറിയതുകൊണ്ടോന്നും അല്ല. 25 ദിവസം പണിക്കാരുടെ കൂടെ ഞാനും ജോലി ചെയ്തിരുന്നു. സ്വാഭാവികമായും ധാരാളം വെള്ളവും കുടിച്ചിരുന്നു, ദഹന പ്രക്രിയ ശരിയായപ്പോള്‍ മലബന്ധവും മാറികിട്ടി. പരിശോധിച്ചപ്പോള്‍ മൂലകുരു എന്ന ഒരു രോഗം എനിക്കില്ല എന്നും മലബന്ധ സംബന്ധിയായി ഉള്ള ചില പ്രശനങ്ങള്‍ മാത്രമേ ഉള്ളൂ എന്നും, അറിഞ്ഞു

Saturday 5 February 2011

പര ദൂഷണം

അബ്ദുറഹിമാന്‍ ഹാജി ഒറിജിനാലായി ഹാജിയാര്‍ ആയിരുന്നു. ..

ദേ - കിടക്ക്ണ് - ഹാജി മാരില്‍ ഡ്യൂപ്ലികേറ്റും ഉണ്ടോ ?

ഹെയ് -ഞാന്‍ പറയട്ടെന്ന് .. മൂപ്പര് ഹജ്ജ് ചെയ്യണം എന്ന് മാത്രം നിയ്യത്തു ( ഉദ്ദേശം) വെച്ച് മക്കത്ത് പോയി എല്ലാ ചിട്ട വട്ടങ്ങളോടെയും ഹജ്ജ് നിര്‍വഹിച്ചു പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നാട്ടില്‍ തിരിച്ചെത്തി ആന്ത്രമാങ്കാക്ക എന്ന്‍ വിളിച്ചിരുന്ന നാട്ടുകാരെകൊണ്ട് " അബ്ദുറഹ്മാന്‍ ഹാജീ " എന്ന് വിളിപ്പിച്ച ആളായിരുന്നു.

അപ്പോ ഡ്യൂപ്ലികേറ്റോ ?

അത് ഹജ്ജിനെന്ന് പേരും പറഞ്ഞു , സൌദിയില്‍ കാല് കുത്തിയ ഉടനെ തന്നെ എന്തെങ്കിലും പണി ഒപ്പിച്ചു , കടവും വീട്ടി, പെണ്‍മക്കളെ എല്ലാം കെട്ടിച്ച് , ഇനി ഒരു ഹജ്ജ് ആവാം എന്ന്‍ കരുതി ഹജ്ജ് ഒക്കെ ചെയ്തു , നാട്ടിലെത്തുംപോള് ആരും ഹാജീ ന്നു വിളിച്ചിലെങ്കില്‍ , ഞാന്‍ ഒന്നല്ല രണ്ട് ഹജ്ജ് ചെയ്തിട്ടുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞു , ന്നട്ടും ആരും ഹാജീ ന്നു വിളിച്ചില്ലെങ്കില്‍ " പള്ളി കമ്മിറ്റി ക്കു 500 റുപ്യ സംഭാവന കൊടുത്ത് , രസീത് കുറ്റിയില് പേരിന്‍റെ കൂടെ "ഹാജീ " എന്ന് ചേര്‍പ്പിക്കുന്നവരുണ്ടല്ലോ അവര് ...

ഒ .കെ - അപ്പോ ങ്ങള്‍ എന്താ പ്പോ പറഞ്ഞു വരുന്നത് ?

ഞമ്മള്‍ പറഞ്ഞു വരുന്നത് അബ്ദുറഹ്മാന്‍ ഹാജി കിണറ്റില്‍ ചാടിയ കഥ ആണു ..

ന്ടെ - രബ്ബെ --- എപ്പോ ..

ഹാജിയാര് മാത്രമല്ല അയാളുടെ മകനും കിണറ്റില്‍ ചാടി ..

ഇതെന്താ - പുതിയ മത്സരമോ...

എന്ത്

അല്ല - കുടുംബത്തോടെ കിണറ്റില്‍ ചാടല്‍ ..

അതേ- പഞ്ചായത്ത് മേളയ്ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ മത്സരം.. ഒന്ന് പോടെയ് ..

അനക്ക് കഥ കേള്‍ക്കണോ ..

ങ്ങള് പറയീന്നു ..

അതായത് അബ്ദുറഹ്മാന്‍ ഹാജിന്‍റെ മകന്‍ ഇല്ലേ ആ ഇബ്രാഹിം

ഓ - നമ്മളെ നൊസ്സന്‍ ഇബ്രായീ ..

ങാ- ഓന്‍ തന്നെ. ഓന്‍റെ സ്വഭാവം അനക്ക് അറിയൂലെ -

പിന്നേ - മക്കള്‍ ആവുമ്പോള്‍ അങ്ങിനത്തെ മക്കള്‍ വേണം. ഒനേകൊണ്ട് ഓന്‍റെ ബാപ്പാക്ക് നല്ല പേരല്ലെ . ഓന്‍ എന്ത് ചെയ്താലും ആള്‍ക്കാര്‍ പറയ്വാ -

അബ്ദുറഹ്മാന്‍ ഹാജീ എത്ര നല്ല മനുഷ്യനാ ..

എന്താ ചെയ്യാ .. മുജ്ജന്‍മത്തിലെ ശത്രുക്കള്‍ ചിലപ്പോള്‍ ഈ ജന്‍മത്തില്‍ കുടുംബക്കാര്‍ ആവും എന്ന് പറേന്നത് ചിലപ്പോ ശരിയാവും.

അത് ശരിയാ ..

ങേ- അതെങ്ങനെ നിനക്കറിയാം.

അല്ല- പ്പോ നമ്മളെ കുഞ്ഞാലി കുട്ടീം , റഊഫും --

ഹ ഹ - അപ്പോ അനക്ക് ബുദ്ധി ഉണ്ട്...

അത് പോട്ടെ - ങ്ങള്‍ കഥ പറയീന്നു.

അതായത് ഹാജിന്‍റെ കവുങ്ങും തോട്ടത്തീ ന്നു എന്നും അടക്ക മോഷണം.

അതാരാണെന്നറിയാവോ ?

ഇങ്ങളെന്‍തിനാ അതും ചോയ്ച് ഇന്നെ ഇങ്ങനെ തുറിപ്പിച്ചു നോക്കുന്നത് ..ഞാന്‍ അല്ലന്ന് ..

അത് ഇബ്രായി തന്നെന്ന് ..


അതെങ്ങിനെ മനസ്സിലായിന്നു ...

അതായത് കുറെ കാലമായി പഴുത്ത അടക്ക കാവുങ്ങില്‍മേല്‍ നിന്നും കാണാതാവുന്നു.

രാവിലെ ഹാജിയാര്‍ തോട്ടത്തില്‍ കൂടി നടന്നു നോക്കുമ്പോള്‍ കാണുന്ന അടക്ക പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ ''നഹി ".

ഇതാരാ ഈ കള്ളന്‍ എന്നറിയാണ്‍ വേണ്ടി ഹാജിയാര്‍ കുറെ ശ്രമിച്ചു. കഴിഞ്ഞില്ല.

ഒരു ദിവസം മൂപ്പര് വൈകുന്നേരം തോട്ടത്തില്‍ ഒന്ന് പോയി.

എന്തിനാന്നു ചോദിച്ചാ പ്പോ അങ്ങിനെ മൂപ്പര്‍ക്ക് തോന്നി. തോട്ടത്തില്‍ ചെന്നപ്പോ ഇബ്രാഹിം ഉണ്ട് തോട്ടത്തില്‍ .

ഇതെന്തിനാ ഇപ്പൊ ഇവാന്‍ ഇവിടെ വന്നു എന്ന് ഒന്നാലോചിച്ചപ്പോ ഹാജിയാര്‍ക്ക് തലയില്‍ ബല്‍ബ് കത്തി.. ഹാജിയാര്‍ ഒരു തെങ്ങിന് മറഞ്ഞു നിന്നിട്ട് ഇബ്രാഹിനെ നോക്കി. ഒന്ന് രണ്ട് കാവുങ്ഗുമ്മല്‍ അവന്‍ ചിത്രം വരക്കുന്നു . അത് കഴിഞ്ഞു ഇബ്രാഹിം തോട്ടത്തില്‍ നിന്നും പോയി. ഹാജിയാര്‍ അവന്‍ ചിത്രം വരച്ച കാവുങ്ങിന്‍റെ അടുത്തു ചെന്നു നോക്കി - കാവുങ്ങില്‍ ചുണ്ണാമ്പ് കൊണ്ട് വിലങ്ങനെ രണ്ട് വര. ഹാജിയാര്‍ കാവുങ്ങിന്‍റെ മുകളിലേക്ക് നോക്കി. നല്ല പഴുത്ത അടക്കാ കുല..

അല്ലാ---എന്തിനാപ്പോ ചുണ്ണാമ്പ് കൊണ്ട് വരക്കുന്നത് ..?

അതോ- മാഗിരീബ് ബാങ്ക് കൊടുത്ത് ഇരുട്ടായാല്‍ ഏത് കാവുങ്ങിന്‍മേലാണ് പഴുത്ത അടക്ക എന്നറിയാനുള്ള ഒരു സൂത്രം.


അപ്പോ -കള്ളന്‍... ഹാജിയാര്‍ക്ക് ആകെ ദേഷ്യം പിടിച്ചു. ഇവനെ ഇന്ന് കയ്യോടെ പിടിക്കണം എന്ന് വിചാരിച്ചു ഹാജിയാര്‍ അവന്‍ വരച്ച വര മായ്ച് കളഞ്ഞു. വേറെ ചുണ്ണാമ്പ് മുറുക്കാന്‍ പൊതിയില്‍ നിന്നും എടുത്തു തല പോയ രണ്ട് കാവുങ്ങിന്‍മേല്‍ ഇബ്രായീ വരച്ചതുപോലെ വരച്ചു. എന്നിട്ട് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയപ്പോ ഇബ്രായീ ഉണ്ട് അടുക്കള തീണ്ടുമ്മെല്‍ ഇരിക്കുന്നു.

മഗിരിബിന് ബാങ്ക് കൊടുത്തപ്പോ സാധാരണത്തെപോലെ ഹാജിയാര്‍ പള്ളിയിലേക്ക് പോകുന്നത് പോലെ പോയി..

കുറച്ചു കഴിഞ്ഞപ്പോ ഇബ്രായി തന്‍റെ ദൌത്യം നിര്‍വഹിക്കാന്‍ പോയി. നേരെ ചെന്നു ചുണ്ണാമ്പ് വരയുള്ള കാവുങ്ങിന്‍മേല്‍ കയറി. കയറി കയറി ചെന്നു മുകളിലേക്ക് നോക്കിയ ഇബ്രായീ കണ്ടത് കുറച്ചു ആകാശവും അതില്‍ ഒരു നക്ഷത്രവും ...

ഇത് " കൈസെ ഹുവാ " എന്നാലോചിച്ചു നോക്കി കീഴ്പോട്ടു നോക്കിയ ഇബ്രായീ കണ്ടത് , നാട്ടുകാരുടെ കണ്ണിലൂണിയും , പള്ളി കമ്മറ്റി പ്രസിഡന്‍റൂം ആയ അബ്ദുറഹ്മാന്‍ ഹാജിയെ.
പിന്നെ അവന്‍ ഒരു വരവായിരുന്നു.

തുംബയില്‍ നിന്നും വിടുന്ന റോക്കറ്റിന് " റിവേര്‍ഴ്സ് ഗീര്‍ " ഇട്ടത് പോലെ ..

കാവുങ്ങിന് മുരട്ടിലെത്തിയപ്പോ ഹാജിയാര്‍ നീക്കുന്നതിന്‍റെ എതിര്‍ വശത്തേക്ക് ഒരു ചാട്ടം. പിന്നെ ഓരോട്ടം ..

നീക്കടാ അവിടെ ... എന്ന് ഹാജിയാര്‍ പറഞ്ഞതില്‍ നീക്കടാ .. എന്നത് വളരെ അടുത്തു നിന്നും .
അവിടെ . എന്നത് അവിടെയ് -എയ് എയ് എയ് എയ് എയ് ... എന്ന രീതിയിലും ആയിരുന്നു ഇബ്രായീ കേട്ടത് ..

കാരണം ?
കാരണം നാലടി നീളത്തില്‍ ഓടിയ ഇബ്രായീ അഞ്ചാമത്തെ അടി വെച്ചത് , തോട്ടം നന്നാക്കാന്‍ വേണ്ടി പണ്ട് ഹാജിയാര്‍ കുഴിച്ച 12 അടി താഴ്ച ഉള്ള കിണറ്റിലേക്ക് ആയിരുന്നു.

ബ്ലൂം എന്ന ഒരു ഒച്ചയും , ഇബ്രായേ .. എന്ന ഒരു വിളിയും കേട്ടു കൊണ്ടാണ് കദീജാത്ത - ഇബ്രാഹീന്‍റെ മാതാ ശ്രീ തോട്ടത്തിലേക്ക് ഓടിയത് .. അവിടെ ചെന്നപ്പോ , ഹാജിയാര്‍ ഉണ്ട് കിണറ്റുംകരയില്‍ അതിലേക്ക് നോക്കി നീക്കുന്നു.

ഓടി വന്ന കിതപ്പിനിടയില് കദീജാത്ത ചോദിച്ചു.. ആന്താ .. എരാ ..?

പിന്നെ ശ്വാസം ശരിക്കൂം എടുത്തിട്ടു ചോദിച്ചു .. എന്താ ..ആരാ ..?

ഇബ്രായീ .. കിണറ്റില്‍..

ന്ടെ ബദ്രീങ്ങളെ.. ന്ടെ പൊന്നോമോനെ ... കദീജാത്ത ഒരു കരച്ചില്‍.

അതുവരെ ശൈത്താനെ എന്ന് വിളിച്ചിരുന്ന കദീജാത്ത . പൊന്നുമോനെ എന്ന് വിളിക്കുന്നത് കേട്ടപ്പോ ഹാജിയാര്‍ക്കും " കരുണാകരന്‍ ഒറ്റക്ക് മുരളിനെ കണ്ടാല്‍ തോന്നുന്നതുപോലെ " ഉള്ള ഒരു സ്നേഹം തോന്നുകയും. കദീജാത്താനോട് , വീട്ടില്‍ പോയി കയര് കൊണ്ട് വരാന്‍ പറയുകയും ചെയ്തു.

കയര്‍ കൊണ്ട് വന്ന ഉടനെ അടുത്തുള്ള ഒരു തെങ്ങില്‍ ഒരറ്റം കെട്ടി മറ്റെ അറ്റം കിണറ്റിലേക്ക് ഇട്ട് ഹാജിയാര്‍ കിണറ്റിലേക്ക് ഇറങ്ങി .

ബ്ലൂം - ഹാജിയാരും സേഫ് ആയി കിണറ്റില്‍ ലാന്‍ഡ് ചെയ്തു 5 മിനുട്ട് കഴിഞ്ഞില്ല , ഇബ്രായീ ഉണ്ട് കിണറിന് പുറത്ത്.

കരച്ചിലും രണ്ട് വട്ടം ബ്ലൂം എന്ന ഒച്ചയും കേട്ട് ആളുകള്‍ പള്ളിയില്‍ നിന്നും എത്തിയപ്പോ ഉണ്ട് ഇബ്രായീ കൈവിരല്‍ മൂകില്‍ തൊണ്ടി നീക്കുന്നു. കദീജാത്ത അടുത്ത റൌണ്ട് കരച്ചിലിന് തയ്യാറെടുത്തും നില്‍കുന്ന്.

"ക്യാ ഹുവാ " എന്ന മുഖ ഭാവത്തോടെ എല്ലാരും ഇബ്രായിനെയും കദീജാത്താനെയും നോക്കിയപ്പോ മൂപ്പത്തി പറയാന്‍ തുടങ്ങി..

ന്ടെ മകന്‍ കിണറ്റില്‍ ചാടി. ...

ആളുകള്‍ കിണറ്റിലേക്ക് ടോര്‍ച്ചടിച്ചു നോക്കുമ്പോ ഹാജിയാര്‍ ഉണ്ട് അന്തം വിട്ടു കയറിന്‍റെ അറ്റം പിടിച്ചു നില്‍കുന്ന്.

എന്താ കദീജാത്ത ങ്ങള് പറയുന്നത്.?

കാര്യം മുകളില്‍ നിന്നും നോക്കുമ്പോ കിണറ്റില്‍ ഉള്ള ആളെ ചെറുതായി തോന്നും എങ്കിലും കേട്ട്യോനെ കണ്ടിട്ടു ങക്ക് മകനാന്നാ തോന്നുന്നത്.?

അല്ല- ഇബ്രായീ കിണറ്റില്‍ ചാടി.

ഇബ്രായി അല്ലേ ഈ നീക്കുന്നത് ?

അവസാനം കദീജാത്ത അതുവരെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.

ഹാജ്യെരെ ... ആരോ മുകളില്‍ നിന്നും വിളിച്ചപ്പോ ഹാജി കിണറ്റില്‍ നിന്നും പറഞ്ഞു.

എനിക്ക് കേരാന്‍ പറ്റുന്നില്ല . ഒരു കസേലാ കെട്ടി ഇറക്കിന്‍.

പിന്നെ കുറെ പരിശ്രമത്തിനൊടുവില്‍ ഹാജിയാര്‍ കിണറ്റിന്‍ പുറത്തേക്ക് ലാന്‍ഡ് ചെയ്തു.

അല്ല - എന്തേ ഇബ്രായീ ബാപ്പ കിണറ്റില്‍ എത്തിയ ഉടനെ കിണറ്റില്‍ നിന്നും കയറിയത്.?

അത് പിന്നെ - ഹാജ്യരുടെ ഒരു ഇത് വെച്ച് നോക്കുമ്പോ . കിണറ്റില്‍ ആണെങ്കിലും ഇബ്രായിക്ക് നാലു കൊടുത്തിട്ടെ അവനെ അവിടെ നിന്നും കയറ്റുകയുള്ളൂ..

കിണറ്റിന്‍റെ അടിയില്‍ വെച്ച് മകനെ തല്ലിയ ആദ്യ പിതാ മഹന്‍ എന്ന ബഹുമതി
ഹാജിയാര്‍ക്ക് കിട്ടേണ്ട എന്ന് വിചാരിച്ചിട്ട് അല്ല പിന്നെ കിണറ്റില്‍ ആയാലും കര ക്ക് ആയാലും ഹജ്യരുടെ അടിയുടെ ചൂട് എത്ര ഉണ്ട് എന്ന് ഇബ്രായിക്ക് നല്ല എക്സ്പീര്യന്‍സ് ഉള്ളത് കൊണ്ടായിരുന്നു.

കഥ കീട്ടില്ലെ- ന്ന പിന്നെ പറയ്യ് - ഓരോ ചായക്ക് ...